സ്‌പോൺസേഡ് വിദേശയാത്ര തുടരുന്നു; ഓസ്‌ട്രേലിയയിൽ കറങ്ങി മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: യുഡിഎഫ് ഭരണം ആറ് മാസം പിന്നിടുമ്പോൾ മന്ത്രിമാരെല്ലാം സ്പോൺസേഡ് വിദേശയാത്രയിൽ. മന്ത്രി ബിന്ദു കൃഷ്ണ ഓസ്ട്രേലിയൻ സന്ദർശന തിരക്കിലാണ്. വിദേശ യാത്രയുടെ വിവരങ്ങളും ചിത്രങ്ങളും മന്ത്രി തന്നെയാണ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് ബിന്ദു കൃഷ്ണ ഓസ്ട്രേലിയയിലെത്തിയത്.
അതേസമയം യാത്രകളിലെ ദുരൂഹതയും സ്‌പോൺസർഷിപ്പും സുതാര്യക്കുറവും നാടാകെ ചർച്ചയായിട്ടും മന്ത്രിമാർ മത്സരബുദ്ധിയോടെ വീണ്ടും വിദേശയാത്ര പോവുകയാണ്. കഴിഞ്ഞ ദിവസം ടൂറിസം- സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും വിദേശ യാത്ര നടത്തിയിരുന്നു. ഷാർജ പുസ്തകോത്സവത്തിനും മറ്റ് സ്വീകരണ പരിപാടികൾക്കുമായാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ യുഎഇയിലെത്തിയത്. യുകെയിൽ എത്തിയ വിഷ്ണുനാഥ്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ മുഖാമുഖം പരിപാടിയിലും യുക്മ കലാസാംസ്കാരിക സംഘടനയുടെ പരിപാടിയിലുമാണ് പങ്കെടുത്തത്.
സ്പോൺസറുടെ സഹായത്തിലായാലും ഇനിയും പോകുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ ധിക്കാര നിലപാടിന് പിന്നാലെയാണ് മന്ത്രിമാർ കൂട്ടത്തോടെ വിദേശയത്തേക്ക് പറക്കുന്നത്. ഒ ജെ ജനീഷ് (ഒമാൻ, ഖത്തർ), മോൻസ് ജോസഫ് (യുഎസ്‌എ), ടി സീദ്ദീഖ് (സൗദി അറേബ്യ), ബിന്ദു കൃഷ്‌ണ (ബഹ്റൈൻ), രമേശ് ചെന്നിത്തല (യുഎഇ, യുഎസ്‌എ), കെ എം ഷാജി( ഓസ്‌ട്രിയ, ബൾഗേറിയ, സ്വിറ്റ്‌സർലന്റ്, യുഎഇ), പി സി വിഷ്‌ണുനാഥ് (ബഹ്‌റൈൻ, യുഎഇ), വി ഇ അബ്ദുൾ ഗഫൂർ (യുഎഇ), ഷിബു ബേബി ജോൺ (യുഎഇ), സണ്ണി ജോസഫ് (യുഎഇ), റോജി എം ജോൺ (ഇറ്റലി, സ്പെയിൻ), ചീഫ് വിപ്പ് അപു ജോസഫ് (ഇറ്റലി) തുടങ്ങിയവരാണ് ഇതുവരെ വിദേശയാത്ര നടത്തിയത്. ഇതിൽ ബിന്ദു കൃഷ്ണയും പി സി വിഷ്ണുനാഥുമെല്ലാം രണ്ടാം തവണയാണ് വിദേശ നടത്തുന്നത്.








0 comments