വൈദ്യുതാഘാതമേറ്റ് പന്ത്രണ്ടുവയസുകാരൻ മരിച്ചു

കുണ്ടറ : വൈദ്യുതാഘാതമേറ്റ് പന്ത്രണ്ടുവയസുകാരൻ മരിച്ചു. കിഴക്കേ കല്ലട കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനിൽ രതീഷിന്റെയും അമൃതയുടെയും മകൻ ആദിദേവ് (12) ആണ് മരിച്ചത്. വ്യാഴം പകൽ പത്തുമണിയോടെയാണ് അപകടമുണ്ടായത്. കരാർ ജോലികൾ നടത്തിവന്നിരുന്ന രതീഷ് വീടിനോട് ചേർന്ന ഷെഡിൽ സൂക്ഷിച്ചിരുന്ന കോൺക്രീറ്റിംഗിന് ഉപയോഗിക്കുന്ന വൈബ്രേറ്റർ ആദിദേവ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. ഉപകരണത്തിൽ നിന്നും വൈദ്യുതാഘാതമേറ്റ് ആദിദേവ് ദൂരേക്ക് തെറിച്ചു വീഴുകയായിരുന്നു.
അപകടസമയത്ത് ആദിദേവും സഹോദരി ആർദ്രയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സഹോദരനെ അന്വേഷിച്ച് എത്തിയ ആർദ്രയാണ് ആദിദേവിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആർദ്രയുടെ കരച്ചിൽ കേട്ടെത്തിയ സമീപവാസികൾ ആദിദേവിനെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. മേശയ്ക്ക് മുകളിൽ കയറി വൈദ്യുതി പ്ലഗ്ഗിൽ കുത്തി വൈബ്രേറ്റർ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയായിരിക്കാം വൈദ്യുതാഘാതമേറ്റതെന്നു കരുതുന്നു. സ്വിച്ച് ഓൺ ചെയ്ത നിലയിലായിരുന്നു വൈബ്രേറ്റർ.











0 comments