കോട്ടയത്ത് പിടിവലി , തൃശൂരിലും പോര് , വയനാട്ടിലും തർക്കം
print edition വീതംവയ്പ്പിൽ കലാപം ; തർക്കപരിഹാരത്തിന് ടേം


സി കെ ദിനേശ്
Published on Dec 25, 2025, 03:00 AM | 4 min read
വർഗീയതയെ ആശ്ലേഷിച്ചാണ് തദ്ദേശ സ്ഥാപനങ്ങളിലെ യുഡിഎഫ് വിജയം. അധികാരം കിട്ടിയപ്പോൾ ജനക്ഷേമവും സദ്‌ഭരണവുമല്ല മുൻഗണനയെന്ന് കോൺഗ്രസ് പ്രഖ്യാപിക്കുന്നു. തലയ്‌ക്കുപിടിച്ച അധികാരമോഹം, പരസ്‌പരം കുതികാൽ വെട്ടുന്ന ഗ്രൂപ്പുകളുടെ നഗ്‌നനൃത്തം, വർഗീയ ശക്തികളോടുള്ള അടിയറവ്... ഇനിയുള്ളത് കൂട്ടത്തല്ലിന്റെയും അഴിമതിയുടെയും കാലമാണെന്ന് ഓരോ കോൺഗ്രസ് നേതാവും ബോധ്യപ്പെടുത്തുന്നു. തർക്കപരിഹാരത്തിന് ടേം നിശ്‌ചയിക്കുന്നു. ചിലയിടത്ത് അഞ്ച് വർഷത്തേക്ക് അഞ്ച് അധ്യക്ഷർവരെ
തിരുവനന്തപുരം
കോർപറേഷനുകൾ ഉൾപ്പെടെ തദ്ദേശ സ്ഥാപനങ്ങളിൽ അധ്യക്ഷ പദവിക്കായി കോൺഗ്രസിൽ വാളെടുത്ത് യുദ്ധം. തെറ്റിദ്ധാരണ പരത്തിയും വർഗീയതയുടെ തോളേറിയും ഭരണം പിടിച്ചെങ്കിലും എങ്ങിനെ മുന്നോട്ടുകൊണ്ടുപോകും എന്നറിയാതെ കുഴങ്ങുകയാണ് യുഡിഎഫ്. അധ്യക്ഷരെ സ്വതന്ത്രമായി തീരുമാനിക്കാൻ പറ്റാത്ത അവസ്ഥ.
കൊച്ചി നഗരത്തിലാണ് നാണംകെട്ട ഏറ്റുമുട്ടൽ. മേയർ സ്ഥാനത്തേക്ക് ആദ്യം ഉയർന്ന പേരാണ് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരിയുടേത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിരന്തരം പറഞ്ഞത് അധ്യക്ഷ തെരഞ്ഞെടുപ്പിന് കെപിസിസി മാനദണ്ഡമുണ്ടെന്നാണ്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തന്നെ അത് പൊളിച്ചുവെന്നാണ് നേതാക്കളുടെ ആരോപണം. ‘എവിടെ നിങ്ങളുടെ മാനദണ്ഡം’ എന്ന് ദീപ്തിയുടെ ചോദ്യം.സ്വന്തം ജില്ലയിലെ പോര് പ്രതിപക്ഷ നേതാവിന് തന്നെയാണ് തിരിച്ചടി.
ജില്ലാ യുഡിഎഫ് ചെയർമാൻ ഡൊമനിക് പ്രസന്റേഷൻ, കെപിസിസി രാഷ്‌ട്രീയകാര്യസമിതിയംഗം അജയ് തറയിൽ, ജനറൽ സെക്രട്ടറി എം ആർ അഭിലാഷ്, മാത്യു കുഴൽനാടൻ എംഎൽഎ തുടങ്ങി വലിയനിര ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നു. കൗൺസിലർമാരെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി ഭൂരിപക്ഷമുണ്ടാക്കിയാണ് വി കെ മിനിമോളെ മേയറാക്കിയത് എന്നാണ് ഗുരുതരമായ ആരോപണം. പ്രബല ഗ്രൂപ്പുകളുടെ ഏറ്റുമുട്ടലിൽ ചില സഭകളെ ഭാഗമാക്കിയ കൈവിട്ട കളിയുമുണ്ടെന്നും നേതാക്കൾ ആരോപിക്കുന്നു.
