എഥനോൾ വിപണിയിൽ അമേരിക്കൻ താത്പര്യവും, ഇ20 പെട്രോൾ തിടുക്കപ്പെട്ട് നടപ്പാക്കിയതിൽ വിശദീകരണമില്ലാതെ സര്‍ക്കാര്‍

ന്യൂഡൽഹി: രാജ്യത്ത് പെട്രോളിൽ എഥനോൾ കലര്‍ത്തുന്ന പദ്ധതി തിടുക്കപ്പെട്ട് നടപ്പാക്കിയതിന് പിന്നിൽ അമേരിക്കയുടെയും വൻ വ്യവസായ ലോബികളുടെയും താത്പര്യങ്ങളെന്ന് റിപ്പോര്‍ട്. പത്ത് ശതമാനം എഥനോൾ കലര്‍ത്തിയ പെട്രോളാണ് ഇന്ത്യൻ വിപണിയിൽ ഉണ്ടായിരുന്നത്. ആശങ്കകളും വാഹനങ്ങളുടെ ആരോഗ്യത്തെ കുറിച്ചുള്ള ചോദ്യങ്ങളും അവശേഷിക്കെ ഇത് 20 ശതമാനത്തിലേക്ക് ഉയര്‍ത്തി. പ്രഖ്യാപിച്ചതിലും നേരത്തെ നടപ്പാക്കി. ഇ20 പൂര്‍ണ്ണമായും നടപ്പാക്കും എന്ന് പ്രഖ്യാപിച്ച 2030 എത്തുന്നതോടെ കലര്‍പ്പ് 30 ശതമാനത്തിലേക്ക് ഉയര്‍ത്തി ഇ30 നിലവാരം നടപ്പാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത്രയും തിടുക്കം എന്തിനാണെന്ന് വാഹന നിര്‍മ്മാണ കമ്പനികൾ തന്നെ സംശയം ഉയര്‍ത്തിയിരുന്നു. ഉയർന്ന എഥനോൾ മിശ്രിതമുള്ള ഇന്ധനങ്ങളിലേക്ക് മാറുമ്പോൾ നിലവിലുള്ള കോടിക്കണക്കിന് വാഹനങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും മുൻനിർത്തി പഴയ 10% എഥനോൾ അടങ്ങിയ പെട്രോൾ സംരക്ഷണ ഇന്ധനമായി വിപണിയിൽ തുടരണമെന്ന് വാഹന നിർമാതാക്കളുടെ സംഘടനയായ സിയാം ആവശ്യപ്പെട്ടിരുന്നു. നീതി അയോഗിന്റെ റിപ്പോര്‍ടിൽ തന്നെ ഈ ആവശ്യം പരാമര്‍ശിക്കുന്നുണ്ട്. അടുത്തിടെ ഇന്ധനത്തിന് പൂര്‍ണമായും ഇന്ത്യയെ ആശ്രയിക്കുന്ന ഭൂട്ടാൻ ഇ20 സ്വീകാര്യമല്ലെന്ന് അറിയിച്ചിരുന്നു.
സാധാരണ വാഹന ഉടമകൾക്ക് ഇപ്പോൾ പമ്പുകളിൽ പോയി 'E10 വേണം' എന്ന് തെരഞ്ഞെടുക്കാനുള്ള അവസരമില്ല. എല്ലാ പമ്പുകളിലും ഇപ്പോൾ സാധാരണ പെട്രോൾ എന്ന പേരിൽ ലഭിക്കുന്നത് E20 തന്നെയാണ്. നിലവിൽ ഇന്ത്യൻ ഓയിലിന്റെ XP100 പോലുള്ള 100-ഒക്ടേൻ വരുന്ന പ്രീമിയം പെട്രോളുകളിൽ മാത്രമാണ് എഥനോൾ പൂർണ്ണമായും ഒഴിവാക്കിയിട്ടുള്ളത്. എന്നാൽ ഇത് സാധാരണ പെട്രോളിനേക്കാൾ വളരെ ചെലവേറിയതാണ്. ലിറ്ററിന് 170 രൂപവരെ വരും.
