ad
Deshabhimani

ലഘു ക്രിമിനൽ കേസുകളിൽ ഇ- വിചാരണ; ആദ്യഘട്ടം പൂർത്തിയാക്കി കുവൈത്ത്

kuwait
വെബ് ഡെസ്ക്

Published on Jul 07, 2026, 12:49 PM | 1 min read

കുവൈത്ത് സിറ്റി : ​ലഘുക്രിമിനൽ കേസുകളിലെ ശിക്ഷാവിധികൾ വേഗത്തിൽ തീർപ്പാക്കാനുള്ള ഇലക്ട്രോണിക് വിചാരണ സംവിധാനത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയതായി കുവൈത്ത്‌ നീതിന്യായ മന്ത്രി അഡ്വ. നാസർ അൽ- സുമൈത്ത്. രാജ്യത്ത് പൂർണമായും ഡിജിറ്റൽ സംവിധാനത്തിലൂടെ ശിക്ഷാവിധി പുറപ്പെടുവിക്കുന്ന ആദ്യ കോടതിസംവിധാനമാണിത്. പിഴ ശിക്ഷ മാത്രം വിധിക്കാവുന്ന ലഘു ക്രിമിനൽ കേസുകളും ചില ഗതാഗത നിയമലംഘന കേസുകളും പരമ്പരാഗത കോടതി നടപടികൾ ഒഴിവാക്കി പുതിയ സംവിധാനത്തിലൂടെ വേഗത്തിൽ തീർപ്പാക്കും. എന്നാൽ, വിധിക്കെതിരെ നിയമപ്രകാരം അപ്പീൽ നൽകാനുള്ള അവകാശം പ്രതികൾക്ക് ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.


​2021 മുതൽ 2024 വരെയുള്ള ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച 6.83 ലക്ഷം ശിക്ഷാവിധികൾ ആഭ്യന്തര മന്ത്രാലയം പുതിയ സംവിധാനത്തിലൂടെ നീതിന്യായ മന്ത്രാലയത്തിന് കൈമാറി. ​കേസ് സ്വീകരിക്കൽ, പരിശോധന, ശിക്ഷാവിധി പുറപ്പെടുവിക്കൽ, കക്ഷികളെ നിയമപരമായി അറിയിക്കൽ എന്നിവ ഉൾപ്പെടെയുള്ള എല്ലാ നടപടികളും ഇനി ഇലക്ട്രോണിക് സംവിധാനത്തിലൂടെയായിരിക്കും. ഇതുവഴി കേസുകൾ വേഗത്തിൽ തീർപ്പാക്കാനും കടലാസ് രേഖകളുടെ ഉപയോഗം കുറയ്ക്കാനും കാലതാമസം ഒഴിവാക്കാനും കഴിയും.


​നീതിന്യായ മന്ത്രാലയത്തിലെ സാങ്കേതിക വിദഗ്ധരാണ് സംവിധാനം വികസിപ്പിച്ചത്. ക്രിമിനൽ കോടതികളിലെ ജഡ്‌ജിമാർക്കും വിധി നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്കുമായി പിഎസിഐ. അംഗീകരിച്ച സുരക്ഷിതമായ ഇലക്‌ക്രോണിക് ഒപ്പുസംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ നടപടികളുടെ വിശ്വാസ്യതയും സൈബർ സുരക്ഷയും കൂടുതൽ ശക്തിപ്പെടുത്താനാകും. ​ലഘു ക്രിമിനൽ കേസുകളിലെ ഇ- വിചാരണ സംവിധാനത്തിലേക്കുള്ള സുപ്രധാന ചുവടുവയ്‌പ്പാണിത്‌. വേഗതയും കാര്യക്ഷമതയും ഉറപ്പാക്കുന്ന സമഗ്ര ഡിജിറ്റൽ നീതിന്യായ സംവിധാനമാണ് കുവൈത്ത് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home