ഇഡി കേസെടുത്തു
പാതിവില തട്ടിപ്പ് ; അനന്തു കൃഷ്‌ണന്റെ സ്ഥാപനത്തിൽ പരിശോധന തുടരുന്നു

കൊച്ചി : പാതിവിലയ്‌ക്ക് ഇരുചക്രവാഹനം വാഗ്‌ദാനംചെയ്‌ത് കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന്റെ കടവന്ത്രയിലെ ‘സോഷ്യൽ ബീ വെൻച്വേഴ്‌സ്’ എന്ന സ്ഥാപനത്തിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ഡിവൈഎസ്‌പി ടോമി സെബാസ്‌റ്റ്യന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വെള്ളി രാവിലെ 9.30ന് ആരംഭിച്ച പരിശോധന രാത്രിവരെ നീണ്ടു. കോടികളുടെ സാമ്പത്തിക ഇടപാടുകൾ സോഷ്യൽ ബീ വെൻച്വേഴ്‌സിന്റെ പേരിൽ ഇയ്യാട്ടുമുക്ക് എച്ച്‌ഡിഎഫ്‌സി ബാങ്കിലെ അക്കൗണ്ടുവഴി നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ. ശനിയാഴ്‌ചയും പരിശോധന തുടരും.
പാതിവിലയ്ക്ക് സ്‌കൂട്ടർ നൽകുന്ന ‘വിമൻ ഓൺ വീൽസ്’ പദ്ധതി ആസൂത്രണം ചെയ്‌തത് ഈ സ്ഥാപനത്തിൽവച്ചാണ്. സോഷ്യൽ ബീ വെൻച്വേഴ്‌സിന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന ഒന്നരക്കോടിയോളം രൂപ നേരത്തേ പൊലീസ് മരവിപ്പിച്ചിരുന്നു. ഇതുൾപ്പെടെ അനന്തുവിന്റെ 21 അക്കൗണ്ടുകളാണ് ഇതിനകം മരവിപ്പിച്ചത്.
അനന്തു കൃഷ്ണൻ തുക കൈമാറിയവരുടെ വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചുവരികയാണ്. 500 കോടിയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്. ജില്ലയിൽ 34 കേസാണ് പൊലീസ് രജിസ്‌റ്റർ ചെയ്‌തത്. ഇതിൽ മൂവാറ്റുപുഴ, കോതമംഗലം സ്‌റ്റേഷനുകളിലെ കേസുകളാണ് ആദ്യഘട്ടം ക്രൈംബ്രാഞ്ച് അന്വേഷിക്കുക.
ഓഫീസുകളിലെ പരിശോധന പൂർത്തിയാക്കിയാലുടൻ അനന്തു കൃഷ്ണനെ കസ്റ്റഡിയിൽവാങ്ങി ചോദ്യംചെയ്യും.
ഇഡി കേസെടുത്തു
സ്‌ത്രീകൾക്ക് പാതിവിലയ്‌ക്ക് ഇരുചക്രവാഹനം നൽകാമെന്നുപറഞ്ഞ് കോടികൾ തട്ടിയ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തു. കേസിലെ മുഖ്യപ്രതി അനന്തുകൃഷ്‌ണനെതിരെ മൂവാറ്റുപുഴ പൊലീസ് രജിസ്‌റ്റർചെയ്‌ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസെടുത്തത്.
മൂവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്‌മെന്റ് സൊസൈറ്റി (സീഡ് സൊസൈറ്റി)യിൽനിന്നുള്ള പരാതിയിൽ 7.59 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ജനുവരി 31നാണ് അനന്തുകൃഷ്‌ണനെ അറസ്‌റ്റുചെയ്‌തത്. ഇയാളുടെ സാമ്പത്തിക ഇടപാടുകൾ ഇഡി പരിശോധിക്കും. പരാതിക്കാരിൽനിന്ന് വരുംദിവസങ്ങളിൽ മൊഴിയെടുക്കുമെന്നാണ് സൂചന. സായിഗ്രാം സ്ഥാപകൻ കെ എൻ ആനന്ദകുമാറിന്റെ പങ്കും അന്വേഷിക്കും.
അനന്തുകൃഷ്‌ണന്റെ 21 ബാങ്ക് അക്കൗണ്ടുകൾവഴി 500 കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായാണ് പൊലീസ് കണ്ടെത്തൽ.








0 comments