2023 ഏപ്രിലിന് ശേഷം ഇന്ത്യയിൽ വിൽക്കുന്ന എല്ലാ പുതിയ പെട്രോൾ വാഹനങ്ങളും (BS6 Phase-2 മാനദണ്ഡങ്ങൾ പ്രകാരം E20 ഇന്ധനം ഉപയോഗിക്കാൻ പാകത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ അതിനുമുൻപ് നിർമ്മിച്ച വാഹനങ്ങളുടെ സുരക്ഷയും ഇന്ധനക്ഷമതയും കുറയ്ക്കുന്നു.
അമേരിക്ക കണ്ണുവെച്ച വിപണി
ഇന്ത്യയുടെ എഥനോൾ കലര്‍പ്പ് പദ്ധതിയെ ആദ്യം സ്വാഗതം ചെയ്തത് അമേരിക്കയാണ്. രാജ്യവുമായി വ്യാപാര ചര്‍ച്ചകൾ നടക്കുന്നതിനിടെയായിരുന്നു ഇത്. 2024 ലെ യു എസ് ഇന്ത്യ ട്രേഡ് പോളിസി സമ്മേളനത്തിന് പിന്നാലെ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഒരു പ്രത്യേക ഖണ്ഡിക തന്നെ എഥനോൾ പദ്ധതിക്കായി നീക്കി വെച്ചിട്ടുണ്ട്. ഇന്ത്യയിൽ എഥനോൾ മിശ്രണം പൂര്‍ണ്ണമായി കഴിഞ്ഞാൽ പ്രതിസന്ധി ഉടലെടുക്കും. ഈ സാഹചര്യത്തിൽ അമേരിക്ക സഹായിക്കും എന്ന നിലയിൽ ഗോപ്യമായ വരികളിലാണ് ഇറക്കുമതി സാധ്യത തുറന്നിട്ട് നൽകിയത്.
ഇന്ധനത്തിൽ കലര്‍ത്താനുള്ള എഥനോൾ ഇറക്കുമതി ചെയ്യുന്നതിൽ രാജ്യത്ത് താത്കാലിക വിലക്കുണ്ട്. എന്നാൽ കലര്‍പ്പ് തുടരുന്നതോടെ സ്വഭാവികമായും പ്രതിസന്ധിയിലേക്ക് കടക്കും. ഈ വിടവ് അവസരമാക്കാൻ അമേരിക്ക നേരത്തെ പദ്ധതി തയാറാക്കി കാരാറാക്കിയിരുന്നു. ഇപ്പോൾ തന്നെ മറ്റ് വാണിജ്യ ആവശ്യങ്ങൾക്കായി ഇന്ത്യ ഏറ്റവും അധികം എഥനോൾ ഇറക്കുമതി ചെയ്യുന്നത് അമേരിക്കയിൽ നിന്നാണ്. ഇത് ഇന്ധന ആവശ്യങ്ങളിൽ കൂടി അനുവദിച്ച് കിട്ടുന്നതിനുള്ള ലോബിയിങ് വ്യാപാര കരാറിനിടെ ശക്തമാക്കി മുന്നേറുകയാണ്. ഇതോടൊപ്പം കലര്‍പ്പ് വര്‍ധിപ്പിക്കുന്നതിന് അനുകൂലമായി അഭിപ്രായ രൂപീകരണവും സാധ്യമാക്കിയെടുക്കുന്നു. യു എസ് ഇപ്പോഴും പൂര്‍ണമായ ഇ20യിലേക്ക് എത്തിയിട്ടില്ല.
