പകുതിവില തട്ടിപ്പ് കേസ് ; ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ തുടങ്ങും

തിരുവനന്തപുരം : പകുതിവില തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേകസംഘം ഉടൻ അന്വേഷണം തുടങ്ങും. പൊലീസ് അന്വേഷിച്ചതിൽ ക്രൈംബ്രാഞ്ചിനു കൈമാറിയ 34 കേസും 11 പുതിയ കേസും എസ്‌ഐടിക്ക് കൈമാറി. ജില്ലകളിൽനിന്ന് കൂടുതൽ കേസ് ക്രൈംബ്രാഞ്ചിന് വന്നുകൊണ്ടിരിക്കുന്നുണ്ട്.
അതത് പൊലീസ് സ്‌റ്റേഷനുകളിൽ രജിസ്‌റ്റർചെയ്യുന്ന കേസ് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് പൊലീസ് സ്‌റ്റേഷനിൽ വീണ്ടും രജിസ്‌റ്റർചെയ്‌താണ് കൈമാറുന്നത്. ഓരോ കേസും ഓരോ ഇൻസ്‌പെക്ടർമാരാകും അന്വേഷിക്കുക. മുഖ്യപ്രതി അനന്തുകൃഷ്‌ണനെ ഒന്നാം പ്രതിയാക്കിയുള്ള മൂവാറ്റുപുഴ പൊലീസിന്റെ കേസാണ് ക്രൈം ബ്രാഞ്ചും പ്രധാനമായി രജിസ്‌റ്റർചെയ്‌തത്. നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ തട്ടിപ്പിനിരയായവരുടെ എണ്ണം മുപ്പതനായിരത്തിലേറെ വരുമെന്നാണ് നിഗമനം.
"കോൺഗ്രസിന് എന്നെ വിശ്വാസം’ ; അനന്തുകൃഷ്‌ണനെ ന്യായീകരിച്ച് ലാലി വിൻസെന്റ്
പാതിവിലതട്ടിപ്പുകേസിലെ മുഖ്യപ്രതി അനന്തുകൃഷ്‌ണനെ ന്യായീകരിച്ച് പ്രതിയും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ ലാലി വിൻസെന്റ്. കോൺഗ്രസിന് തന്നെ വിശ്വാസമാണെന്നും കേസിൽ പ്രതിയായത് സംബന്ധിച്ച് വിശദീകരണമൊന്നും ചോദിച്ചിട്ടില്ലെന്നും അനന്തുകൃഷ്‌ണന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതിയിലുണ്ടായിരുന്ന ലാലി വിൻസെന്റ് മാധ്യമങ്ങളോട് പറഞ്ഞു.
അനന്തുകൃഷ്‌ണൻ പുറത്തുവന്നാൽ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണുള്ളത്. പണം നൽകി പദ്ധതിയിൽ ചേർന്നവരല്ല കേസ് നൽകിയത്. അവർ വഴി നൽകിയ പണത്തിൽ 55 ലക്ഷം മാത്രമാണ് തിരിച്ചുകൊടുക്കാനുള്ളത്. പൊലീസ് പിടിച്ചെടുത്ത അനന്തുകൃഷ്‌ണന്റെ ഡയറിയിൽ എല്ലാ വിവരങ്ങളുമുണ്ട്. പൊലീസിനോട് എല്ലാം പറഞ്ഞിട്ടുമുണ്ട്. താൻകൂടി പ്രതിയായ കേസ് തീർന്നാൽ അനന്തുകൃഷ്‌ണന്റെ കേസിന്റെ ചുമതല ഏറ്റെടുക്കുമെന്നും ലാലി വിൻസെന്റ് പറഞ്ഞു.








0 comments