‘എയിഡ്സ് കാരിയർ' മയക്കുമരുന്ന് ആംപ്യൂളുകളുമായി 2 പേർ പിടിയിൽ

ലോറെസെപാം ആപ്യൂള്‍, കെ കെ അനൂപ് , പ്രഭാകരൻ
കൊച്ചി: കൊച്ചി നഗരത്തിൽ രഹസ്യമായി സംഘടിപ്പിക്കുന്ന റേവ് പാർടികളിൽ ഉൻമാദലഹരി പകരാനെത്തിച്ച ലോറെസെപാം ഇൻജക്‌ഷൻ ഐപി എന്ന മാരക മയക്കുമരുന്നുമായി രണ്ടുപേർ എക്സൈസിന്റെ പിടിയിലായി. കരുമാല്ലൂർ കൊറ്റൻകുളങ്ങര പല്ലാക്കപ്പറമ്പ് കെ കെ അനൂപ് (40), ആലുവ ദേശംകടവ് മണിവിലാസം വീട്ടിൽ പ്രഭാകരൻ (ജപ്പാൻ പപ്പൻ–31) എന്നിവരാണ് ഡെപ്യൂട്ടി കമീഷണറുടെ സ്പെഷ്യൽ ഇന്റലിജൻസ് ടീം, ആലുവ റേഞ്ച് എക്സൈസ് എന്നിവരുടെ സംയുക്തനീക്കത്തിൽ പിടിയിലായത്. ഇവരുടെ പക്കൽനിന്ന് നാല് ലോറെസെപാം ആപ്യൂളുകളും സിറിഞ്ചുകളും മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ ഛർദിക്കാതിരിക്കാനുള്ള ആംപ്യൂളും കണ്ടെടുത്തു.
മയക്കുമരുന്ന് കച്ചവടത്തിന് ഉപയോഗിച്ചിരുന്ന ബൈക്കും സ്മാർട്ട്ഫോണുകളും കസ്റ്റഡിയിൽ എടുത്തു. ഉപഭോക്താക്കളുടെ ഇടയിൽ "ജപ്പാൻ പപ്പൻ" എന്ന് അറിയപ്പെടുന്ന പ്രഭാകരനും സുഹൃത്ത് അനൂപും ഒരുമിച്ച് പിടിയിലാകുന്നത് ആദ്യമായാണ്. അമിത ഭയം, ഉത്കണ്ഠ, അർബുദബാധിതർക്ക് വേദനസംഹാരി എന്നിവയ്‌ക്ക് ഉപയോഗിക്കുന്ന മരുന്നാണ് ലോറെസെപാം. ഇത് ‘എയിഡ്സ് കാരിയർ' എന്നും അറിയപ്പെടുന്നു. ഈ മയക്കുമരുന്ന് സേലം, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്ന് കൊണ്ടുവന്നിട്ടുള്ളതാണെന്നാണ് പ്രാഥമികനിഗമനം.
സംഘത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു. ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിന് പടിഞ്ഞാറുവശം ബൈക്കിൽ മയക്കുമരുന്ന് കൈമാറാൻ ഇടനിലക്കാരനെ കാത്തിരിക്കുകയായിരുന്നു ഇരുവരും. എക്സൈസ് സാന്നിധ്യം തിരിച്ചറിഞ്ഞ് മയക്കുമരുന്നും ബൈക്കും ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്പോഴാണ് പിടികൂടിയത്.










0 comments