കലര്‍പ്പിൽ ആര്‍ക്കാണ് ലാഭം
എഫ്‌സിഐ ഗോഡൗണുകളിൽനിന്ന് 52 ലക്ഷം ടൺ അരിയാണ് സ്വകാര്യ ഡിസ്റ്റിലറികൾക്ക് തുച്ഛവിലയ്ക്ക് നൽകാൻ അനുമതി നൽകിയത്. 499 സ്വകാര്യ ഡിസ്റ്റിലറികളാണ് എഥനോൾ ഉൽപ്പാദിപ്പിക്കുന്നത്. മഹാരാഷ്‌ട്ര, കർണാടക, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലാണ് ഇതിൽ കൂടുതലും. മൊത്തം പ്രതിവർഷ ഉൽപ്പാദനം 1822 കോടി ലിറ്ററാണ്. ജൂലൈയിലാണ് ഉൽപ്പാദനം ഇൗ നിലയിൽ എത്തിയതെന്ന് സർക്കാർ പറയുന്നു. 2022ൽനിന്ന് ഉൽപ്പാദനം 20 ശതമാനത്തിലേക്ക് ഉയർത്തിയെന്നാണ് വാദം. അതിൽ 245 കോടി ലിറ്ററാണ് അരിയിൽനിന്ന് ഉൽപ്പാദിപ്പിച്ചത്. ചോളത്തിൽനിന്ന് 484.35 കോടി ലിറ്ററും.
ആയിരത്തോളം ഡിസ്റ്റിലറികൾക്ക് കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. ഇവര്‍ക്ക് കൂടി ആവശ്യമായ ഭക്ഷ്യധാന്യം നൽകിയാൽ പ്രതിസന്ധിയുണ്ടാകും. ഒരു ടൺ അരിയിൽനിന്ന് ശരാശരി 470 ലിറ്റർ എഥനോൾ ഉൽപ്പാദിപ്പിക്കാമെന്നാണ് കണക്ക്.
കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉൾപ്പെടയുള്ളവരുടെ ഇതിനു പിന്നിലെ താത്പര്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. ഈ മേഖലയിലാണ് അദ്ദേഹത്തിന്റെ കുടുംബ ബിസിനസുകൾ. മക്കളായ നിഖിൽ ഗഡ്കരിയും സാരംഗ് ഗഡ്കരിയും നിയന്ത്രിക്കുന്ന ബിസിനസ് സാമ്രാജ്യമാണ്. വൻകിട പഞ്ചസാര മില്ലുകളും ഈ രംഗത്തേക്ക് കടന്നിരിക്കുന്നു.
ഇതോടൊപ്പം ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളും എഥനോൾ പെട്രോൾ വരവിന്റെ തിരിച്ചടികൾ ആഘോഷമാക്കുന്നു. കലര്‍പ്പുള്ള പെട്രോളിന്റെ റിസ്കിൽ നിന്ന് വൈദ്യത വാഹനങ്ങളിലേക്ക് ഉപയോക്താക്കൾ മാറുന്ന സാഹചര്യം പ്രതീക്ഷയാണ്. വാഹന നിര്‍മ്മാണ കമ്പനികൾ നേരത്തെ കലര്‍പ്പിനെ എതിര്‍ത്തിരുന്നു. 2023 ന് മുൻപുള്ള വാഹനങ്ങളിൽ ഇത് മൈലേജ് പ്രശ്നവും എഞ്ചിൻ തകരാറുകളും ഉണ്ടാക്കും എന്ന നിലയ്ക്കായിരുന്നു. എന്നാൽ ഇപ്പോൾ വാഹന ഉടമകൾ കൂട്ടത്തോടെ പുതിയ വാഹനങ്ങൾ സ്വന്തമാക്കുന്നതിലേക്ക് മാറുകയും വപിണി സജീവമാവുകയും ചെയ്യുമെന്ന പ്രതീക്ഷയിലേക്ക് എത്തി നിൽക്കുന്നു.
