യുഡിഎഫ് സഹകരണ ബാങ്കിൽ കൊള്ള; മരിച്ചവരുടെ പേരിൽ ക്ഷേമ പെൻഷൻ തട്ടിപ്പ്


സ്വന്തം ലേഖകൻ
Published on Nov 11, 2026, 12:00 AM | 1 min read
വെങ്ങപ്പള്ളി : യുഡിഎഫ് ഭരിക്കുന്ന വെങ്ങപ്പള്ളി സഹകരണബാങ്ക് ഭരണസമിതി അംഗങ്ങൾ മരിച്ചവരുടെ പേരിൽ സാമൂഹ്യസുരക്ഷ പെൻഷൻ തുക തട്ടിയെടുത്തതായി പരാതി. ഭരണസമിതി അംഗങ്ങളായ യുഡിഎഫ-് നേതാക്കളുടെ നേതൃത്വത്തിലാണ് മനസാക്ഷിയെ നടുക്കുന്ന തട്ടിപ്പുനടത്തിയത്. 2023മുതൽ മൂന്നുവർഷത്തിനിടെ മരിച്ച 15 പേരുടെ പേരിലാണ് തുക തട്ടിയെടുത്തത്. ഒരു മാസം മുതൽ മൂന്ന് മാസം വരെയുള്ള പെൻഷൻ തുക തട്ടിയെടുത്തുവെന്നാണ് പരാതി. പണം ഗുണഭോക്താക്കൾ കൈപ്പറ്റിയെന്ന വ്യാജരേഖയുണ്ടാക്കിയായിരുന്നു തട്ടിപ്പ്. ബാങ്ക് ജീവനക്കാർ നേരിട്ട് വീട്ടിലെത്തിക്കുന്ന പെൻഷനാണിത്.
എന്നാൽ, ജീവനക്കാർക്കുപകരം യുഡിഎഫ് നേതാക്കളും ഭരണസമിതി അംഗങ്ങളുമാണ് പെൻഷൻ വീടുകളിൽ എത്തിക്കുന്നത്. സാമൂഹ്യസുരക്ഷാ പെൻഷൻ വിവരങ്ങളടങ്ങിയ ‘സേവന പെൻഷൻ’ പോർട്ടലിൽ 15 പേരും മരിച്ചതായി വ്യക്തമാക്കുന്നു. കൈപ്പറ്റിയ പെൻഷൻ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളെ പഞ്ചായത്ത് അധികൃതർ സമീപിച്ചപ്പോഴാണ് തട്ടിപ്പുവിവരം പുറത്തുവന്നത്. തട്ടിപ്പ് നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നും തുക തിരിച്ചടപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് പരാതി നൽകി. ബാങ്കിനെതിരെ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.









0 comments