പ്രിസം പാനലിൽ താൽക്കാലിക ജീവനക്കാരെ നിയോഗിക്കുന്ന രീതി ആരംഭിച്ചത് ഉമ്മൻചാണ്ടി സർക്കാർ; മാധ്യമവാർത്തകൾ സത്യം മൂടിവയ്ക്കുന്നത്

പ്രതീകാത്മകചിത്രം
തിരുവനന്തപുരം : പബ്ലിക് റിലേഷൻസ് വകുപ്പിലെ അസി. ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്കുള്ള പിഎസ്‍സി റാങ്ക് ലിസ്റ്റിനെപ്പറ്റിയുള്ള മാധ്യമവാർത്തകൾ സത്യത്തെ മൂടിവച്ച് നിക്ഷിപ്ത താൽപര്യങ്ങളോടെയുള്ളത്. കേരള സർക്കാരിന്റെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പാനലിൽ പ്രവർത്തിച്ചവർക്ക് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകിയതിനെയാണ് മാധ്യമങ്ങൾ പിൻവാതിൽ നിയമനമായി ചിത്രീകരിച്ചത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും കെ സി ജോസഫ് പിആർഡി മന്ത്രിയുമായിരിക്കെയാണ് പിആർഡിയിൽ പ്രിസം പാനൽ സംവിധാനത്തിൽ താൽക്കാലിക ജീവനക്കാരെ നിയോഗിക്കുന്ന രീതി ആരംഭിച്ചത്.
ജേർണലിസത്തിൽ ബിരുദം അടിസ്ഥാന യോഗ്യതായി നിശ്ചയിച്ച് എഴുത്ത് പരീക്ഷയും ഇന്റർവ്യൂവും നടത്തിയാണ് അന്ന് മുതൽ നിയമനം നടന്നത്. ഓരോ വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് പ്രിസം ലിസ്റ്റിൽ നിന്നുള്ളവർക്ക് നിയമനം നൽകിയിരുന്നത്. തെരഞ്ഞെടുപ്പ് പോലുള്ള ഘട്ടങ്ങളിൽ പുതിയ നിയമനം നടത്താൻ സാങ്കേതിക തടസം ഉണ്ടാകുന്ന സമയങ്ങളിൽ നിലവിലുള്ളവർക്ക് കാലാവധി നീട്ടി കൊടുക്കാറുമുണ്ട്. സ്ഥിര നിയമനത്തിന് ക്ലെയിം ഉന്നയിച്ചു കോടതി വ്യവഹാരങ്ങൾ ഉണ്ടാകാമെന്നതിനാലാണ് പാനൽ എന്ന പേരിൽ ഒരു വർഷത്തെ കോൺട്രാക്ട് നൽകാനുള്ള തീരുമാനം ഉമ്മൻചാണ്ടി സർക്കാർ എടുത്തത്.
പ്രിസം ജീവനക്കാർ ജേർണലിസം യോഗ്യതയുള്ളവർ ആയിട്ടും ഇവരുടെ പ്രവൃത്തി പരിചയം നേരത്തെ പിഎസ്‍സി അംഗീകരിച്ചിരുന്നില്ല. പ്രാദേശിക പത്രങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലുമടക്കം പ്രവർത്തിച്ചതിന്റെ സർട്ടിഫിക്കറ്റ് തസ്‌തികക്കുള്ള യോഗ്യതയായി പിഎസ്‍സി അംഗീകരിച്ചിരുന്നു. പ്രിസം പാനൽ പരിചയം അസി. ഇൻഫർമേഷൻ ഓഫീസർ തസ്തികക്കുള്ള യോഗ്യത മാനദണ്ഡത്തിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പല ജില്ലകളിലെയും പ്രിസം ജീവനക്കാർ വകുപ്പിന് നിവേദനം നൽകി.
ഇതനുസരിച്ച് വർഷങ്ങളുടെ നടപടി ക്രമം പൂർത്തീകരിച്ചാണ് പിഎസ്‍സി പ്രിസം പാനൽ പരിചയം കൂടി യോഗ്യത മാനദണ്ഡത്തിൽ ഉൾപ്പെടുത്തുന്നത്. ഇൻഫർമേഷൻ ഓഫീസർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മേഖല ഡെപ്യൂട്ടി ഡയറക്ടർമാരാണ് ഈ സർട്ടിഫിക്കറ്റ് നൽകിയത്. എന്നാൽ ഇങ്ങനെ സമർപ്പിച്ച സർട്ടിഫിക്കറ്റ് ടെമ്പററി അല്ലെങ്കിൽ പെർമനെന്റ് എന്ന് രേഖപ്പെടുത്തി നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കണം എന്ന് പിഎസ്‍സി ആവശ്യപ്പെട്ടതാണ് ഇപ്പോൾ ഉയരുന്ന വിവാദങ്ങളുടെ അടിസ്ഥാനം. ഇതിന്റെ പേരിൽ വിവാദമുണ്ടാക്കി അർഹരായ ഉദ്യോഗാർഥികളുടെ അവസരം കളയാനുള്ള ദുഷ്ടലാക്കാണ് മാധ്യമങ്ങളുടെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്നത്.











0 comments