"നിലവിലുള്ള വാഹനങ്ങൾക്ക് ഇന്ധനം ഉറപ്പാക്കുന്നതിനും ഉപഭോക്താക്കളുടെ ആശങ്കകൾ അകറ്റുന്നതിനും ഇ20-നൊപ്പം ഇ10 പെട്രോൾ കൂടി സമാന്തരമായി വിതരണം ചെയ്യേണ്ടത് അനിവാര്യമാണ്. മറ്റ് വിദേശ രാജ്യങ്ങളും ഉയർന്ന എഥനോൾ മിശ്രിതങ്ങളിലേക്ക് മാറിയപ്പോൾ ഇത്തരത്തിൽ കുറഞ്ഞ എഥനോൾ അടങ്ങിയ ഇന്ധനങ്ങൾ സമാന്തരമായി നൽകിയിരുന്നു." — സിയാം (നിതി ആയോഗ് റിപ്പോർട്ടിലെ അനെക്സ്ചർ D-യിൽ നിന്ന്)
ഫലത്തിൽ ജനങ്ങളുടെ ചെലവിലാണ് തിടുക്കപ്പെട്ടുള്ള മാറ്റം സാധ്യമാക്കിയിരിക്കുന്നത്. എഥനോൾ കലര്‍പ്പ് 20 ശതമാനം എത്തിയാൽ പെട്രോൾ വില 80 രൂപവരെയായി കുറയും എന്നായിരുന്നു ആദ്യ ഘട്ടങ്ങളിൽ പ്രചാരണം. കഴിഞ്ഞ ഡിസംബര്‍ മുതൽ രാജ്യത്ത് ഈ കലര്‍പ്പ് പെട്രോളാണ് വിതരണം ചെയ്യുന്നത്. ഇതിനിടെ പലതവണ യുദ്ധത്തിന്റെയും ലഭ്യതയുടെയും തടസ്സങ്ങൾ പറഞ്ഞ് ഇന്ധന വില കൂട്ടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.
പെട്രോളിന്റെ വില അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയെയും നികുതികളെയും ആശ്രയിച്ചിരിക്കുമ്പോൾ, ഇഥനോളിന്റെ വില സർക്കാർ നേരിട്ടാണ് നിശ്ചയിക്കുന്നത്. സർക്കാർ നിശ്ചയിച്ച ഇഥനോൾ വില ലിറ്ററിന് 57.97 (C-heavy molasses) മുതൽ 72.00 (ധാന്യങ്ങൾ) രൂപ വരെയാണ്.
2013-14 കാലഘട്ടത്തിൽ പെട്രോളിൽ ഇഥനോളിന്റെ അളവ് വെറും 1.5 ശതമാനത്തിൽ താഴെ മാത്രമായിരുന്നെങ്കിൽ, 2025-26 ഓടെ അത് 20 ശതമാനത്തിൽ (E20)എത്തി നിൽക്കുന്നു. പരീക്ഷണ നിരീക്ഷങ്ങൾക്കായി നിശ്ചയിച്ച സമയ പരിധിക്കും അഞ്ച് വർഷം മുമ്പേ യാതൊരു സംവാദത്തിനും അവസരം നൽകാതെ ഇത് നടപ്പാക്കി.
Related News
അമേരിക്കയിൽ E10 മാത്രമാണ് നിലവിലുള്ളത്. വണ്ടികളിൽ E85 വരെ ഉപയോഗിക്കാവുന്ന ഫ്ലെക്സ് ഫ്യുവൽ സാങ്കേതികവിദ്യ അവര്‍ അംഗീകരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇഥനോൾ ഉപയോഗത്തിൽ ലോകരാജ്യങ്ങളിൽ മുന്നിൽ ബ്രസീലാണ്. നിലവിൽ E27 വരെ അനുമതി നൽകുക മാത്രമാണ് അവര്‍ ചെയ്തിട്ടുള്ളത്. മറ്റ് വികസിത രാജ്യങ്ങളും തങ്ങളുടെ ശുദ്ധമായ ഇന്ധന നയത്തിന്റെ ഭാഗമായി ഇഥനോൾ ബ്ലെൻഡിംഗ് ഉപയോഗിക്കുന്നു. എന്നാൽ പരീക്ഷണ ഘട്ടത്തിലാണ്. ഇരുപത് ശതമാനം കടന്നിട്ടില്ല.











0 comments