ad
Deshabhimani

പ്രാതിനിധ്യം വേണമെന്ന്‌ ഘടകകക്ഷികൾ

print edition സാംസ്‌കാരിക സ്ഥാപനങ്ങളുടെ തലപ്പത്തേക്ക്‌ ചരടുവലി

Congress Muslim League Flags
avatar
ബിമൽ പേരയം

Published on Jun 04, 2026, 12:55 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്തെ സാംസ്‌കാരിക സ്ഥാപനങ്ങളുടെ അധ്യക്ഷ പദവി വീതിച്ചെടുക്കുന്നതിലും യുഡിഎഫിൽ അഭിപ്രായഭിന്നത രൂക്ഷം. സാംസ്‌കാരികവകുപ്പ്‌ കൈകാര്യം ചെയ്യുന്ന കോൺഗ്രസിനു പുറമെ ലീഗ്‌ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ പ്രാതിനിധ്യം വേണമെന്ന ആവശ്യമുയർത്തി. അക്കാദമികളുടെയും ബോർഡുകളുടെയും തലപ്പത്തേക്ക്‌ ആരെ നിയമിക്കണമെന്നതിൽ സമവായത്തിലെത്താൻ കഴിഞ്ഞില്ല. ചരടുവലികളും തർക്കവും മുറുകിയതിനാൽ നിയമനം വൈകും.


പ്രധാന സാംസ്‌കാരിക സ്ഥാപനങ്ങളുടെ ചെയർമാൻ സ്ഥാനത്തേക്ക്‌ സാംസ്‌കാരിക മേഖലയിൽനിന്നുള്ള പ്രമുഖരെ പരിഗണിക്കണമെന്നാണ്‌ കോൺഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്‌. യുഡിഎഫുമായി ബന്ധപ്പെട്ട സാംസ്‌കാരിക പ്രവർത്തകരെ മാത്രം പരിഗണിച്ചാൽ മതിയെന്നും അഭിപ്രായമുണ്ട്‌. സംസ്‌കാരസാഹിതി, പ്രിയദർശിനി പബ്ലിക്കേഷൻസ്‌ എന്നിവ കേന്ദ്രീകരിച്ച്‌ കോൺഗ്രസ്‌ അനുകൂല സാഹിത്യകാരന്മാർ അന‍ൗദ്യോഗിക ചർച്ചകൾ നടത്തി.


സാഹിത്യ അക്കാദമി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ കെ സച്ചിദാനന്ദനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന്‌ റസൂൽ പൂക്കുട്ടിയും രാജിവച്ചിരുന്നു. വൈലോപ്പിള്ളി സാംസ്‌കാരിക കേന്ദ്രം വൈസ്‌ ചെയർമാൻ ജി എസ്‌ പ്രദീപും സ്ഥാനമൊഴിഞ്ഞു. സാഹിത്യ അക്കാദമിയുടെ തലപ്പത്തേക്ക്‌ കൽപ്പറ്റ നാരായണനാണ്‌ പ്രഥമ പരിഗണന. സംഗീത നാടക അക്കാദമിയിലേക്ക്‌ ആലപ്പി അഷ്‌റഫിനെ പരിഗണിക്കുന്നു. ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ഡോ. നടുവട്ടം ഗോപാലകൃഷ്‌ണൻ, എം ആർ തന്പാൻ എന്നിവരുടെ പേര്‌ നേതാക്കൾ മുന്നോട്ടുവച്ചു.

ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോർപറേഷൻ, സാംസ്‌കാരിക ക്ഷേമനിധി ബോർഡ്‌ എന്നിവിടങ്ങളിൽ നടന്മാരായ ജോയ്‌ മാത്യു, ജഗദീഷ്‌, നിർമാതാവ്‌ രഞ്ജിത്‌, ഇടവേള ബാബുു എന്നിവരുടെ പേരുകൾ ഉയർന്നു.


പ്രേംകുമാറിനെയും പരിഗണിക്കുന്നു. സിനിമാ തിരക്കിന്റെ പേരിൽ ജഗദീഷ്‌ താൽപ്പര്യമില്ലെന്നാണ്‌ അറിയിച്ചത്‌. ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ടിൽ പ്രിയദർശിനി പബ്ലിക്കേഷൻ സെക്രട്ടറി ബിന്നി സാഹിതിയെ നിയമിക്കണമെന്നാണ്‌ ഭൂരിഭാഗ താൽപ്പര്യം. ഡോ. മണക്കാല ഗോപാലകൃഷ്‌ണൻ, പ്രൊഫ. കെ ശശികുമാർ, എം എൻ കാരശേരി, സി വി ബാലകൃഷ്‌ണൻ, വിനോയ്‌ തോമസ്‌, ഗ്രേസി എന്നിവർക്കും സ്ഥാനം ലഭിച്ചേക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home