ഒരു ലക്ഷത്തിലേറെ രൂപയുടെ ചെമ്പ് കേബിളുകൾ മോഷ്ടിച്ചു; മൂന്ന് യുവതികൾ അറസ്റ്റിൽ

പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ വ്യവസായ നിർമാണ സ്ഥലത്തുനിന്ന് ഒരു ലക്ഷത്തിലേറെ രൂപയുടെ ചെമ്പ് കേബിളുകൾ മോഷ്ടിച്ച കേസിൽ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ. വസായി പ്രദേശത്ത് പവർ ഹൗസ് നിർമാണം നടക്കുന്ന സ്ഥലത്താണ് മോഷണം നടന്നത്.
ജൂൺ 18നും 19നും ഇടയിലുള്ള രാത്രിയിലാണ് സംഭവം. നിർമാണ സ്ഥലത്ത് നിർത്തിയിട്ടിരുന്ന കണ്ടെയ്‌നറിന്റെ പൂട്ടുതകർത്താണ് പ്രതികൾ ചെമ്പ് കേബിളുകൾ മോഷ്ടിച്ചതെന്ന് പൊലീസ് അറിയിച്ചു. 1,08,784 രൂപ വിലവരുന്ന മൾട്ടി സ്ട്രാൻഡ് ചെമ്പ് കേബിളുകളാണ് മോഷണം പോയത്.
സൈറ്റ് പ്രതിനിധിയുടെ പരാതിയിൽ നൈഗാവ് പൊലീസ് കേസെടുത്തു. തുടർന്ന് പ്രദേശത്തെ ഏകദേശം 120 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ അയൽജില്ലയായ താനെയിലെ ഭീവണ്ടി പ്രദേശത്തുനിന്നാണ് 21നും 32നും ഇടയിൽ പ്രായമുള്ള മൂന്ന് സ്ത്രീകളെ കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മോഷ്ടിച്ച ചെമ്പ് വയറുകളും മറ്റ് വസ്തുക്കളും ഉൾപ്പെടെ 1,12,063 രൂപ വിലമതിക്കുന്ന സാധനങ്ങൾ പൊലീസ് കണ്ടെടുത്തു. ഞായറാഴ്ചയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.











0 comments