നിലമ്പൂരിലെ നിലപാട്‌ ; യുഡിഎഫിൽ ഭിന്നത രൂക്ഷമാകുന്നു

udf clash nilambur byelection
avatar
പി വി ജീജോ

Published on May 29, 2025, 03:20 AM | 1 min read


നിലമ്പൂർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടിനെച്ചൊല്ലി കോൺഗ്രസിലും യുഡിഎഫിലും ഭിന്നത രൂക്ഷം. ഇടതുപക്ഷ മുന്നണിക്കെതിരെ ഉപയോഗിച്ചിരുന്ന പി വി അൻവറിന്‌ യുഡിഎഫിൽ നൽകേണ്ട സ്ഥാനത്തെച്ചൊല്ലിയാണ്‌ പുതിയ തർക്കം. നിലമ്പൂരിൽ യുഡിഎഫിന്റെ തോൽവിഭയവും ഇതിനുപിന്നിലുണ്ട്‌.


അൻവറിന്‌ പിന്തുണയുമായി കെപിസിസി മുൻ പ്രസിഡന്റ്‌ കെ സുധാകരൻ ബുധനാഴ്‌ചയും രംഗത്തിറങ്ങി. എന്നാൽ കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും അൻവറിനെ തള്ളി. സുധാകരനൊപ്പം രമേശ്‌ ചെന്നിത്തലയും പിന്തുണച്ചതോടെ വിഷയത്തിൽ കോൺഗ്രസിൽ ചേരിതിരിവും ഭിന്നതയും പരസ്യമായി. യുഡിഎഫ്‌ കൺവീനറും ഇക്കാര്യത്തിൽ സതീശന്‌ എതിരായ നിലപാടിലാണ്‌. കെ സി വേണുഗോപാൽ പ്രശ്നത്തിൽ നേരിട്ട് ഇടപെടാതെ തടിതപ്പി.


മുസ്ലിംലീഗിലും ഇക്കാര്യത്തിൽ വിയോജിപ്പുണ്ട്‌. സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയുമെടുക്കുന്ന മൃദുസമീപനത്തിന്‌ ലീഗിലെ പ്രമുഖ നേതാക്കൾ എതിരാണ്‌. അൻവർ പുറത്തുനിൽക്കട്ടെയെന്നും വക്കാലത്ത്‌ ലീഗ്‌ ഏറ്റെടുക്കേണ്ടെന്നുമാണ്‌ രണ്ടാംനിര നേതാക്കളുടെ അഭിപ്രായം. സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ തള്ളിപ്പറഞ്ഞതിൽ അൻവറിനെതിരെ കോൺഗ്രസ്‌–-ലീഗ്‌ നേതൃത്വത്തിൽ അസംതൃപ്‌തിയുണ്ട്‌.


ഇതിനിടെ വി ഡി സതീശനെ അൻവർ വീണ്ടും വിമർശിച്ചു. യുഡിഎഫിന് നന്ദി ഇല്ലെന്നും കാലുപിടിക്കുമ്പോൾ മുഖത്ത് ചവിട്ടുന്ന രീതിയാണെന്നും വാർത്താസമ്മേളനത്തിൽ ആരോപിച്ചു. തന്നെ ദയാവധത്തിന് വിട്ടിരിക്കുകയാണ്. കെ സി വേണുഗോപാലിലാണ്‌ അവസാനപ്രതീക്ഷയെന്നും പറഞ്ഞു.


അതേസമയം വേണുഗോപാൽ അൻവറിനെ പൂർണമായി പിന്തുണയ്‌ക്കാൻ തയ്യാറായിട്ടില്ല. പാർടി നേതാക്കളുമായി ചർച്ചചെയ്‌തശേഷം പ്രതികരിക്കാമെന്ന്‌ പറഞ്ഞ്‌ ഒഴിഞ്ഞുമാറുകയായിരുന്നു അദ്ദേഹം.



deshabhimani section

Related News

View More
0 comments
Sort by

Home