മുംബൈയിൽ മധുരപലഹാരം കഴിച്ചതിന് പിന്നാലെ യുവാവ് മരിച്ചു; 5 പേർ ചികിത്സയിൽ

മുംബൈ: മധുരപലഹാരം കഴിച്ചതിനു പിന്നാലെ മുംബൈയിൽ യുവാവ് മരിച്ചു. അഞ്ചുപേർ ചികിത്സ തേടി. ഭക്ഷ്യവിഷബാധയെന്നാണ് പ്രാഥമിക നിഗമനം. സാഗർ സ്വീറ്റ്സ് ആൻഡ് ബേക്കറി എന്ന സ്ഥാപനത്തിൽ നിന്നും 'അഫ്ലാടൂൺ' എന്ന മധുരപലഹാരം കഴിച്ചതിനു പിന്നാലെ സുബൈർ അൻസാരിക്ക് (35) ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനം തകരാറിലാവുകയും മരണം സംഭവിക്കുകയുമായിരുന്നു. സമാനമായ ശാരീരിക അസ്വസ്ഥതകളാണ് മറ്റുള്ളവർക്കും അനുഭവപ്പെട്ടത്.
കടുത്ത ഛർദിയും വയറിളക്കവും അനുഭവപ്പെട്ട ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ഇവരിൽ ഒരാൾക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചതായാണ് വിവരം. സംഭവത്തിൽ പരാതി ഉയർന്നതിനു പിന്നാലെ മധുരപലഹാരം വാങ്ങിയ കട അധികൃതർ അടച്ചുപൂട്ടി സീൽ ചെയ്തു. പലഹാരങ്ങളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. സുബൈറിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. സാഗർ സ്വീറ്റ്സ് ആൻഡ് ബേക്കറിയിൽനിന്ന് 4.58 ലക്ഷം രൂപയിലധികം വിലവരുന്ന ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു.
അതേസമയം, മഹാരാഷ്ട്രയിൽ മായം കലർന്നതും നിലവാരമില്ലാത്തതുമായ 1.97 കോടിയുടെ ഭക്ഷ്യവസ്തുക്കൾ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തു. സംസ്ഥാനത്തുടനീളം അഞ്ച് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിക്കുകയും മുംബൈയിലും നാഗ്പുരിലുമായി നാല് സ്ഥാപനങ്ങളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.








0 comments