print edition ഉദ്യോഗസ്ഥരുടെ തലയിലിട്ട് തടിയൂരാൻ മന്ത്രിമാർ

തിരുവനന്തപുരം : കോർപറേഷനിലെ ക്രിമിനൽ കൗൺസിലർ ആർ സുഗതന് അവധി അനുവദിച്ചുള്ള ഇടപെടൽ സംബന്ധിച്ച് യുഡിഎഫിൽ ഭിന്നത. ജയിലിൽ കഴിയുന്ന സുഗതന് അവധിക്ക് അവസരമൊരുങ്ങിയത് മുസ്ലിംലീഗും കോൺഗ്രസും ഭരിക്കുന്ന വകുപ്പുകളുടെ ഇടപെടലിലൂടെയാണെന്ന് തെളിഞ്ഞിരുന്നു. സുഗതന്റെ അപേക്ഷ തദ്ദേശവകുപ്പ് നിരസിച്ച് തിരിച്ചയച്ചതാണെന്നും ഇതിൽ ആഭ്യന്തരവകുപ്പ് അനുകൂലമായ ഉത്തരവ് ഇറക്കിയത് അറിയില്ലെന്നുമുള്ള നിലപാടിലാണ് മന്ത്രി കെ എം ഷാജി. ഉദ്യോഗസ്ഥരാണ് എല്ലാത്തിനും പിന്നിലെന്നാണ് ഷാജിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറയുന്നത്.
തന്റെ വകുപ്പ് നിരസിച്ച അപേക്ഷ ആഭ്യന്തരവകുപ്പ് അംഗീകരിച്ചത് ചില ഉദ്യോഗസ്ഥരുടെ ഇടപെടലിലൂടെയാണെന്ന് കെ എം ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചു. ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. തിങ്കളാഴ്‌ച ഇതുസംബന്ധിച്ച് അടിയന്തിരയോഗം ചേർന്ന് തീരുമാനമെടുക്കും. തെറ്റായ നടപടിക്രമങ്ങൾ അംഗീകരിക്കില്ല. വകുപ്പ് മന്ത്രിയെന്ന നിലയിൽ ലജ്ജിക്കുന്നുവെന്നും ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചു.
സുഗതന് അവധി നൽകി കോർപറേഷൻ ഭരണം നിലനിർത്താൻ ബിജെപിയെ സഹായിച്ചത് പഴയ കോ–ലീ–ബി സഖ്യം ആണെന്ന വിമർശം രൂക്ഷമായതോടെയാണ് എല്ലാം ഉദ്യോഗസ്ഥരുടെ തലയിലിട്ട് തടിയൂരാൻ ശ്രമമാരംഭിച്ചത്. തദ്ദേശഭരണ വകുപ്പിൽ ആഭ്യന്തരവകുപ്പ് കടന്നുകയറി തീരുമാനമെടുത്തിൽ ലീഗിന് അമർഷമുണ്ട് എന്നതിന്റെ തെളിവാണ് മന്ത്രി ഷാജിയുടെ പ്രതികരണം.










0 comments