പാതിവില തട്ടിപ്പ്: അനന്തു കൃഷ്ണന്റെ അക്കൗണ്ടിലെത്തിയത് 143 കോടി, രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

കൊച്ചി : പാതിവില തട്ടിപ്പുകേസിൽ മുഖ്യപ്രതി അനന്തു കൃഷ്ണന് ഉണ്ടായിരുന്നത് 21 അക്കൗണ്ടുകളെന്ന് ക്രൈംബ്രാഞ്ച്. 143.5 കോടി രൂപയാണ് അക്കൗണ്ടിലേക്കെത്തിയത്. പ്രതിയെ രണ്ട് ദിവസത്തേക്ക് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. 20,163 പേരിൽ നിന്ന് 60,000 രൂപ വീതം ഇയാൾ വാങ്ങിയതായി കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നു. 4,035 പേരിൽ നിന്ന് 56,000 രൂപ വീതവും കൈപ്പറ്റി. ഇങ്ങനെ 143.5 കോടി രൂപയാണ് സമാഹരിച്ചത്. കടവന്ത്രയിൽ സോഷ്യൽ ബീ വെഞ്ചേഴ്സ് എന്ന പേരിൽ ഇയാൾ സ്ഥാപനം നടത്തുന്നുണ്ട്. ഇതിന്റെ 11 അക്കൗണ്ടുകൾ വഴി 548 കോടി രൂപ ക്രെഡിറ്റായിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നു. മൂവാറ്റുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്.
ഇയാളെ ചോദ്യംചെയ്യുന്നതോടെ കൂടുതൽ വിവരം പുറത്തുവരുമെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരനും സംഘപരിവാർ സഹയാത്രികനുമായ കെ എൻ ആനന്ദകുമാർ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്‌ണൻ, കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ് തുടങ്ങിയ രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം, തട്ടിപ്പിൽ ഇവരുടെ പങ്കാളിത്തം എന്നിവയിൽ കൂടുതൽ വ്യക്തത വരും. ഇതിനകം പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളും സാമ്പത്തിക ഇടപാടിന്റെ രേഖകളും ലഭിച്ചിരുന്നു. ഇത് മുൻനിർത്തിയാകും ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യൽ. ആനന്ദകുമാർ ഉൾപ്പെടെയുള്ളവരെയും ഉടൻ ചോദ്യംചെയ്തേക്കും.
എ എൻ രാധാകൃഷ്‌ണനെയും ലാലി വിൻസെന്റ് ഉൾപ്പെടെയുള്ള നേതാക്കളെയും തട്ടിപ്പിൽ ഉൾപ്പെട്ട ഉന്നതരെയും രക്ഷിക്കാനുള്ള നീക്കമാണ് അനന്തുകൃഷ്‌ണൻ നടത്തുന്നതെന്ന് അന്വേഷകസംഘത്തിന് വ്യക്തമായിട്ടുണ്ട്. മുൻകൂട്ടി തീരുമാനിച്ചപ്രകാരമാണ് അനന്തുകൃഷ്‌ണന്റെ നീക്കങ്ങൾ. പിടിക്കപ്പെട്ടാൽ ബിജെപി–-കോൺഗ്രസ് നേതാക്കളുടെ പങ്കാളിത്തം വെളിപ്പെടുത്തില്ലെന്ന് ഇയാൾ വാഗ്‌ദാനം ചെയ്‌തിരുന്നു. തെളിവെടുപ്പിനിടെ മാധ്യമങ്ങൾക്കുമുന്നിൽ എത്തിയപ്പോൾ ഇക്കാര്യം ശരിവയ്‌ക്കുന്ന പ്രതികരണമാണ് അനന്തുകൃഷ്‌ണനിൽനിന്നുണ്ടായത്.
നിലവിൽ പൊലീസ് കണ്ടെത്തിയതിനേക്കാൾ കൂടുതൽപേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. കൂടുതൽ സംഘടനകളും വ്യക്തികളും പിന്നിലുണ്ട്. ഇവരെയെല്ലാം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. അനന്തുവിന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ സ്ഥാപനങ്ങളുടെയും വിവരശേഖരണം പുരോഗമിക്കുകയാണ്. പരാതിക്കാരുടെയും മൊഴിയെടുക്കും. വിവിധ സ്‌റ്റേഷനുകളിൽ രജിസ്‌റ്റർ ചെയ്‌ത പരാതികൾ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയിരുന്നു.
0 comments