നിഷ സോമനെ തൊടുപുഴ നഗരസഭ അധ്യക്ഷയാക്കുന്നതിനെതിരെ കോൺഗ്രസ് പ്രാദേശിക നേതാക്കൾ രംഗത്തെത്തി. കോട്ടയത്ത് ജില്ലാ പഞ്ചായത്തിലും കോട്ടയം, ഏറ്റുമാനൂർ നഗരസഭകളിലും അധ്യക്ഷനെ തീരുമാനിക്കാനാകാത്തത്ര ഭിന്നതയാണ്. ഒരു ടേം അധ്യക്ഷസ്ഥാനം നൽകണമെന്ന കോൺഗ്രസിന്റെ ആവശ്യം മുസ്ലിംലീഗ് തള്ളിയതോടെ ഈരാറ്റുപേട്ട നഗരസഭയിലും തർക്കം രൂക്ഷം.
യുഡിഎഫിന് അധികാരം ലഭിച്ച തദ്ദേശ സ്ഥാപനങ്ങളിൽ തർക്കമില്ലാത്തയിടം കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും. ഭരണത്തിലും ഇൗ തർക്കംതന്നെയാകും തുടരുക. ‘ഇത് വേണ്ടിയിരുന്നോ’ എന്ന് ജനങ്ങളെക്കൊണ്ട് ചിന്തിപ്പിക്കുംവിധമാണ് തർക്കം.

തീരാ തലവേദന
ഗ്രൂപ്പ് വൈരത്തിലും വർഗീയ കക്ഷികളുടെയും സാമുദായിക ശക്‌തികളുടെയും സമ്മർദത്തിലും തദ്ദേശസ്ഥാപന അധ്യക്ഷരെ തെരഞ്ഞെടുക്കാനാകാതെ ആലപ്പുഴയിലെ കോൺഗ്രസ്. പ്രധാനമായും രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും നേതൃത്വം നൽകുന്ന ഗ്രൂപ്പുകളിലാണ് നേതാക്കൾ ‘ഭ്രമണം’ ചെയ്യുന്നത്. കെ സി വേണുഗോപാലിന്റെ ഗ്രൂപ്പിനുള്ളിൽ ഉപഗ്രൂപ്പുകളുമുണ്ട്. സ്ഥാനാർഥി നിർണയം മുതലുള്ള തലവേദന തദ്ദേശ സ്ഥാപന അധ്യക്ഷ തെരഞ്ഞെടുപ്പിലും പ്രകടം.
ഗ്രൂപ്പ്, സാമുദായ പരിഗണനയിൽ മാവേലിക്കര നഗരസഭയിൽ അഞ്ചു വർഷത്തിനുള്ളിൽ മൂന്ന് അധ്യക്ഷരും ഉപാധ്യക്ഷരുംവരുമെന്ന നിലയാണ്. ചെങ്ങന്നൂർ മുനിസിപ്പാലിറ്റി അധ്യക്ഷ സ്ഥാനത്തിനായി ഗോപു പുത്തൻമഠത്തിലും വരുൺ മട്ടയ്‌ക്കലും തമ്മിൽ തർക്കം രൂക്ഷമാണ്. ആലപ്പുഴ നഗരസഭയിലും അധ്യക്ഷരാകാൻ മൂന്നുപേർ രംഗത്തുണ്ട്. കായംകുളത്ത് യുഡിഎഫ് പാർലമെന്ററി പാർടി നേതൃസ്ഥാനത്തിനാണ് അടി.
