print edition ഫിഷറീസ് വകുപ്പിലും കൂട്ട സ്ഥലംമാറ്റം

ഫിഷറീസ് ഡയറക്ടർ ഓഫീസിനുമുന്നിൽ എൻജിഒ യൂണിയൻ നടത്തിയ പ്രതിഷേധം
കൊല്ലം: മാനദണ്ഡങ്ങൾ മറികടന്ന് ഫിഷറീസ് വകുപ്പിലും കൂട്ടസ്ഥലംമാറ്റം. വനിതാ ഉദ്യോഗസ്ഥരടക്കം 42പേരെയാണ് സ്ഥലം മാറ്റിയത്. ട്രോളിങ് നിരോധനത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കെ, നിരോധനം നടപ്പാക്കാൻ ചുമതലയുള്ള ഉദ്യോഗസ്ഥരെ അക്കടക്കമാണ് മാറ്റിയത്.
ശനി വൈകിട്ട് ഇറക്കിയ ഉത്തരവിൽ ജോയിന്റ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ തസ്‌തികയിലുള്ളവരെയാണ് മാറ്റിയത്.
യുഡിഎഫ് സർക്കാർ അധികാരം ഏറ്റെടുക്കുംമുമ്പുതന്നെ കോൺഗ്രസ് അനുകൂല ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ നേതാക്കൾ സ്ഥലംമാറ്റ ശുപാർശ നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇടത് അനുകൂല സംഘടനാ പ്രവർത്തകരെ തെരഞ്ഞുപിടിച്ചാണ് മാറ്റിയത്. പ്രൊമോഷനെ തുടർന്ന് മെയ് 30ന് സ്ഥലംമാറ്റം ലഭിച്ചവർ അടക്കം ലിസ്റ്റിലുണ്ട്. വിരമിക്കാൻ ഒന്നരവർഷം മാത്രം ശേഷിക്കുന്ന ജീവനക്കാരെയും വിദൂരപ്രദേശങ്ങളിലേക്ക് മാറ്റി.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ജീവനക്കാരുടെ വ്യക്തിപരമായ ബുദ്ധിമുട്ടുകളും കുടുംബ സാഹചര്യങ്ങളും പരിഗണിച്ചായിരുന്നു സ്ഥലംമാറ്റം നടത്തിയത്. എന്നാലിപ്പോൾ സ്ത്രീകൾ അടക്കമുള്ള ജീവനക്കാരെ മനുഷ്യത്വപരമായ പരിഗണനപോലും നൽകാതെയാണ് യുഡിഎഫ് അനുകൂല സർവീസ് സംഘടനകളുടെ നിർദേശപ്രകാരം വിദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയത്.
ഫിഷറീസ് ഡയറക്ടറെ ഉപരോധിച്ച് ജീവനക്കാർ
തിരുവനന്തപുരം: മാനദണ്ഡങ്ങൾക്ക് ഒരു പരിഗണനയും നൽകാതെ വനിതകളും അംഗപരിമിതരും രോഗികളുമായ ജീവനക്കാരെ ജില്ലയ്ക്ക് പുറത്തേക്ക് കൂട്ടത്തോടെ സ്ഥലംമാറ്റുന്നത് തുടരുന്നു. സെൻസസ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരെ സ്ഥലംമാറ്റരുതെന്ന ചട്ടംനിലനിൽക്കെയാണ് ഫിഷറീസ്, ഹാർബർ എൻജിനിയറിങ്, ആയുർവേദം, പുരാരേഖവകുപ്പുകളിൽ ശനിയാഴ്‌ച കൂട്ട സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്.
ഫിഷറീസ് വകുപ്പിൽ 36 ജീവനക്കാരെയാണ് വീണ്ടും മാറ്റിയത്. ടൈപ്പിസ്റ്റ് തസ്തികയിലുള്ള വനിതാ ജീവനക്കാരെയടക്കം ജില്ലയ്ക്ക് പുറത്തേക്ക് മാറ്റി. വകുപ്പുതല മാനദണ്ഡങ്ങളോ സീനിയോറിറ്റിയോ പരിഗണിച്ചില്ല. മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങളിൽ പ്രതിഷേധിച്ച് എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ ഫിഷറീസ് ഡയറക്ടറെ ഉപരോധിച്ചു.
ഫിഷറീസ് വകുപ്പിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സുനിൽകുമാർ ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം രഞ്ജിനി, തിരുവനന്തപുരം നോർത്ത് ജില്ലാ പ്രസിഡന്റ് എസ് ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
ഐഎസ്എം ഡയറക്ടറേറ്റിനുമുന്നിൽ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ഗോപകുമാർ ഉദ്ഘാടനംചെയ്തു. നേതാക്കളായ ജെ ജോസഫൈൻ, ഷിനു റോബർട്ട്, ജെ ഉല്ലാസ്‌കുമാർ എന്നിവർ സംസാരിച്ചു. പുരാരേഖവകുപ്പിൽ തിരുവനന്തപുരം നോർത്ത് ജില്ലാ സെക്രട്ടറി പി കെ വിനുകുമാർ ഉദ്ഘാടനംചെയ്‌തു. ഹാർബർ എൻജിനിയറിങ് വകുപ്പിൽ ജി ശ്രീകുമാർ ഉദ്ഘാടനംചെയ്‌തു.










0 comments