print edition മുണ്ടക്കൈ ദുരന്തത്തിന് നാളെ രണ്ടാണ്ട്: പുതുനഗരം; പുതുസ്വപ്‌നം

ഉയിർപ്പിന്റെ പാഠം... മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി എൽഡിഎഫ് സർക്കാർ കൽപ്പറ്റയിൽ നിർമിച്ചുനൽകിയ ടൗൺഷിപ്പിലെ വീടുകളിൽനിന്ന് ചൊവ്വ രാവിലെ സ്‌കൂളിലേക്ക് പോകുന്ന വിദ്യാർഥികൾ | ഫോട്ടോ: എം എ ശിവപ്രസാദ്
കൽപ്പറ്റ: പുഞ്ചിരിമട്ടത്തിന് മുകളിൽ വെള്ളരിമലയുടെ ഹൃദയംപിളർന്ന് വെള്ളം ചാലുകീറി ഒഴുകുന്നുണ്ട്. എല്ലാം തകർത്തുടച്ച രൗദ്രഭാവമോ, മരണത്തിന്റെ ഗന്ധമോ ഇല്ല. പാറകളിൽ അലതല്ലി പതഞ്ഞാണ് പുന്നപ്പുഴ നീളുന്നത്. കാതോർത്താൽ ഒഴുക്കിക്കൊണ്ടുപോയ ജീവനുകളുടെ പിടച്ചിൽ അറിയാം.
ഇതിനപ്പുറം കൽപ്പറ്റയിൽ പുതിയ പുഞ്ചിരിമട്ടം കാണാം. വീണ്ടെടുത്ത ചിരികൾ ഓരോവീട്ടിലും പൊട്ടിച്ചിതറുന്നുണ്ട്. മുറ്റങ്ങളിൽ അതിജീവന പൂക്കൾ സുഗന്ധം പടർത്തുന്നു. കേരളത്തിനുമീതെ സങ്കടമട്ടം പൊട്ടിയൊഴുകിയ മുണ്ടക്കൈ–-ചൂരൽമല ഉരുൾപൊട്ടലിന് നാളെ രണ്ടാണ്ട്.
2024 ജൂലൈ 30ന് പുലർച്ചെയാണ് പുഞ്ചിരിമട്ടം പൊട്ടി ഒരു നാടാകെ ഒലിച്ചുപോയത്. 298 പേർ മരിച്ചു. രാജ്യം അന്നേവരെ കാണാത്ത ഉരുൾപൊട്ടലിനെ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിലൂടെ കേരളം നേരിട്ടു.
ഒരുപതിറ്റാണ്ട് കേരളത്തെ കരുതലോടെ കാത്ത എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ കൽപ്പറ്റയിലെ ടൗൺഷിപ്പിൽ പുതിയ മുണ്ടക്കൈ ഉയിർത്തു. ലോകമാതൃകയായി പണിത അതിജീവന നഗരം കഴിഞ്ഞ മാർച്ച് ഒന്നിന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. 178 കുടുംബങ്ങൾക്ക് ഏഴ് സെന്റും വീടും നൽകി.
ടൗൺഷിപ്പിൽ താമസം ആരംഭിച്ച ഇവർ ജീവിതം തിരികെപിടിച്ച് പുതിയ സ്വപ്‌നങ്ങൾ നെയ്യുന്നു. വിലയ്‌ക്കുവാങ്ങിയ 64.47 ഹെക്ടറിലാണ് ടൗൺഷിപ്. ആകെ നിർമിക്കുന്ന 410 വീടുകളിൽ 304 വീടിന്റെ വാർപ്പും ഒന്നാംഘട്ടം ഉദ്‌ഘാടനംചെയ്യുന്പോൾ പൂർത്തിയായിരുന്നു. റോഡും ചുറ്റുമതിലും സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളും ഭൂഗർഭവൈദ്യുതിയും ഗ്രീൻ സ്പെയ്‌സുമെല്ലാം ഒരുക്കി. നിർമാണം തുടങ്ങി 320-–ാം ദിനം ആദ്യഘട്ടം സമർപ്പിച്ചു.
ഭരണമാറ്റം ടൗൺഷിപ് നിർമാണത്തെ ബാധിച്ചിട്ടുണ്ട്. പ്രവൃത്തികൾക്ക് പഴയ വേഗമില്ല. നിർമാണ ചുമതലയുള്ള കിഫ്‌ബിയുടെ ഉദ്യോസ്ഥരെ പിൻവലിച്ചതും ചീഫ് ഓപ്പറേറ്റിങ് ഓഫീസറെ സ്ഥലംമാറ്റി, പുതിയ നിയമനത്തിന് ദീർഘനാൾ കാത്തിരിക്കേണ്ടിവന്നതും തിരിച്ചടിയായി. മുണ്ടക്കൈയിലെയും പുഞ്ചിരിമട്ടത്തേയും കൃഷിയും സ്ഥലവും സംരക്ഷിക്കുന്നതിനുള്ള നടപടികളും എൽഡിഎഫ് സ്വീകരിച്ചിരുന്നു. റോഡുകളും പാലങ്ങളുമെല്ലാം ഉയരുകയാണ്.










0 comments