print edition കോർപറേഷനിലും ബോർഡിലും തർക്കം തുടരുന്നു

തിരുവനന്തപുരം: അധികാരത്തിലെത്തി അഞ്ചുമാസം കഴിഞ്ഞിട്ടും കോർപറേഷനുകളുടെയും ബോർഡുകളുടെയും കാര്യത്തിൽ യുഡിഎഫിൽ അന്തിമ തീരുമാനമായില്ല. മുന്നണിയോഗം ഇതുവരെ വിളിച്ചുചേർത്തിട്ടില്ല. അഭിപ്രായം അറിയിക്കാൻ ഡിസിസികളോട് കെപിസിസി നിർദേശിച്ചിട്ടുണ്ട്.
30ന് ഡൽഹിയിലെത്താൻ കേരളത്തിലെ നേതാക്കളോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടു. ഇൗ ചർച്ചയിൽ കെപിസിസി പ്രസിഡന്റിന്റെ കാര്യം തീരുമാനമായേക്കും. കെപിസിസി പ്രസിഡന്റ് പദവിയിലേക്ക് എ പി അനിൽകുമാറിന്റെ പേരും ഉയർന്നിട്ടുണ്ട്. അങ്ങനെയെങ്കിൽ മന്ത്രിസഭയിലും മാറ്റംവന്നേക്കും.
2011–16 കാലഘട്ടത്തിൽ ബോർഡുകളും കോർപറേഷനുകളും വിഭജിച്ച അതേ നിലയിൽ ഇക്കുറിയും തീരുമാനം എടുക്കണമെന്ന നിലപാടാണ് ഘടകകക്ഷികൾക്ക്. എന്നാൽ അന്നത്തേതിനേക്കാൾ നിയമസഭയിൽ കോൺഗ്രസിന് അംഗസംഖ്യ കൂടുതലുള്ളതിനാൽ അതിന് വഴങ്ങേണ്ട എന്നാണ് തീരുമാനം.
മുസ്ലിംലീഗിന് കോൺഗ്രസ് കീഴടങ്ങുന്നു എന്ന വിമർശവും ചിലർ കണക്കിലെടുക്കുന്നുണ്ട്. നിലവിൽ അഞ്ചു മന്ത്രിമാർക്ക് പുറമേ ഒരു കാബിനറ്റ് പദവികൂടി മുസ്ലിംലീഗിന് നൽകി. ഭരണപരിഷ്‌കാര കമീഷൻ ചെയർപേഴ്‌സൺ ആയി എം കെ മുനീറും ചുമതലയേറ്റു. കാബിനറ്റ് പദവിയുള്ള ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രതിനിധി ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി ദേവരാജനാണ്.
മുന്നണി സംവിധാനത്തിൽ അല്ലെങ്കിലും ഘടകകക്ഷികളുമായി കോൺഗ്രസ് പലപ്പോഴായി ചർച്ച നടത്തിയിട്ടുണ്ട്. വീതംവയ്‌പിൽ ലീഗിന് 20, കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഏഴ് എന്നിവയിൽ ഏറെക്കുറെ ധാരണയായി.
പി ജെ ജോസഫിന് കാബിനറ്റ് പാദവിയുള്ള സ്ഥാനം വേണമെന്ന ആവശ്യത്തിനായി സമ്മർദമുണ്ട്. അദ്ദേഹത്തിന്റെ മകൻ അപു ജോൺ ജോസഫ് കാബിനറ്റ് പദവിയുള്ള ചീഫ് വിപ്പാണ്. അച്ഛനും മകനും പദവി നൽകുന്നതിനാൽ കേരള കോൺഗ്രസിലും എതിർപ്പുണ്ട്. തോമസ് ചാഴിക്കാടൻ എംഎൽഎ ഇതിന്റെ പേരിൽ ഇടഞ്ഞുനിൽക്കുകയാണ്.









0 comments