അന്യായ സ്ഥലംമാറ്റം എൻജിഒ യൂണിയൻ ജില്ലാ മെഡിക്കൽ ഓഫീസ് ഉപരോധിച്ചു

കണ്ണൂർ ആരോഗ്യവകുപ്പിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ മാനദണ്ഡം പാലിക്കാതെ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ് ഉപരോധിച്ചു. ഭരണമാറ്റത്തിനുപിന്നാലെയാണ് ഭിന്നശേഷിക്കാർ, മാരക രോഗത്തിന് ചികിത്സിക്കുന്നവർ, പ്രത്യേക പരിഗണന അർഹിക്കുന്നവർ, വിധവകൾ, വനിതകൾ എന്നിവരെ ഉൾപ്പെടെ വിദൂര സ്ഥലങ്ങളിലേക്ക് മാറ്റിയത്. വലതുപക്ഷ സർവീസ് സംഘടനകളുടെ അംഗങ്ങൾ അല്ലാത്ത ജീവനക്കാരെയാണ് തലങ്ങും വിലങ്ങും മാറ്റിയത്. കുറഞ്ഞ വരുമാനക്കാരായ പിടിഎസ്, ലാസ്റ്റ് ഗ്രേഡ് വിഭാഗത്തിൽപെട്ട ജീവനക്കാരെ അപേക്ഷയുടെ അടിസ്ഥാനത്തിൽ മാത്രം സ്ഥലംമാറ്റുന്നതാണ് കീഴ്‌വഴക്കം. എന്നാൽ പാർട് ടൈം ജീവനക്കാരെയും ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെയും ഉൾപ്പെടെയാണ് ഇത്തവണ മാറ്റിയത്. ജില്ലാ മെഡിക്കൽ ഓഫീസിൽനിന്ന് ചൊവ്വാഴ്‌ച പുറത്തുവിട്ട ഓഫീസ് അറ്റൻഡന്റുമാരുടെ അന്തിമ സ്ഥലംമാറ്റ ഉത്തരവിൽ 48 പേരുണ്ട്. ഇതിൽ മാനദണ്ഡം പാലിക്കാത്ത സ്ഥലം മാറ്റങ്ങളിൽ ഭേദഗതികൾ ആവശ്യപ്പെട്ടാണ് ജില്ലാ മെഡിക്കൽ ഓഫീസ് ഉപരോധിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസർ ആർ വിവേക് കുമാർ പൊലീസ് മേധാവികളുടെ മധ്യസ്ഥതയിൽ യൂണിയൻ നേതൃത്വവുമായി നടത്തിയ ചർച്ചയിൽ ബുധനാഴ്‌ച വൈകിട്ടുമുന്പ് സ്ഥലംമാറ്റ ഉത്തരവിൽ ജീവനക്കാരുടെ അപേക്ഷ പ്രകാരമുള്ള ഭേദഗതികൾ വരുത്താമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി ആർ സ്മിത, ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത്, പ്രസിഡന്റ് പി പി സന്തോഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം ടി വി പ്രജീഷ്, ജില്ലാ ഭാരവാഹികളായ കെ പി വിനോദൻ, ടി ഷറഫുദ്ദീൻ, എം അനീഷ് കുമാർ, കെ ഷീബ എന്നിവർ സംസാരിച്ചു.










0 comments