വീണ്ടും പരിഹാസം
print edition വിലകെട്ട് യുഡിഎഫ് കൺവീനർ


റഷീദ് ആനപ്പുറം
Published on Nov 12, 2026, 01:31 AM | 1 min read
തിരുവനന്തപുരം : യുഡിഎഫിനെയും കൺവീനർ അടൂർ പ്രകാശിനെയും പരിഹസിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. യുഡിഎഫ് യോഗം ചേരാത്തതിനെക്കുറിച്ച് ചെയർമാനോട് ചോദിക്കൂവെന്ന അടൂർ പ്രകാശിന്റെ പ്രതികരണത്തെയാണ് സതീശൻ പുച്‌ഛിച്ചത്. ‘നോ കമന്റ് എന്നും യുഡിഎഫ് യോഗംചേരുന്പോൾ നിങ്ങളെ അറിയിക്കാം’ എന്നുമായിരുന്നു മാധ്യമ പ്രവർത്തകരോട് സതീശന്റെ പ്രതികരണം.
യുഡിഎഫിനെ നോക്കുകുത്തിയാക്കി സർക്കാരിനെ ഹൈജാക്ക് ചെയ്യുന്നതിൽ സതീശനെതിരെ അടൂർ പ്രകാശ് പരസ്യ പോർമുഖം തുറന്നതാണ് പ്രകോപനമായത്. യുഡിഎഫിനും കൺവീനർക്കും സർക്കാരിൽ ഒരു വിലയുമില്ലെന്ന് ഇതോടെ വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എല്ലാ കാര്യങ്ങളും യുഡിഎഫിൽ ആലോചിച്ച് ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി മുന്പ് പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയാണ് യുഡിഎഫ് ചെയർമാനെന്നും മന്ത്രിസഭയിൽ നല്ല കൂട്ടുത്തരവാദിത്വമാണല്ലോ ഇപ്പോൾ കാണുന്നതെന്നും അടൂർ പ്രകാശ് കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കെ അടൂരിന്റെ ഇൗ പരിഹാസം സർക്കാരിനേറ്റ പ്രഹരമാണ്.
കൺവീനറായ താൻ മാധ്യമങ്ങളിലൂടെയാണ് കാബിനറ്റ് തീരുമാനങ്ങൾ അറിയുന്നതെന്ന് ഒക്ടോബർ ഒന്നിന് അടൂർ പ്രകാശ് പറഞ്ഞിരുന്നു. ഭരണപരിഷ്കാര കമീഷൻ ചെയർമാനായി എം കെ മുനീറിനെ നിയമിച്ചതും ക്യാബിനറ്റ് പദവി നൽകിയതും മുന്നണിയിൽ ചർച്ച ചെയ്യാതെയാണെന്നും പരസ്യമാക്കി. അന്നും കൺവീനറെ പൂർണമായും അവഗണിക്കുകയായിരുന്നു മുഖ്യമന്ത്രി. കൂട്ടായ തീരുമാനങ്ങളാണ് എടുക്കുന്നതെന്നും എല്ലാം മുന്നണിയിൽ അറിയിക്കേണ്ടതില്ലെന്നുമാണ് മുഖ്യമന്ത്രി അന്ന് പറഞ്ഞത്. മുന്നണിയിലെ എല്ലാ പ്രധാന നേതാക്കളും മന്ത്രിസഭയിലുണ്ടെന്നും ന്യായീകരിച്ചു. അടൂരിനുള്ള മുന്നറിയിപ്പായിരുന്നു അത്. പിന്നീട് എഐസിസി നേതൃത്വത്തിന് അടൂർ പ്രകാശ് പരാതി നൽകിയെങ്കിലും അവരും ഇടപെട്ടില്ല. അതിലുള്ള അരിശവും അടൂർ പ്രകാശിനുണ്ട്.









0 comments