ad
Deshabhimani

print edition ജാനു, അൻവർ, കരുണാകരൻ ; പുകഞ്ഞ്‌ കോൺഗ്രസ്‌

udf
വെബ് ഡെസ്ക്

Published on Dec 24, 2025, 02:13 AM | 3 min read


തിരുവനന്തപുരം

യുഡിഎഫിന്റെ ‘അടിത്തറ’ വികസനംമൂലം കോൺഗ്രസിലും ഘടകകക്ഷികളിലും അടിപൊട്ടുന്നു. കാമരാജ്‌ കോൺഗ്രസിനെ അസോസിയേറ്റ്‌ അംഗമാക്കിയത്‌ പൊളിഞ്ഞ്‌ നാണംകെട്ടതിന്‌ പിന്നാലെയാണ്‌ സി കെ ജാനുവിനെയും പി വി അൻവറിനെയും ചേർത്തതിനെതിരെ പാർടിക്കുള്ളിൽ തർക്കം രൂക്ഷമാകുന്നത്‌.


2006ൽ യുഡിഎഫിനെ പരാജയപ്പെടുത്താനിടയാക്കിയതിൽ ഒരു കാരണം മുത്തങ്ങയിലെ ആദിവാസിവേട്ടയാണ്‌. യുഡിഎഫ്‌ സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ ശ്രമിച്ച കൂട്ടരെ മുന്നണിയിലെ എടുത്തത്‌ ശരിയായില്ലെന്നാണ്‌ മുസ്ലിംലീഗും കോൺഗ്രസിലെ ഒരു വിഭാഗവും വാദിക്കുന്നത്‌. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മുത്തങ്ങയിൽ ആദിവാസി വേട്ട നടന്നത്‌. പൊലീസ് വെടിവയ്‌പിൽ ജോഗി എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ടിരുന്നു. പിന്നീട് മാസങ്ങളോളം പൊലീസ് അതിക്രമമുണ്ടായി.


അൻവറിനെ എടുത്തത്‌ വലിയ അബദ്ധമാണെന്നാണ്‌ മുതിർന്ന നേതാവ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ തുറന്നടിച്ചത്‌. മറ്റ്‌ പല മുതിർന്ന നേതാക്കൾക്കും ഇതേ അഭിപ്രായമാണ്‌. അവസരവാദികളുടെ അഭയകേന്ദ്രമാക്കി പാർടിയെ മാറ്റരുതെന്നും അവരെ നിയന്ത്രിക്കാൻ പറ്റാത്ത സ്ഥിതിവരുമെന്നുമാണ്‌ ഇവരുടെ അഭിപ്രായം.


അതിനിടെ, നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്‌ ആരൊക്കെയെന്നതിൽ മാനദണ്ഡവും മിഷനും തീരുമാനിക്കാൻ പോകുന്നേയുള്ളുവെന്ന വി ഡി സതീശന്റെ അഭിപ്രായത്തെ നേതാക്കൾ തള്ളി. കണ്ണൂരിൽ കെ സുധാകരനും ഗുരുവായൂരിൽ കെ മുരളീധരനും മത്സരിക്കുമെന്ന വാർത്തകൾ പുറത്തുവന്നു. കൂടുതൽ എംപിമാർ മത്സരിക്കാൻ ഒരുങ്ങുന്നതിനാൽ പല സിറ്റിങ്‌ എംഎൽഎമാർക്കും യുവാക്കൾക്കും സീറ്റ്‌ കിട്ടാതാവുമെന്ന ആശങ്കയും കോൺഗ്രസിൽ രൂക്ഷമായി.


കെ കരുണാകരൻ സ്മാരകം പണി പതിറ്റാണ്ടായി നീളുന്നതിലുള്ള രോഷം മറ്റൊരു ഭാഗത്തും ശക്തമായി. കോഴിക്കോട് നടന്ന കരുണാകരൻ അനുസ്മരണത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശവുമായി കോൺഗ്രസ് നേതാവ് എം കെ രാഘവൻ രംഗത്തെത്തി. നേതാക്കൾ മുകളിൽ എത്തുംതോറും ചെറുതാകുന്നുവെന്നും വിമർശിച്ചു.


നേതാക്കൾ യുഡിഎഫിനെ 
വഴിയന്പലമാക്കരുത്‌: മുല്ലപ്പള്ളി

നിയമസഭാ തെരഞ്ഞെടുപ്പിനുമുന്പായി മുന്നണി വിപുലീകരണം നടത്തുന്ന യുഡിഎഫ്‌ നേതാക്കൾക്ക്‌ മുന്നറിയിപ്പുമായി മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫ്‌ വഴിയന്പലമല്ലെന്നും അവസരസേവകരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫിനെ മാറ്റരുതെന്നും മുല്ലപ്പള്ളി മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.


യുഡിഎഫ്‌ നിലപാടുകളുമായി യോജിക്കുന്നവരെയേ മുന്നണിയിൽ ഉൾപ്പെടുത്താവൂ. എല്ലാവർക്കും എംഎൽഎ സ്ഥാനം വേണമെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ പ്രയാസമുണ്ട്. പി വി അൻവർ കുറെക്കൂടി സംയമനം പാലിക്കണം. അനുസരണയോടെയും മാന്യതയോടെയും പോകണം. മുന്നണിയുടെ അച്ചടക്കം പാലിക്കണം. അൻവറിന്റെ പരസ്യപ്രസ്താവനകൾ ഗുണകരമാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.