നേതാവിനെച്ചൊല്ലി പാലക്കാടൻ തല്ല്
പാലക്കാട് നഗരസഭയിൽ കോൺഗ്രസ് പാർലമെന്ററി പാർടി നേതാവിനെ തെരഞ്ഞെടുത്തതിൽ തർക്കം. പാർടി നേതാവായി എം മോഹൻബാബുവിനെ നിർദേശിച്ചത് വി കെ ശ്രീകണ്ഠൻ എംപിയുടെ എതിർപ്പ് മറികടന്നാണെന്ന ആക്ഷേപവുമായി ഒരുവിഭാഗം രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായ വി കെ ശ്രീകണ്ഠൻ നിർദേശിച്ചത് എ ചെമ്പകത്തിന്റെ പേരാണ്. ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുടെ താൽപ്പര്യപ്രകാരമാണ് മോഹൻബാബുവിനെ തെരഞ്ഞെടുത്തതെന്നാണ് ആക്ഷേപം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന 27ാം വാർഡിൽനിന്നുള്ള അംഗമാണ് എം മോഹൻബാബു.
തിരുവനന്തപുരം മേയർ ‘സസ്‌പെൻസ’ല്ല , ബിജെപി ചേരിപ്പോര്
തിരുവനന്തപുരം നഗരസഭയിൽ വലിയ ഒറ്റക്കക്ഷി ആയെങ്കിലും ദേശീയ നേതൃത്വം ഇടപെട്ടിട്ടും മേയറെ തീരുമാനിക്കാൻ കഴിയാതെ ബിജെപി. പഴയ നേതൃത്വവും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമാണ് രണ്ട് ചേരിയിൽ. ശ്രീലേഖയെ മേയറാക്കണമെന്ന കടുംപിടുത്തത്തിലാണ് രാജീവ്. ഡെപ്യൂട്ടി മേയർ വനിതയാണെങ്കിലും, മേയറിൽ കുറഞ്ഞ ഒരു പദവിക്കും ശ്രീലേഖ തയ്യാറല്ല.

എന്നാൽ, മുതിർന്ന നേതാക്കൾ പലരും ശ്രീലേഖയ്‌ക്ക് എതിരാണ്. വി വി രാജേഷിനെയോണ് ഇവർ നിർദേശിച്ചത്. രാജേഷിന്റെ കാര്യത്തിൽ രാജീവ് ഒട്ടും തൃപ്തനല്ല. സംഘടനാ ചുമതല വീതിച്ചപ്പോൾ രാജേഷിനെ കൊല്ലത്തേക്കാണ് തട്ടിയത്. അതേസമയം, ആർഎസ്‌എസ് ഇൗ രണ്ടു പേരിലും തൃപ്തരല്ല. കരമന അജിത് ഉൾപ്പെടെ മറ്റു ചിലരുടെ പേരുകളാണ് ഉള്ളിലിരിപ്പ്. കോർപറേഷനിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം പൂർണമായും നിയന്ത്രിച്ചതും അവരാണ്. മേയറുടെ കാര്യത്തിൽ തർക്കം രൂക്ഷമെന്നതാണ് വസ്തുതയെങ്കിലും ‘ സസ്‌പൻസ് ’ നിലനിൽക്കട്ടെ എന്ന് മാധ്യമങ്ങളോട് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു ബിജെപി നേതാക്കൾ. ദേശീയ നേതാക്കളെക്കൊണ്ട് പ്രഖ്യാപനം നടത്തി മറ്റ് മേയർ മോഹികളെ ഒതുക്കാനും പദ്ധതിയുണ്ടെന്നും പറയുന്നു.
