ad
Deshabhimani

ക്ലാസ് മുറിയിൽ ഉറങ്ങിപ്പോയ ഏഴാം ക്ലാസുകാരനെ പൂട്ടിയിട്ട് അധ്യാപകർ മടങ്ങി; മുഴുവൻ ജീവനക്കാർക്കും സസ്‌പെൻഷൻ

student class room

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 07, 2026, 12:52 PM | 1 min read

ശ്രീനഗർ: ക്ലാസ് മുറിയിൽ ഉറങ്ങിപ്പോയ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂൾ അധികൃതർ അകത്തിട്ട് പൂട്ടി. സ്കൂൾ അടച്ച് മണിക്കൂറുകൾക്ക് ശേഷമാണ് കുട്ടി അകത്തുപെട്ട വിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ ഹെഡ്മാസ്റ്റർ ഉൾപ്പെടെയുള്ള 9 ജീവനക്കാരെയും വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തു. 15 ദിവസത്തെ വേനലവധിക്ക് മുന്നോടിയായുള്ള അവസാന പ്രവൃത്തിദിനത്തിലാണ് കടുത്ത അനാസ്ഥയും സുരക്ഷാവീഴ്ചയും വ്യക്തമാക്കുന്ന സംഭവം നടന്നത്.


ജമ്മു കശ്മീരിൽ റംബാൻ ജില്ലയിലെ ബാനിഹാൽ സോണിലുള്ള ക്രാവ ഗവൺമെന്റ് മിഡിൽ സ്കൂളിലാണ് സംഭവം. ജൂലൈ 4 ശനിയാഴ്ച വൈകുന്നേരം സ്കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണത്തിലായിരുന്നു. പിന്നീട് രാത്രി എട്ട് മണിയോടെ സ്കൂളിന് മുന്നിലൂടെ പോയ ഒരു വഴിയാത്രക്കാരനാണ് ക്ലാസ് മുറിക്കുള്ളിൽ നിന്നും കുട്ടിയുടെ കരച്ചിൽ കേട്ടത്.


തുടർന്ന് നടത്തിയ പരിശോധനയിൽ ജനാലയിലൂടെ കുട്ടിയെ കണ്ടെത്തുകയും, പൂട്ട് പൊളിച്ച് പുറത്തെത്തിക്കുകയുമായിരുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് അധികൃതർ നടപടിയെടുത്തത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വരുത്തിയ കടുത്ത വീഴ്ചയും ഔദ്യോഗിക കൃത്യവിലോപവും കണക്കിലെടുത്ത് ചീഫ് എജ്യുക്കേഷൻ ഓഫീസർ സ്കൂളിലെ ഹെഡ്മാസ്റ്റർ, 5 അധ്യാപകർ, 3 താൽക്കാലിക ജീവനക്കാർ എന്നിവരുൾപ്പെടെ ഒൻപത് പേരെയും ഉടനടി സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടു.


സംഭവത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ബാനിഹാൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അധ്യക്ഷയായ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ ജീവന് തന്നെ ഭീഷണിയാകുമായിരുന്ന തരത്തിലുള്ള വലിയ അനാസ്ഥയാണ് സ്കൂൾ ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home