യുഡിഎഫ് നുണപ്രചാരണം നിലമ്പൂരിലെ പൊള്ളൽ മറയ്ക്കാൻ


സി കെ ദിനേശ്
Published on Jun 19, 2025, 02:36 AM | 1 min read
തിരുവനന്തപുരം
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നോട്ടുവച്ച വർഗീയ വിരുദ്ധ രാഷ്‌ട്രീയത്തെയും നവകേരള പ്രചാരണത്തെയും മറികടക്കാനാകാത്ത യുഡിഎഫ് ഒടുവിൽ ആശ്രയിച്ചത് ജമാ അത്തെ ഇസ്ലാമിയുടെ വർഗീയവിഷ പ്രചാരണത്തെ. സിപിഐ എമ്മിന് ആർഎസ്‌എസ് ബന്ധമെന്ന് പ്രചരിപ്പിക്കുന്നവർ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നത് യുഡിഎഫ്–- ആർഎസ്‌എസ് ബാന്ധവങ്ങളുടെ ചരിത്രമാണ്.
1960ൽ ഇ എം എസിനെയും 1971ൽ എ കെ ജിയെയും തോൽപ്പിക്കാൻ ബിജെപിയുടെ പൂർവരൂപമായ ജനസംഘവുമായി ചേർന്ന് കോൺഗ്രസ് ആരംഭിച്ച ബാന്ധവം പിന്നീട് ഒളിഞ്ഞും തെളിഞ്ഞും നിർബാധം തുടർന്നു. അത് ഒടുവിൽ തൃശൂരിൽനിന്ന് ബിജെപിക്ക് പാർലമെന്റംഗത്തെവരെ സൃഷ്ടിച്ചുകൊടുത്തു.
ബിജെപി നേതാക്കളുടെ തുറന്നുപറച്ചിലും മുൻകോൺഗ്രസ് നേതാക്കളുടെ വെളിപ്പെടുത്തലും വർഗീയ കൂട്ടുകെട്ടിന്റെ ചരിത്രം വ്യക്തമാക്കുന്നതാണ്. 1991ൽ വടകര, ബേപ്പൂർ മണ്ഡലങ്ങളിൽ പരസ്യമായ ബന്ധമാണെങ്കിൽ ഒട്ടേറെ രഹസ്യ കൂട്ടുകെട്ടുകൾ വേറെയും നടന്നു. 2016ൽ നേമത്ത് യുഡിഎഫ് ദുർബല സ്ഥാനാർഥിയെവച്ച് ഒ രാജഗോപാലിന് പാതയൊരുക്കി.
2015ൽ അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ‘ബിജെപിയാണ് മുഖ്യഎതിരാളി ’ എന്ന് പ്രഖ്യാപിച്ച് വിലാസമുണ്ടാക്കിക്കൊടുത്തത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്. പിന്നീട് മലമ്പുഴയിൽ ദുർബല ഘടകകക്ഷിയെ നിർത്തി ബിജെപി സഹായിക്കാൻ നോക്കി, വാർത്തയായപ്പോൾ പിൻവലിഞ്ഞു. വട്ടിയൂർക്കാവിൽ പേരിന് ഒരാളെ കൊണ്ടുനിർത്തിയുള്ള ‘സഹായം’ വോട്ടർമാർ തള്ളി. 2016ൽ ബിജെപി വോട്ട് വർധിപ്പിച്ച കുണ്ടറ 2021ൽ ബിഡിജെഎസിന് കൊടുത്തത് ഈ കൊടുക്കൽ വാങ്ങലിന്റെ മറുപുറമാണ്.
ബിജെപി –- യുഡിഎഫ് ബന്ധത്തിന്റെ തുറന്ന പുസ്തകങ്ങൾ തെളിവുകളായി മുന്നിലുള്ളപ്പോഴാണ്, ഇല്ലാത്ത സിപിഐ എം–- ആർഎസ്‌എസ് ബന്ധം ആരോപിച്ച് വോട്ടർമാരെ പിടിക്കാൻ യുഡിഎഫ് വൃഥാശ്രമം നടത്തുന്നത്.









0 comments