നേതാക്കൾക്കെതിരെ സതീശൻ

കോൺഗ്രസിൽ സീറ്റ് വിഭജനം സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. ചില മുതിർന്ന നേതാക്കളാണ്‌ ഇതെക്കുറിച്ച്‌ പറയുന്നത്‌ എന്നതിനാൽ തൽക്കാലം ഒന്നും പ്രതികരിക്കുന്നില്ല. അക്കാര്യങ്ങൾ ചർച്ച ചെയ്യാനിരിക്കുന്നതേയുള്ളു. ബാക്കിയെല്ലാം അഭ്യൂഹങ്ങളാണ്. കാമരാജ് കോൺഗ്രസിനുമുന്നിൽ വാതിൽ അടച്ചു, ഇനി തുറക്കില്ല.


ശബരിമല സ്വർണമോഷണം അന്വേഷിക്കുന്ന എസ്‌ഐടിയുടെ മേൽ സമ്മർദം ചെലുത്തുന്ന രണ്ട്‌ ഐപിഎസ്‌ ഉദ്യോഗസ്ഥരുടെ പേര്‌ പുറത്തുവിടുമെന്ന്‌ പറഞ്ഞിരുന്നെങ്കിലും മാധ്യമ പ്രവർത്തകർ ആവർത്തിച്ച്‌ ചോദിച്ചതോടെ സമയമാകട്ടെ എന്ന്‌ പറഞ്ഞ്‌ സതീശൻ ഒഴിഞ്ഞു.


യുഡിഎഫ് വഞ്ചിച്ചെന്ന്‌ 
കാമരാജ്‌ കോൺഗ്രസ്‌

യുഡിഎഫ് വഞ്ചിച്ചെന്നും എൻഡിഎയുമായി നിസഹകരണത്തിലാണെന്നും കാമരാജ്‌ കോൺഗ്രസ്‌ ചെയർമാൻ വിഷ്‌ണുപുരം ചന്ദ്രശേഖരൻ. മുന്നണി പ്രവേശത്തിന്‌ താനുമായി ഫോണിൽ ചർച്ച നടത്തിയെന്ന വാദം പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ തെളിയിക്കണം. രണ്ടുതവണ ഫോണിൽ വിളിച്ചെങ്കിലും സതീശനല്ല സംസാരിച്ചത്‌.


ആർക്കും അപേക്ഷ നൽകിയിട്ടില്ല. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പ്രഖ്യാപനമുണ്ടായത്. വി ഡി സതീശൻ സംസാരിച്ചിട്ടുണ്ടെന്ന്‌ തെളിയിച്ചാൽ തല മൊട്ടയടിക്കുമെന്നും സംസ്ഥാന നേതൃയോഗത്തിനുശേഷം ചന്ദ്രശേഖരൻ പറഞ്ഞു.

എൻഡിഎയുമായി അതൃപ്‌തിയുണ്ട്‌. തങ്ങളുടെ സ്ഥാനാർഥിക്ക്‌ ബിജെപിയുടെ പിന്തുണ ലഭിച്ചില്ല. എൻഡിഎ ഉന്നതനേതൃത്വം കഴിഞ്ഞദിവസം ബന്ധപ്പെട്ടിരുന്നു. ചർച്ചകൾക്ക് ഫലമുണ്ടാകുംവരെ നിസഹകരണം തുടരും. ജില്ലാ–സംസ്ഥാനനേതൃത്വം ചവിട്ടിത്താഴ്ത്താൻ ശ്രമിക്കുകയാണെന്നും ചന്ദ്രശേഖരൻ പറഞ്ഞു.


യുഡിഎഫിന്‌ സഹായമായത്‌ വർഗീയ ധ്രുവീകരണം: 
ഐഎൻഎൽ

ന്യൂനപക്ഷ ഏകീകരണവും വർഗീയ ധ്രുവീകരണവുമാണ്‌ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‌ മേൽക്കൈ നേടാൻ സഹായകമായതെന്ന്‌ ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ്‌ അഹമ്മദ്‌ ദേവർ കോവിൽ എംഎൽഎയും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പറഞ്ഞു. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ ഉണ്ടായിട്ടില്ല. വികസനങ്ങൾ വോട്ടായി മാറുമെന്ന ആത്മവിശ്വാസത്തിലായിരുന്നു എൽഡിഎഫ്‌. എന്നാൽ മാധ്യമങ്ങൾ ഒരുവിഷയത്തിലൂന്നി മാത്രം പ്രചാരണം നടത്തിയത്‌ യുഡിഎഫിന്‌ സഹായകമായി.


എങ്ങനെയെങ്കിലും തെരഞ്ഞെടുപ്പിൽ ജയിച്ചുകയറുന്നതിനായി വർഗീയതയുടെ പേരിൽ മാറ്റിനിർത്തിയ സംഘടനയെ പോലും ചേർത്തുനിർത്തി. വർഗീയത മാത്രം പ്രചരിപ്പിച്ചാണ്‌ യുഡിഎഫ്‌ വോട്ടർമാരെ സമീപിച്ചത്‌. 2010ലെ തദ്ദേശതെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായപ്പോൾ 2016ൽ അത്‌ മറികടക്കാൻ എൽഡിഎഫിന്‌ കഴിഞ്ഞു. ഇത്തവണത്തെ തിരിച്ചടി 2026ൽ മറികടക്കാൻ കഴിയും. വോട്ടർപ്പട്ടിക തീവ്രപുനഃപരിശോധനയുടെ ഭാഗമായുള്ള ആശങ്കകൾ പരിഹരിക്കണമെന്നും ഇരുവരും വാർത്താസമ്മേളനത്തിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home