ad
Deshabhimani

വി ആർ സുധീർ ഡെപ്യൂട്ടി മേയർ ​

Deputy Mayor

കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയറായി വി ആർ സുധീർ 
സത്യ-പ്രതിജ്ഞ ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 30, 2026, 03:01 AM | 1 min read

കൊച്ചി


കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറായി യുഡിഎഫിലെ വി ആർ സുധീറിനെ തെരഞ്ഞെടുത്തു. 46 വോട്ട്‌ ലഭിച്ചു. എൽഡിഎഫ്‌ സ്ഥാനാർഥി നസ്രത്ത്‌ ഡിവിഷൻ ക‍ൗൺസിലർ പി ജെ യേശുദാസിന് 21 വോട്ടും ബിജെപി സ്ഥാനാർഥി തൃക്കണാർവട്ടം ക‍ൗൺസിലർ ജലജ എസ് ആചാര്യയ്ക്ക് ആറ്‌ വോട്ടും ലഭിച്ചു. കലക്ടർ ജി പ്രിയങ്ക വരണാധികാരിയായി.


നിശ്ചിതസമയത്തിനുശേഷം എത്തിയ കോൺഗ്രസ് കൗൺസിലർ ആൽബർട്ട് അമ്പലത്തിങ്കലിന്‌ വോട്ട്‌ ചെയ്യാനായില്ല. എൽഡിഎഫ്‌ അംഗങ്ങൾ ഇദ്ദേഹം വൈകിയെത്തിയത്‌ ചൂണ്ടിക്കാട്ടിയതോടെ കലക്ടർ വോട്ട്‌ ചെയ്യാൻ അനുമതി നൽകിയില്ല. എൽഡിഎഫ്‌ അംഗങ്ങളിൽ ഒരാളുടെ വോട്ട്‌ അസാധുവായി. ബാലറ്റ്‌ പേപ്പറിൽ പേര്‌ എഴുതാതിരുന്നതിനെ തുടർന്നായിരുന്നിത്‌. മേയർ വി കെ മിനിമോൾ സുധീറിന്‌ സത്യവാചകം ചൊല്ലിക്കൊടുത്തു.


നാലാംതവണയാണ്‌ സുധീർ ക‍ൗൺസിലറാകുന്നത്‌. കോർപറേഷന്റെ 26–മത്തെ ഡെപ്യൂട്ടി മേയറാണ്‌. എറണാകുളം നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റാണ്‌. ഭാര്യ. സീന. മക്കൾ: രാജ് കൃഷ്ണ, അഭിരാജ് കൃഷ്ണ. അനുമോദന യോഗത്തിൽ മേയർ വി കെ മിനിമോൾ, എൽഡിഎഫ്‌ പാർലമെന്ററി പാർടി നേതാവ്‌ വി എ ശ്രീജിത്ത്‌, സ്ഥിരംസമിതി അധ്യക്ഷൻ ടി കെ അഷ്റഫ് എന്നിവർ സംസാരിച്ചു.


ഡെപ്യൂട്ടി മേയറായിരുന്ന ദീപക്‌ ജോയി തൃപ്പൂണിത്തുറയിൽനിന്ന്‌ നിയമസഭാംഗമായതോടെയാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌.

കോൺഗ്രസിലെ വീതംവയ്‌പ്പുപ്രകാരം ആദ്യ രണ്ടരവർഷം എ ഗ്രൂപ്പിനും തുടർന്ന്‌ ഐ ഗ്രൂപ്പിനുമാണ്‌ ഡെപ്യൂട്ടി മേയർ പദവി. ദീപക്‌ രാജിവച്ചതോടെ ഡെപ്യൂട്ടി മേയർ പദവിക്കായി കരുനീക്കങ്ങളും പോരും സജീവമായിരുന്നു. ഒടുവിൽ സീനിയോറിറ്റിയും സമുദായ സമവാക്യവും പരിഗണിച്ച്‌ സുധീറിനെ തീരുമാനിക്കുകയായിരുന്നു. രണ്ടരവര്‍ഷത്തിനുശേഷം ഐ ഗ്രൂപ്പുകാരനായ കെ വി പി കൃഷ്ണകുമാറിനെ ഡെപ്യൂട്ടി മേയറാക്കാനാണ്‌ ധാരണ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home