print edition യുഡിഎഫിൽ മന്ത്രിമാരായി! ‘ സിഎം, സ്പീക്കർ ’ തർക്കം; ‘പാരലൽ വേൾഡിലും’ അടിയോടടി


സി കെ ദിനേശ്
Published on Apr 13, 2026, 12:00 AM | 1 min read
തിരുവനന്തപുരം : മുഖ്യമന്ത്രി ആരെന്ന ചർച്ച അവസാനിപ്പിക്കണമെന്ന് ചില കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടതേ ഓർമയുള്ളൂ. തർക്കിച്ച് കസേരവരെ എറിയുന്ന സ്ഥിതി. മുഖ്യമന്ത്രി, സ്പീക്കർ സ്ഥാനങ്ങൾക്കുവേണ്ടിയാണ് പ്രധാന തർക്കമെന്ന് കോൺഗ്രസ് സമൂഹമാധ്യമ ‘ടീം’. മുഖ്യമന്ത്രിയാകാൻ മൂന്നുപേർ ഇപ്പോഴുണ്ട്. കെ എം ഷാജിക്ക് വിദ്യാഭ്യാസവകുപ്പെന്നത് അന്തിമ തീരുമാനമാണത്രേ. സ്പീക്കറാകാൻ മൂന്നുപേരുണ്ട്. ഏറ്റവും വലിയ പദവി അതാണെന്ന് ലീഗ് ഉറപ്പിച്ചു.
എംഎൽഎ അല്ലാത്ത ഒരാളെ മുഖ്യമന്ത്രിയായി തീരുമാനിച്ചാൽ ഏവരും അംഗീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ് തന്നെ വ്യക്തമാക്കിയതോടെ മുഖ്യമന്ത്രി ചർച്ച പൊട്ടിമുളച്ചതല്ലെന്ന് തെളിഞ്ഞു. ഫലംവരാൻ 23 ദിവസമുണ്ടെങ്കിലും വ്ലോഗർമാരെയടക്കം വാടകയ്‌ക്കെടുത്താണ് ‘ഇമേജ് ബിൽഡിങ്’. പ്രതിപക്ഷ നേതാവ് വി ഡി സതീശനുപുറമെ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ എന്നിവരുടെപിന്നിൽ മൂന്ന് വിഭാഗമായാണ് ഇവരുടെ പോക്ക്. 2021 ലും സമാന തർക്കമുണ്ടായി. എന്നാൽ, സീറ്റ് വർധിപ്പിച്ച് എൽഡിഎഫിന് തുടർഭരണം ലഭിച്ചു.

എറണാകുളം ആലപ്പുഴ ജില്ലകളിൽ ഏതിൽനിന്ന് വേണം മുഖ്യമന്ത്രി എന്ന തർക്കമാണ് നേതാക്കൾ തുടങ്ങിവച്ചത്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എറണാകുളത്തിനുവേണ്ടി പിടിച്ചപ്പോൾ കെ ബാബുവും എം ലിജുവും ചാടിവീണ് ‘ഇത് ശരിയല്ല’ എന്നുപറഞ്ഞു. അപ്പോൾ ‘എറണാകുളം കേരളത്തിലല്ലേ’ എന്നായി ഹൈബി ഇൗഡൻ. എംഎൽഎ അല്ലാത്തവർക്കും ഇൗ നാട്ടിൽ മുഖ്യമന്ത്രി ആകണ്ടേ എന്ന് ദീപ്തി മേരി വർഗീസ്. മാത്രമല്ല, പ്രചാരണം നയിച്ചത് ഹൈക്കമാൻഡ് ആയതുകൊണ്ട് മുഖ്യമന്ത്രിയും അവിടെനിന്ന് വരട്ടെ, അതല്ലേ ശരിയെന്നും ഒരുപക്ഷം.
യുഡിഎഫിനെ ശക്തിപ്പെടുത്തി, ക്രിസ്ത്യൻ വിഭാഗത്തെ തിരിച്ചുവിളിച്ചു, ജോസഫ് ഗ്രൂപ്പിന്റെ രണ്ട് സീറ്റ് പിടിച്ചുവാങ്ങി, സംവാദത്തിന് ഇന്ത്യയിൽത്തന്നെ സതീശന് ബദലില്ല തുടങ്ങിയ വാഴ്‌ത്തുപാട്ടുകളാണ് ഒരുവശത്ത്. പണമെറിഞ്ഞ് വമ്പൻ വ്ലോഗർമാരേയും ഇറക്കി. കഴിവുകെട്ടവനാണ്, കെ സുധാകരനെ ഇറക്കി കളിച്ചു തുടങ്ങിയ പാരകളും ചെന്നിത്തലക്കെതിരെ ഇവർ ഇറക്കിയിട്ടുണ്ട്.
ചെന്നിത്തലയാകട്ടെ സമുദായനേതാക്കളെക്കൊണ്ട് പേര് പറയിപ്പിച്ചതിനാൽ പേടിക്കാനില്ലെന്ന നിലപാടിലാണ്. മാത്രമല്ല, കെ സുധാകരനും പി ജെ കുര്യനും ഒപ്പമുണ്ട്. സ്വകാര്യമായും ചിലർ പിന്തുണച്ചിട്ടുണ്ട്. ഫലം വരുന്നതുവരെ ‘പാരലൽ ലോകത്തും’ കോൺഗ്രസ് അടിക്ക് ഒരുകുറവുമില്ല.










0 comments