വയനാട്ടിലും തർക്കം
വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ തർക്കം തുടരുന്നു. രണ്ടുപേർക്കായി നേതാക്കൾ നിലയുറപ്പിച്ചതാണ് കാരണം. മാനന്തവാടി, ബത്തേരി നഗരസഭകളിൽ കോൺഗ്രസ്–ലീഗ് ധാരണയായിട്ടില്ല. രണ്ടരവർഷം അധ്യക്ഷ പദവി പങ്കിടുന്പോൾ ആദ്യ ഉൗഴത്തിനായാണ് അടി.
നാല് ടേം വരെ
ഭൂരിപക്ഷം ലഭിച്ച നിരവധി തദ്ദേശ സ്ഥാപനങ്ങളിൽ അധ്യക്ഷരെ തീരുമാനിക്കാൻ യുഡിഎഫിനായില്ല. കൊറ്റനാട് പഞ്ചായത്തുൾപ്പടെ പലയിടത്തും നാല് ടേം വരെ വീതംവച്ചാണ് ‘പ്രശ്‌നപരിഹാരം’ സാധ്യമാക്കിയത്. പത്തനംതിട്ട നഗരസഭയിൽ അധ്യക്ഷയെ തീരുമാനിക്കാൻ മൂന്നു ടേം വീതംവയ്‌ക്കേണ്ടിവന്നു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷസ്ഥാനത്തുനിന്ന് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനെ ഒഴിവാക്കി ‘ഐക്യ’ത്തിലെത്തിയെങ്കിലും പാളയത്തിൽപ്പട കോൺഗ്രസിന് കീറാമുട്ടിയായി.
കോട്ടയത്ത് പിടിവലി
കോട്ടയം ജില്ലാ പഞ്ചായത്തിൽ മുൻ പ്രസിഡന്റ്‌കൂടിയായ ജോഷി ഫിലിപ്പിനെ പ്രസിഡന്റ് ആക്കണമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. പുതിയ ആൾ വേണമെന്ന് പറഞ്ഞ് പി കെ വൈശാഖിന് വേണ്ടിയും ചരടുവലിയുണ്ട്. കേരള കോൺഗ്രസ് അംഗം ജോസ്‌മോൻ മുണ്ടയ്‌ക്കലും കുറഞ്ഞത് ഒരു വർഷം പ്രസിഡന്റ് സ്ഥാനം വേണമെന്ന് ആവശ്യമുന്നയിക്കുന്നത് യുഡിഎഫിന് തലവേദനയാണ്.
കോട്ടയം നഗരസഭയിൽ കോൺഗ്രസിലെ മൂന്നുപേരാണ് ചെയർമാൻ സ്ഥാനത്തിന് പിടിവലി നടത്തുന്നത്. കുമരകം പഞ്ചായത്തിലാകട്ടെ ബിജെപി പിന്തുണ ഒപ്പിച്ച് സീറ്റെണ്ണം എൽഡിഎഫിനൊപ്പം എത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് കോൺഗ്രസ്.
തൃശൂരിലും പോര്
തമ്മിലടി രൂക്ഷമായതോടെ തൃശൂർ കോർപറേഷൻ മേയർ സ്ഥാനാർഥിയെ തീരുമാനിക്കാനാകാതെ കോൺഗ്രസ്. മൂന്നു പേരാണ് മേയർ സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിട്ടുള്ളത്. ഐ ഗ്രൂപ്പുകാരിയും 20 വർഷമായി കൗൺസിലറുമായ ലാലി ജെയിംസ്, കെ സി വേണുഗോപാലിന്റെ നോമിനിയായ ഡോ. നിജി ജസ്റ്റിൻ, എ ഗ്രൂപ്പിന്റെ ഭാഗമായ മുൻ ഡെപ്യൂട്ടി മേയർ സുബി ബാബു എന്നിവരാണ് രംഗത്തുള്ളത്. മൂന്ന് പേർക്കുമായി ഗ്രൂപ്പ് നേതാക്കളും കളത്തിലുണ്ട്.
