ഒരുദിവസത്തെ സാമ്പത്തിക ഇടപാടുകൾ 100 പേജ്
ഇരുചക്രവാഹന തട്ടിപ്പ് ; അനന്തു കൃഷ്‌ണന്റെ ഫൗണ്ടേഷനെക്കുറിച്ചും അന്വേഷണം

കൊച്ചി : സ്‌ത്രീകൾക്ക് പകുതിവിലയ്‌ക്ക് ഇരുചക്രവാഹനം നൽകാമെന്ന് വാഗ്‌ദാനം നൽകി കോടികൾ തട്ടിയ കേസിൽ അറസ്‌റ്റിലായ പ്രതി അനന്തു കൃഷ്‌ണൻ രൂപീകരിച്ച ഗ്രാസ് റൂട്ട് ഇംപാക്ട് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും. കാക്കനാട് പ്രത്യേക സാമ്പത്തികമേഖലയിലാണ് ഫൗണ്ടേഷന്റെ ഓഫീസെന്നാണ് ഇന്ത്യൻ കമ്പനികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്ന പ്ലാറ്റ്‌ഫോമിൽ നൽകിയിരിക്കുന്നത്. ഇതിലെ വിവരങ്ങൾപ്രകാരം അനന്തു കൃഷ്‌ണൻ കമ്പനിയുടെ മുൻ ഡയറക്ടറാണ്. 2024 മെയ് രണ്ടുമുതൽ ജൂലൈ 25 വരെയാണ് ഡയറക്ടറായിരുന്നത്. നിലവിൽ രാധാകൃഷ്‌ണൻ ചൂരക്കുളങ്ങരയാണ് ഡയറക്ടർ. അഖിൽ ബാബു അഡീഷണൽ ഡയറക്ടറും.
കമ്പനിയെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മൂവാറ്റുപുഴ പൊലീസ് പ്രാഥമികാന്വേഷണം നടത്തിയിരുന്നു. അനന്തു കൃഷ്‌ണൻ തട്ടിപ്പിലൂടെ സമ്പാദിച്ച പണം കമ്പനിയുടെ അക്കൗണ്ടുകളിൽ എത്തിയിട്ടുണ്ടോയെന്ന് കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് അന്വേഷിക്കും.
പൊന്നുരുന്നിയിലുള്ള എൻജിയോസ് കോൺഫെഡറേഷൻ പ്രോജക്ട് ഓഫീസ്, കടവന്ത്രയിലെ സോഷ്യൽ ബീ വെൻച്വേഴ്‌സ്, കളമശേരിയിലെ പ്രൊഫഷണൽ സർവീസ് ഇന്നൊവേഷൻ എന്നിവിടങ്ങളിലെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും.
ഒരുദിവസത്തെ സാമ്പത്തിക ഇടപാടുകൾ 100 പേജ്
അനന്തു കൃഷ്‌ണന്റെ ഒരുദിവസത്തെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾതന്നെ നൂറ് പേജിലധികം നീളുന്നവയാണ്. കേസന്വേഷിച്ച ആദ്യത്തെ പ്രത്യേക അന്വേഷകസംഘത്തിന്റേതാണ് കണ്ടെത്തൽ. ജില്ലയിലെ പല പ്രമുഖ സ്ഥാപനങ്ങൾക്കും ഇയാൾ ലക്ഷങ്ങൾ നൽകിയതായും കണ്ടെത്തിയിരുന്നു. ഇതിന്റെ വിവരങ്ങളും ക്രൈംബ്രാഞ്ച് വിശദമായി പരിശോധിക്കും.








0 comments