'കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കേണ്ട സമയത്ത് പരിഗണിച്ചില്ല'; തുറന്നടിച്ച് അടൂർ പ്രകാശ്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കേണ്ട സമയത്ത് തന്നെ പരിഗണിച്ചിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ പങ്കാളിയാണോ എന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നുവെങ്കിൽ നൂറ് ശതമാനവും സന്തോഷം മാത്രമാണുള്ളത്. പരിഗണിക്കേണ്ട സമയത്ത് പരിഗണിച്ചില്ല എന്നുള്ളത് മറ്റൊരു കാര്യമാണ്. അവസരം കിട്ടിയാൽ ഉത്തരവാദിത്ത ബോധ്യത്തോടെ നിറവേറ്റുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
അതേസമയം കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായുള്ള ഫൈനൽ യുദ്ധം ജോസഫ് വാഴയ്‌ക്കനും കൊടിക്കുന്നിൽ സുരേഷും തമ്മിലെന്ന് സൂചന. ഇരുവരും ഡൽഹിയിൽ അവസാന കരു നീക്കത്തിലാണ്. ഇരട്ടപ്പദവി വിഷയം കൊടിക്കുന്നിലിനെയും മുഖ്യമന്ത്രി വി ഡി സതീശന്റെ നോമിനിയെന്നത് വാഴയ്‌ക്കനെയും ബാധിച്ചേക്കും. കെ സി വേണുഗോപാലിന്റെ നിലപാട് നിർണായകമാകും.
നിയമസഭയിൽ സീറ്റ് നൽകാത്തപ്പോൾ നൽകിയ ഉറപ്പും ദീർഘകാലമായി പദവിയില്ലാതെ മാറിനിന്നതുമാണ് വാഴയ്‌ക്കൻ നിരത്തുന്ന കാരണം. ആഭ്യന്തരമന്ത്രിയും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തലയുടെ പിന്തുണയുമുണ്ട്. ദളിത് പ്രസിഡന്റ് വേണമെന്ന ദീർഘകാലത്തെ ആവശ്യം എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയെ കണ്ട് അറിയിച്ചുവെന്ന് കൊടിക്കുന്നിൽ പ്രതികരിച്ചു. ദീർഘകാലമായി എംപി സ്ഥാനത്തുള്ള കൊടിക്കുന്നിലിന് സോണിയ ഗാന്ധിയോടുള്ള അടുപ്പം തുണയാകും. സർക്കാരും പാർടിയും യോജിച്ചുപോകാൻ സഹായമായ നിലപാടേ എടുക്കാവൂവെന്ന നിബന്ധനയാണ് മുഖ്യമന്ത്രി മുന്നോട്ടുവയ്‌ക്കുന്നത്. ബജറ്റിനുശേഷം മതി പുനഃസംഘടനയെന്ന സതീശന്റെ അഭ്യർഥന ഹൈക്കമാൻഡ് തള്ളിയിരുന്നില്ല.
അടൂർ പ്രകാശ്, ബെന്നി ബെഹന്നാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി എന്നിവരാണ് രംഗത്തുള്ള മറ്റ് എംപിമാർ. മാത്യു കുഴൽനാടൻ എംഎൽഎയും നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട വി എസ് ശിവകുമാറും ടി ശരത്ചന്ദ്രപ്രസാദും മോഹികളായുണ്ട്. എംപിമാരെയും എംഎൽഎമാരെയും പരിഗണിക്കേണ്ടെന്നും മന്ത്രിസഭയിൽ വലിയ പ്രാതിനിധ്യമുള്ള ന്യൂനപക്ഷ സമുദായങ്ങളെ ഒഴിവാക്കാനും തീരുമാനിച്ചാൽ സമവാക്യം മാറാം.











0 comments