print edition ആർആർടിഎസ് പദ്ധതിക്ക് അപേക്ഷിച്ച് രണ്ടുമാസം: പ്രതികരിക്കാതെ കേന്ദ്രസർക്കാർ

സ്വന്തം ലേഖകൻ
Published on Apr 30, 2026, 12:01 AM | 1 min read
തിരുവനന്തപുരം: അതിവേഗ പാതയ്‌ക്കുള്ള റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പദ്ധതിക്കായി കേരളം അപേക്ഷിച്ചിട്ട് രണ്ടുമാസം. സാധ്യതാപഠനം നടത്തി ഡിപിആർ തയ്യാറാക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നിര്‍ദേശം നൽകാനാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടുമാസംമുന്പാണ് കേന്ദ്രനഗരകാര്യമന്ത്രി മനോഹർലാൽ ഖട്ടറിന് കത്തയച്ചത്. ഇതുവരെ തുടർനടപടി സ്വീകരിച്ചിട്ടില്ല. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളുമായും മെട്രോറെയിൽ പദ്ധതികളുമായി ബന്ധിപ്പിച്ച് നടപ്പാക്കേണ്ട പദ്ധതിക്ക് 1.92 ലക്ഷം കോടിയാണ് ചെലവ്.
നാലുഘട്ടമായാണ് വിഭാവനം ചെയ്‌തത്. ഒന്നാംഘട്ടം തിരുവനന്തപുരം–തൃശൂർ ട്രാവൻകൂർ ലൈനാണ്. 284 കിലോമീറ്റർ ലൈൻ 2027ൽ ആരംഭിച്ച് 2033ൽ പൂർത്തിയാക്കും. രണ്ടാംഘട്ടമായി മലബാർ ലൈൻ (തൃശൂർ–കോഴിക്കോട്), മൂന്നാംഘട്ടം കണ്ണൂർ ലൈൻ(കോഴിക്കോട്–കണ്ണൂർ), നാലാംഘട്ടം കാസർകോട് ലൈൻ (കണ്ണൂർ–കാസർകോട്). ഭാവിയിൽ കാസർകോടുനിന്ന് മംഗളൂരുവിലേക്കും തൃശൂരിൽനിന്ന് പാലക്കാട് വഴി കോയന്പത്തൂരിലേക്കും തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിയിലേക്കും പാത നീട്ടാം. ചെലവിന്റെ 20ശതമാനം മാത്രമാണ് കേന്ദ്രസർക്കാർ നൽകേണ്ടത്.
ഒക്യുപെൻസിയിലും മുന്നിൽ
രാജ്യത്ത് റിസർവ്‌ഡ് സീറ്റിൽ കൂടുതൽ ഒക്യുപെൻസിയുള്ള(സീറ്റ് ഉപയോഗം) വന്ദേഭാരത് എക്‌സ്‌പ്രസും എക്‌സ്‌പ്രസുകളും ഓടുന്നത് കേരളത്തിൽ. ആദ്യ പത്തിൽ എട്ടും കേരളത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളാണെന്ന് ദക്ഷിണറെയിൽവേ റിപ്പോർട്ടിൽ പറയുന്നു.
ട്രെയിനുകളും ഒക്യുപെൻസി നിരക്കും(ശതമാനത്തിൽ):-- കന്യാകുമാരി-–മംഗളൂരു പരശുറാം എക്‌സ്‌പ്രസ്(16650)– 267.67, തിരുവനന്തപുരം നോർത്ത് –ഇൻഡോർ ജങ്‌ഷൻ എക്‌സ്‌പ്രസ്(20931)– 266.24, മംഗളൂരു സെൻട്രൽ –കന്യാകുമാരി പരശുറാം എക്‌സ്‌പ്രസ് (16649) – 261.23, തിരുവനന്തപുരം സെൻട്രൽ–ന്യൂഡൽഹി കേരള എക്‌സ്‌പ്രസ്(12625)– 259.88, ഹിമാസാഗർ എക്‌സ്‌പ്രസ്(16317) – 251.75, എറണാകുളം–ഓഖ എക്‌സ്‌പ്രസ് – 250.34, ജാംനഗർ–തിരുനെൽവേലി എക്‌സ്‌പ്രസ്(19578) – 250.61, ഗാന്ധിധാം–നാഗർകോവിൽ എക്‌സ്‌പ്രസ്(16335)– 248.
വന്ദേഭാരത് എക്‌സ്‌പ്രസുകളിലേത് ശരാശരി 180ശതമാനത്തിന് മുകളിലാണ്. വന്ദേഭാരത് എക്‌സ്‌പ്രസുകളിൽ തിരുവനന്തപുരം സെൻട്രൽ–മംഗളൂരു സെൻട്രൽ –187.78, മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ – 173.33, കാസർകോട്–തിരുവനന്തപുരം സെൻട്രൽ – 172.87, തിരുവനന്തപുരം സെൻട്രൽ –കാസർകോട് –159.36 എന്നിങ്ങനെയാണ് ഒക്യുപെൻസി.










0 comments