'അച്ഛാ, ഞങ്ങൾ മരിച്ചുപോകും'; അഞ്ചും ഏഴും വയസ്സുള്ള മക്കളെ കനാലിലേക്ക് വലിച്ചെറിഞ്ഞ് പിതാവ്

മുംബൈ: അഞ്ചും ഏഴും വയസ്സുള്ള ആൺമക്കളെ കനാലിലേക്ക് വലിച്ചെറിഞ്ഞ് പിതാവ്. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലെ പൈഠാനിലാണ് സംഭവം. കുട്ടികളെ കനാലിലേക്ക് എറിഞ്ഞ 40 വയസ്സുകാരനായ സോമനാഥ് ദാമോദർ റോഡ്ഗെയെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ചോക്ലേറ്റും വടാപാവും വാങ്ങിത്തരാമെന്ന് പറഞ്ഞാണ് സോമനാഥ് മക്കളായ ഏഴുവയസ്സുകാരൻ ആര്യനെയും അഞ്ചുവയസ്സുകാരൻ ശ്യാമിനെയും സ്കൂട്ടറിൽ കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് കനാലിന് സമീപമെത്തിച്ച കുട്ടികളെ വെള്ളത്തിലേക്ക് വലിച്ചെറിയാൻ ശ്രമിക്കുകയായിരുന്നു. അപകടം തിരിച്ചറിഞ്ഞ കുട്ടികൾ കരഞ്ഞുകൊണ്ട് അച്ഛനോട് യാചിച്ചെങ്കിലും സോമനാഥ് പിന്മാറിയില്ല. 'അച്ഛാ, ഞങ്ങൾ മരിച്ചുപോകും, ദയവായി അങ്ങനെ ചെയ്യരുത്' എന്ന് മക്കൾ കരഞ്ഞപേക്ഷിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. എന്നാൽ രണ്ട് കുട്ടികളെയും ഇയാൾ കനാലിലേക്ക് എറിഞ്ഞു.
സംഭവസമയത്ത് കനാലിന് സമീപമുണ്ടായിരുന്ന കർഷകർ കുട്ടികളെ രക്ഷിക്കാൻ ഇടപെടാൻ ശ്രമിച്ചു. എന്നാൽ ഇവർക്കുനേരെ കല്ലെറിയുകയും അസഭ്യം പറയുകയും ചെയ്താണ് സോമനാഥ് പ്രതികരിച്ചത്. തുടർന്ന് കർഷകർ പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സോമനാഥിനെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
ചോദ്യംചെയ്യലിൽ സോമനാഥ് കുറ്റം സമ്മതിച്ചതായി പച്ചോഡ് പൊലീസ് അറിയിച്ചു. കുട്ടികളെ കനാലിലേക്ക് എറിഞ്ഞതിന്റെ കാരണം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
തിങ്കളാഴ്ച രാത്രി മുതൽ കാണാതായ കുട്ടികൾക്കായി കനാലിൽ തിരച്ചിൽ തുടരുകയാണ്. പൊലീസും മുങ്ങൽവിദഗ്ധരും ഉൾപ്പെട്ട സംയുക്ത സംഘമാണ് തിരച്ചിൽ നടത്തുന്നത്. എന്നാൽ ഇതുവരെ കുട്ടികളെ കണ്ടെത്താനായിട്ടില്ല.








0 comments