ലാലി ജെയിംസിനായി കൗൺസിലർമാരിൽ ഭൂരിഭാഗവും നിലകൊണ്ടപ്പോൾ എഐസിസി നേതൃത്വം നിജി ജസ്റ്റിനൊപ്പമാണ്. പാർലമെന്ററി പാർടി യോഗത്തിൽ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യവും കൗൺസിലർമാർ ഉയർത്തുന്നുണ്ട്.
തൊടുപുഴയിൽ പോസ്റ്റർ
തൊടുപുഴ നഗരസഭാ ചെയര്‍പേഴ്‍സണ്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷം. കെപിസിസി ജനറല്‍ സെക്രട്ടറി നിഷാ സോമന്റെ പേരാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. 10 കൗണ്‍സിലര്‍മാരില്‍ ഒമ്പതുപേരും ഇതിനെ എതിര്‍ത്ത് കെപിസിസിക്കും ഡിസിസിക്കും കത്ത് നല്‍കി. 28-ാം വാർഡ് കൗൺസിലര്‍ ലിറ്റി ജോസഫിനെയാണ് പാർലമെന്ററി പാർടി യോഗത്തിൽ ഭൂരിഭാഗം കൗൺസിലർമാരും പിന്തുണച്ചത്. നിഷ സോമനെ പിന്തുണച്ചും ഒരുവിഭാഗം രംഗത്തെത്തി. ബുധൻ രാവിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പലയിടങ്ങളിലായി പോസ്റ്ററും പ്രത്യക്ഷപ്പെട്ടു. കെപിസിസി ഭാരവാഹിയുണ്ടെങ്കിൽ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന നിർദേശമുണ്ടായിട്ടും തനിക്കെതിരെ നടക്കുന്ന നീക്കത്തിനെതിരെ നിഷ സോമനും പരാതി നൽകി.
തർക്കം തെരുവിലും
പാനൂർ നഗരസഭയിൽ മുസ്ലിംലീഗ് തീരുമാനിച്ച ചെയർപേഴ്‌സണെതിരെ പ്രവർത്തകർ തെരുവിലിറങ്ങി. കൂടത്തിൽ നൗഷത്തിനെയാണ് നേതൃത്വം തീരുമാനിച്ചത്. ഇതിൽ പ്രതിഷേധിച്ച് ലീഗ് പ്രവർത്തകർ പെരിങ്ങത്തൂർ ടൗണിൽ പ്രകടനം നടത്തിയത്.
ഉമൈസ തിരുവമ്പാടിയെ ചെയർപേഴ്‌സണാക്കണമെന്ന ആവശ്യം തള്ളിയതിനായിരുന്നു പ്രതിഷേധം.
തൃക്കാക്കരയിൽ ഉടക്കി ഉമ തോമസ്
തൃക്കാക്കര നഗരസഭയിലെ അധ്യക്ഷ പദവിയെ ചൊല്ലി ഉമ തോമസ് എംഎൽഎയും അനുകൂലികളും ഡിസിസി നേതൃത്വത്തിനെതിരെ രംഗത്ത്. ഉമ തോമസിന്റെ എതിർപ്പു വകവയ്‌ക്കാതെ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റാഷിദ് ഉള്ളംപള്ളിയെ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിപ്പിക്കാനാണ് ഡിസിസി തീരുമാനം. രണ്ടരവർഷംവീതം അധ്യക്ഷസ്ഥാനം പങ്കുവയ്‌ക്കണമെന്നായിരുന്നു ഉമ തോമസിന്റെ ആവശ്യം. തന്റെ നോമിനി എ ഗ്രൂപ്പിലെ പി ടി ബാബുവിനെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. ചെയർമാനെ തീരുമാനിക്കാൻ ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർടി യോഗത്തിൽ കൗൺസിലർമാർ പല പേരുകൾ ഉയർത്തിയതോടെയാണ് തീരുമാനം ഡിസിസിക്ക് വിട്ടത്. ഡിസിസി നേതൃത്വം റാഷിദിനെ തീരുമാനിക്കുകയുമായിരുന്നു.










0 comments