print edition ഡിഎ അനുവദിച്ചത് പ്രകോപനം ; ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കാൻ കുത്തിത്തിരുപ്പുമായി മാധ്യമങ്ങൾ

തിരുവനന്തപുരം
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും സംസ്ഥാന സർക്കാർ നൽകിയ വാക്ക് പാലിച്ചതിലുള്ള അമർഷം മറച്ചുവയ്‌ക്കാനാകാതെ യുഡിഎഫ് അനുകൂല മാധ്യമങ്ങൾ. ഏറ്റവുമൊടുവിൽ പത്തു ശതമാനം ക്ഷാമബത്തയും അനുവദിച്ചതാണ് പ്രകോപനത്തിനു കാരണം. സർക്കാർ തീരുമാനത്തെ ജീവനക്കാർ ഒന്നടങ്കം സ്വാഗതം ചെയ്‌തതോടെയാണ് കുത്തിത്തിരിപ്പ് തുടങ്ങിയത്. പതിവുപോലെ ഏറ്റുപിടിച്ച് യുഡിഎഫ് നേതാക്കളുമെത്തി.
പത്തു ശതമാനം ഡിഎയും അനുവദിച്ച വിവരം അറിയിച്ച് മുഖ്യമന്ത്രിയുടെ പേരിൽ വാട്ട്‌സാപ്പ് സന്ദേശം അയച്ചതിനെയാണ് വളച്ചൊടിക്കാൻ ശ്രമിച്ചത്. ജീവനക്കാരുടെ സ്വകാര്യവിവരങ്ങൾ ചോർത്തി എന്ന ഒരേ കേന്ദ്രത്തിൽ തയ്യാറാക്കിയ വാർത്തയാണ് മനോരമയും മാതൃഭൂമിയും അടക്കം പ്രാധാന്യത്തോടെ നൽകിയത്. സർക്കാരിന്റെ കൈവശമുള്ള ഫോൺ നമ്പർ മൂന്നാമതൊരു കക്ഷിക്ക് കൈമാറുകയോ, വാണിജ്യ ആവശ്യത്തിനോ രാഷ്ട്രീയ പ്രചാരണത്തിനോ ഉപയോഗിക്കുകയോ ചെയ്‌തിട്ടില്ല എന്നിരിക്കെയാണ് വ്യാജപ്രചാരണം. രാഷ്ട്രീയലക്ഷ്യത്തോടെ പ്രധാനമന്ത്രിയുടെ പേരിൽ ജനങ്ങളുടെ ഫോണിലേക്ക് സന്ദേശങ്ങളയക്കുന്നതിൽ കുറ്റം കാണാത്ത മാധ്യമങ്ങളാണ് ഇപ്പോൾ രംഗത്തുവന്നത്.
ഔദ്യോഗിക സ്ഥാപനമായ മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ ആനുകൂല്യങ്ങൾ അനുവദിച്ച വിവരം കൈമാറുകയാണ് ചെയ്‌തത്. കേന്ദ്ര സർക്കാർ അടിച്ചേൽപ്പിച്ച സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജീവനക്കാരെ ചേർത്തുപിടിക്കുകയാണ് സർക്കാർ ചെയ്‌തത്. ഒന്നര വർഷത്തിനുള്ളിൽ അഞ്ചു ഗഡു ക്ഷാമബത്ത അനുവദിക്കാനും ശമ്പളപരിഷ്കരണ കുടിശിക നടപ്പ് സാമ്പത്തിക വർഷംതന്നെ പൂർണമായി അനുവദിക്കാനും സർക്കാർ തയ്യാറായി. ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം മൂന്നു ശതമാനം ക്ഷാമബത്ത അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ 10 ശതമാനം അനുവദിച്ചത്. ഇതോടെ ആകെ ക്ഷാമബത്ത 35 ശതമാനമായി.










0 comments