print edition ചൂരൽമല ദുരന്തത്തിന് നാളെ രണ്ടാണ്ട്; ചാലിയാർ നിറയെ നീറുമോർമകൾ

ചാലിയാറിൽനിന്ന് മൃതദേഹങ്ങൾ പുതപ്പിൽ കെട്ടി പുഴയിലൂടെ കിലോമീറ്ററുകൾ താണ്ടി മുണ്ടേരിയിലേക്ക് നീങ്ങുന്നവർ (ഫയൽ ചിത്രം)
എടക്കര: 2024 ജൂലൈ 30ന് രാവിലെ ആറ്. ചാലിയാറിന്റെ തീരത്ത് വെളിച്ചം വീണുതുടങ്ങിയിട്ടേയുള്ളൂ. പോത്തുകല്ല് പഞ്ചായത്തിലെ കുനിപ്പാലയിൽ പുഴയുടെ തീരത്തടിഞ്ഞ കുഞ്ഞിന്റെ മൃതദേഹം കണ്ട് നാട് വിറച്ചു. വസ്ത്രങ്ങളില്ല, ശരീരഭാഗങ്ങൾ പലതുമില്ല, വിവരമറിഞ്ഞ് തീരത്ത് ജനംതടിച്ചുകൂടി.
ഉടൻ അടുത്ത വാർത്തയെത്തി പനങ്കയം പാലത്തിനുതാഴെ മറ്റൊരു മൃതദേഹം. തുടർന്ന് വാണിയമ്പുഴ നഗറിലെ ആദിവാസികൾ നാല് ശരീരഭാഗങ്ങൾ കണ്ടതായും അറിയിച്ചു. വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ മൃതദേഹങ്ങളും ശരീരാവശിഷ്‌ടങ്ങളും 30 കിലോമീറ്ററുകൾക്കിപ്പുറം പോത്തുകല്ലിൽ ചാലിയാറിന്റെ തീരങ്ങളിൽ അടിഞ്ഞു.
ഒട്ടുംസമയം കളയാതെ രക്ഷാപ്രവർത്തനത്തിന് മലയോരം കൈകോർത്തു. സർക്കാർ സംവിധാനങ്ങൾ വളരെ വേഗത്തിൽ ഏകോപിപ്പിച്ച് പ്രവർത്തനം. കലങ്ങിമറിഞ്ഞൊഴുകുന്ന ചാലിയാറിൽനിന്ന് 80 മൃതദേഹങ്ങളും 177 ശരീരഭാഗങ്ങളുമാണ് കണ്ടെടുത്തത്. നാടുനടുങ്ങിയ ആ ദിനത്തിന് വ്യാഴാഴ്‌ച രണ്ടാണ്ട്.
ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും ചേർന്ന് ദിവസങ്ങളോളമാണ് ചാലിയാറിൽ തിരച്ചിൽ നടത്തിയത്. പുഞ്ചിരിമട്ടത്ത് പൊട്ടിയ ഉരുൾ മുണ്ടക്കൈ ചൂരൽമല ഗ്രാമങ്ങൾ വിഴുങ്ങി സൂചിപ്പാറയിൽനിന്ന് അമ്പതടി താഴ്ചയിൽ ചാലിയാറിലേക്കാണ് പതിച്ചത്.
പുന്നപ്പുഴ, കരിമ്പുഴ, കാരക്കോടൻ പുഴ, മഞ്ഞക്കല്ലൻ പുഴ, വാണിയമ്പുഴ, ഇരുവഴിഞ്ഞി പുഴ തുടങ്ങി ഉപനദികളും 20ലധികം ചെറുതോടുകളും 30ഓളം കാട്ടുചോലകളും വിവിധയിടങ്ങളിലായി കൂട്ടുചേർന്ന് ഒന്നായൊഴുകുന്നതാണ് ചാലിയാർ. ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ പാറക്കൂട്ടങ്ങളും മരങ്ങളും വകഞ്ഞുമാറ്റിയായിരുന്നു തിരച്ചിൽ.
44 പുരുഷൻമാർ, 32 സ്ത്രീകൾ, ആൺകുട്ടികൾ മൂന്ന്, പെൺകുട്ടികൾ നാല്, 177 ശരീരഭാഗങ്ങൾ എന്നിവ തീരത്തുനിന്ന് ലഭിച്ചു. നിലന്പൂർ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷമാണ് മൃതദേഹങ്ങൾ വയനാട്ടിലേക്ക് കൊണ്ടുപോയത്.










0 comments