കലിക്കറ്റിൽ വീണ്ടും സംഘപരിവാർ നിയമനം; നോമിനേറ്റ് ചെയ്തത് കോൺഗ്രസ് അധ്യാപക സംഘടന

കോഴിക്കോട്: കലിക്കറ്റിൽ വീണ്ടും സംഘപരിവാർ നിയമനം. സർവകലാശാലയിലെ മലയാളം ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനായി സംഘപരിവാർ സഹയാത്രികനായ ശ്രീശൈലം ഉണ്ണികൃഷ്ണനെ നിയമിച്ചു. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ മലയാളവിഭാഗം മേധാവിയായ ശ്രീശൈലം ഉണ്ണികൃഷ്ണനെയാണ് ബിരുദതല മലയാളം പഠനബോർഡിന്റെ ചെയർമാനാക്കിയത്. സംഘപരിവാർ സാംസ്കാരിക സംഘടനയായ തപസ്യ കലാസാഹിത്യവേദിയുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയാണ് ഉണ്ണികൃഷ്ണനെ നോമിനേറ്റ് ചെയ്തത്.
തപസ്യയുടെ സംസ്ഥാന വർക്കിങ് പ്രസിഡന്റായിരിക്കെ 2023ൽ കെപിസിടിഎയുടെ സംസ്ഥാന സമ്മേളനത്തിൽ ശ്രീശൈലം ഉണ്ണികൃഷ്ണൻ പങ്കെടുത്തിരുന്നു. അന്ന് ഗോവ സർവകലാശാലയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ ബിജെപി നോമിനിയായിരുന്നു ഇദ്ദേഹം. ഗോവ ഗവർണറായിരുന്ന പി എസ് ശ്രീധരൻപിള്ളയാണ് ഇദ്ദേഹത്തെ നാമനിർദേശം ചെയ്തത്. സംഘപരിവാർ ബന്ധമുള്ള അധ്യാപകൻ കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയുടെ സമ്മേളനത്തിൽ പങ്കെടുത്തത് അന്നും വാർത്തയായിരുന്നു.
കലിക്കറ്റ് സർവകലാശാലയിൽ സംഘപരിവാർ ബന്ധമുള്ളവരെ പഠനബോർഡുകളിൽ നിയമിക്കുന്നത് തുടരുകയാണ്. നേരത്തെ നടന്ന പഠനബോർഡ് പുനഃസംഘടനയിൽ സംഘപരിവാർ അനുകൂല അധ്യാപക സംഘടനയായ ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘത്തിലെ 32 പേർക്ക് അംഗത്വം നൽകിയിരുന്നു. ഇവരിൽ രണ്ടുപേർ ചെയർമാൻ സ്ഥാനത്തും എത്തിയിരുന്നു. സംഘപരിവാർ സംഘടനതന്നെ അംഗങ്ങളെ അഭിനന്ദിച്ച് പോസ്റ്റർ പുറത്തിറക്കിയതോടെയാണ് നിയമനങ്ങളുടെ വിവരങ്ങൾ പുറത്തുവന്നത്.








0 comments