print edition തർക്കം, വിമതപ്പേടി, കൂടുമാറ്റം ; കോൺഗ്രസ് പട്ടിക നീളും

തിരുവനന്തപുരം
ഫെബ്രുവരി മധ്യത്തോടെ സ്ഥാനാർഥികളെന്ന കോൺഗ്രസ് പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആവേശത്തിലായിരുന്നെങ്കിൽ കാര്യങ്ങൾ ഇൗസിയല്ല എന്ന് നേതൃത്വത്തിന് ബോധ്യപ്പെട്ടുതുടങ്ങി. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പുകളെക്കുറിച്ചും കേരളത്തിന്റെ രാഷ്‌ട്രീയസാഹചര്യവും വലിയ ധാരണയില്ലാത്ത സുനിൽ കനുഗോലുവിന്റെ ഉപദേശമായിരുന്നു നേരത്തെയുള്ള സ്ഥാനാർഥി പ്രഖ്യാപനം.
എന്നാൽ, മുന്നണിയിലെയും പാർടികളിലെയും തർക്കം രൂക്ഷമാവുകയും വിമതപ്പേടിയുണ്ടാവുകയും ചെയ്‌തതോടെ, എടുത്തുചാടി പ്രഖ്യാപിക്കേണ്ട എന്ന തീരുമാനത്തിലേക്കെത്തി.
ഒരിക്കൽ ജയിച്ചാൽ പിന്നെ സീറ്റ് മറ്റാർക്കെങ്കിലും വിട്ടുകൊടുക്കുന്ന ശീലം കോൺഗ്രസിൽ ഇല്ലാത്തതിനാൽ 20 സീറ്റിൽ നേരത്തെതന്നെ തീരുമാനമായതാണ്. പാലക്കാടും തൃപ്പൂണിത്തുറയിലും തർക്കമുണ്ട്. പാലക്കാട്ട് രമേഷ് പിഷാരടിയെ അടിച്ചേൽപ്പിക്കുന്നതിലും എതിർപ്പുണ്ട്. ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ കൊണ്ടുവന്നപ്പോഴും എതിർപ്പ് രൂക്ഷമായിരുന്നു. ഒടുവിൽ വി ഡി സതീശനും ഷാഫി പറമ്പിലും ക്യാമ്പ് ചെയ്‌താണ് രാഹുലിനെ കൊണ്ടുനടന്നത്. തോൽവിയിൽ റെക്കോഡുള്ള കെ മുരളീധരന്റെ പേരും പതിവുപോലെ, പാലക്കാട്ട് ഉയർന്നിരുന്നു. ലൈംഗികാതിക്രമ കേസുള്ള രാഹുൽ മാങ്കൂട്ടത്തിലിനുവേണ്ടിയും ഒരുവിഭാഗമുണ്ട്.
സിറ്റിങ് സീറ്റായ തൃപ്പുണിത്തുറയിൽനിന്ന് കെ ബാബു പിന്മാറിയതോടെ താൽപ്പര്യക്കാർ ഏറെയായി. മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ കൊയിലാണ്ടിയിൽ താൽപര്യം പ്രകടിപ്പിച്ചതോടെ കെ പ്രവീൺകുമാർ ഉൾപ്പെടെയുള്ളവർ രോഷത്തിലാണ്. തിരുവനന്തപുരത്ത് വി എസ് ശിവകുമാറിനെ സ്ഥാനാർഥിയാക്കിയില്ലെങ്കിൽ പൊട്ടിത്തെറിയുണ്ടാകും. ബിജെപിയിലേക്ക് പോകുമോ എന്ന ആശങ്ക ചില നേതാക്കൾക്കുണ്ട്. കൊട്ടാരക്കരയിൽ സ്ഥാനാർഥി മോഹവുമായി അയിഷാപോറ്റി എത്തിയതോടെ സീറ്റിൽ നോട്ടമിട്ടിരുന്ന കഴിഞ്ഞ തവണത്തെ സ്ഥാനാർഥി ആർ രശ്‌മി ബിജെപിയിലേക്ക് ചേക്കേറി.ആരും ഏതുനിമിഷവും ബിജെപിയിലേക്ക് പോകാം എന്ന സ്ഥിതിയിലാണ്. അഖിൽ മാരാർ ട്വന്റി ട്വന്റിയിൽ ചേരുകയും ചെയ്‌തു.
ബിജെപിയിൽനിന്ന് അടുത്തിടെയെത്തിയ സന്ദീപ് വാര്യരെ ഉടനടി കെപിസിസി ജനറൽ സെക്രട്ടറിയാക്കിയെങ്കിലും അദ്ദേഹത്തിനും മത്സരിക്കാൻ താൽപര്യമുണ്ട്. ബേപ്പൂരിൽ തൃണമൂൽ കോൺഗ്രസ് തന്നെ തള്ളിപ്പറഞ്ഞ പി വി അൻവറിനെ സ്ഥാനാർഥിയാക്കുന്നതിലും എതിർപ്പ് രൂക്ഷമാണ്. വിസ്‌മയയമാക്കി ബിജെപിയിൽനിന്നും മറ്റും എത്തിച്ചവർക്കും സീറ്റ് കൊടുത്തില്ലേലും പ്രശ്‌നമാകും. കോൺഗ്രസിലെ സ്ഥിതി ഇതാണെങ്കിൽ ആർഎസ്‌പിയിൽ പോര് പരസ്യമാണ്.











0 comments