ad
Deshabhimani

രണ്ട് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിൽ വകുപ്പ് വിഭജനം; ലീഗിനെ വെട്ടി കോൺഗ്രസ്; ഉന്നത വിദ്യാഭ്യാസം റോജി എം ജോണിന്

LDF.jpg

യുഡിഎഫ് ക്യാബിനറ്റ്

വെബ് ഡെസ്ക്

Published on May 20, 2026, 11:07 AM | 1 min read

തിരുവനന്തപുരം: കടുത്ത തർക്കങ്ങൾക്കും ഘടകകക്ഷികളുടെ കടുംപിടുത്തങ്ങൾക്കും ഒടുവിൽ വി ഡി സതീശൻ മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. സത്യപ്രതിജ്ഞ കഴിഞ്ഞ് രണ്ടാം ദിനത്തിലാണ് കസേരക്കളിക്ക് താല്ക്കാലിക വിരാമമിട്ട് മുഖ്യമന്ത്രി വകുപ്പുകളുടെ അന്തിമ പട്ടിക ഗവർണർക്ക് കൈമാറിയത്.


മുസ്ലിം ലീഗിന്റെ കടുത്ത സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ഏറെ തർക്കങ്ങൾക്ക് വഴിവെച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് തന്നെ ഏറ്റെടുത്തു. പ്രമുഖ കോൺഗ്രസ് നേതാവ് റോജി എം ജോണാണ് പുതിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി. മറ്റ് പ്രധാന വകുപ്പുകളിൽ എ പി അനിൽകുമാറിന് വൈദ്യുതി വകുപ്പിനൊപ്പം ദേവസ്വം വകുപ്പും ലഭിച്ചു.


യുവ നേതാവ് ഒ ജെ ജനീഷിന് സ്പോർട്സ്, യുവജനകാര്യം എന്നിവയ്ക്കൊപ്പം തൊഴിൽ വകുപ്പിന്റെ ചുമതലയും നൽകിയിട്ടുണ്ട്. കോൺഗ്രസ് വിട്ടുനൽകിയ ഫിഷറീസ്, ഗ്രാമവികസന വകുപ്പുകൾ മുസ്ലിം ലീഗിന് കൈമാറിയെന്നാണ് സൂചന. വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ നാണംകെട്ട തർക്കങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയത്.


സത്യപ്രതിജ്ഞ കഴിഞ്ഞയുടൻ വകുപ്പുകളുടെ വിജ്ഞാപനം ഇറക്കുമെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചിരുന്നതെങ്കിലും കോൺഗ്രസിലെ ആഭ്യന്തര കലഹവും ലീഗിന്റെ വാശിയും കാരണം അത് നീളുകയായിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് യാതൊരു കാരണവശാലും വിട്ടുനൽകില്ലെന്ന നിലപാടിലായിരുന്നു മുസ്ലിം ലീഗ്.


കൂടാതെ ഫിഷറീസ് വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സാമൂഹ്യനീതി വകുപ്പും വേണമെന്നും ലീഗും കോൺഗ്രസും വാശി പിടിച്ചിരുന്നു. ഫിഷറീസ് വകുപ്പ് കോൺഗ്രസ് തന്നെ കൈകാര്യം ചെയ്യണമെന്ന ലത്തീൻ സഭയുടെ ശക്തമായ സമ്മർദ്ദമാണ് ലീഗിനെ തടയാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത്. ഫിഷറീസ് തങ്ങൾക്ക് നൽകിയാൽ മാത്രമേ ഉന്നത വിദ്യാഭ്യാസം വിട്ടുനൽകൂ എന്നായിരുന്നു ലീഗിന്റെ ഭീഷണി.


എന്നാൽ ഒടുവിൽ ലീഗിന്റെ ഭീഷണികൾക്ക് മുന്നിൽ പൂർണ്ണമായി വഴങ്ങാതെ ഉന്നത വിദ്യാഭ്യാസം കോൺഗ്രസ് കൈപ്പിടിയിലൊതുക്കുകയായിരുന്നു. നാളെ നിയമസഭയിൽ പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കാനിരിക്കെയാണ് ഇന്ന് നാടകീയ നീക്കങ്ങളിലൂടെ വകുപ്പ് തർക്കങ്ങൾക്ക് താല്ക്കാലിക പരിഹാരം കണ്ടത്. എങ്കിലും വകുപ്പുകൾ വിഭജിച്ചതിലും പല പ്രമുഖരെയും വെട്ടിനിരത്തിയതിലും കോൺഗ്രസിനകത്തും യുഡിഎഫ് മുന്നണിക്കുള്ളിലും വലിയ അസംതൃപ്തി പുകയുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home