കോർപറേറ്റുകളുടെ മടിയിൽ തലവെച്ച് സതീശൻ; വിഴിഞ്ഞം ‘കടൽക്കൊള്ള’ ആവർത്തിക്കാൻ യുഡിഎഫ്: തോമസ് ഐസക്

ഡോ. തോമസ് ഐസക് , വി ഡി സതീശൻ
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ പേരിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിയസഭയിൽ അവതരിപ്പിച്ച കണക്കിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി മുൻ ധനമന്ത്രി ഡോ തോമസ് ഐസക്. ഉമ്മൻചാണ്ടി സർക്കാർ അദാനിക്ക് വേണ്ടി ഉണ്ടാക്കിയ അതേ ഏകപക്ഷീയമായ കൊള്ളക്കരാറിലേക്കാണ് വി ഡി സതീശൻ്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ യുഡിഎഫ് സർക്കാരും കേരളത്തെ വീണ്ടും തള്ളിവിടുന്നത്. വിഴിഞ്ഞം പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി അദാനി ഗ്രൂപ്പ് പറഞ്ഞ തുകയുടെ ചെറിയൊരു ഭാഗം മാത്രമാണ് യഥാർത്ഥത്തിൽ ചെലവഴിച്ചിട്ടുള്ളതെന്നും, യന്ത്രസാമഗ്രികളുടെ വില വൻതോതിൽ ഊതിപ്പെരുപ്പിച്ചതാണെന്ന സി എ ജി കണ്ടെത്തൽ പോലും പരിശോധിക്കാൻ ഈ സർക്കാർ തയ്യാറാകുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു.
വിഴിഞ്ഞം പദ്ധതിക്കായി സർക്കാർ ഇതുവരെ 3754 കോടി രൂപ മാത്രമാണ് ചെലവാക്കിയതെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ സഭയിൽ അവകാശപ്പെട്ടത്. എന്നാൽ പദ്ധതിക്കായി 5500 കോടിയോളം രൂപ ചിലവായിട്ടുണ്ടെന്ന പൊതുവിലയിരുത്തലിന് വിരുദ്ധമായാണ് മുഖ്യമന്ത്രി സഭയിൽ കണക്കുകൾ നിരത്തിയത്. വിഴിഞ്ഞം തുറമുഖത്തിന്റെ സർക്കാർ ചെലവുകൾ പൂർത്തിയായിട്ടില്ലെന്നും വൻതുകയുടെ പല ബില്ലുകളും വരാനിരിക്കുന്നതേയുള്ളൂവെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. ഈ ബില്ലുകളെല്ലാം മാറിക്കഴിയുമ്പോൾ മുൻപ് എൽഡിഎഫ് കൃത്യമായി ചൂണ്ടിക്കാണിച്ച തുകയിലേക്ക് തന്നെ ചെലവ് എത്തിച്ചേരും.
വിഴിഞ്ഞം ഒന്നാം ഘട്ടത്തിന് 9000-ത്തിൽപ്പരം കോടി രൂപയാണ് ആകെ ചെലവഴിക്കേണ്ടത്. ഇതിൽ വെറും 29 ശതമാനം മാത്രമാണ് അദാനി ഗ്രൂപ്പ് മുടക്കുന്നത്. ബാക്കി സിംഹഭാഗവും സംസ്ഥാന സർക്കാരാണ് ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് നൽകേണ്ടത്. എന്നാൽ അദാനി ഗ്രൂപ്പ് പദ്ധതിക്കായി വാങ്ങിയ യന്ത്രസാമഗ്രികളുടെ വില വൻതോതിൽ ഊതിവീർപ്പിച്ചതാണെന്ന് സി എ ജി തന്നെ കൃത്യമായി കണ്ടെത്തിയിട്ടുള്ളതാണ്. അദാനി പറഞ്ഞതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് അവിടെ ചെലവഴിച്ചിട്ടുള്ളത്, ബാക്കിയെല്ലാം വരാനിരിക്കുന്നതേയുള്ളൂ.
കോർപ്പറേറ്റുകൾക്ക് ലാഭക്കൊള്ള നടത്താൻ യുഡിഎഫ് സർക്കാർ ഒരുക്കിക്കൊടുത്ത വഴി തോമസ് ഐസക് അക്കമിട്ട് നിരത്തി. ഒന്നാം ഘട്ടത്തിൽ അദാനിക്ക് വരുന്നത് വെറും 2500 കോടി രൂപയുടെ നിക്ഷേപമാണ്. അത് പോലും അവർ പൂർണമായി ചെലവഴിച്ചു കഴിഞ്ഞിട്ടില്ല. എന്നാൽ, ഈ തുക മുടക്കി ഉണ്ടാക്കുന്ന കമ്പനിയുടെ 49 ശതമാനം ഓഹരികൾ പത്ത് വർഷം കൊണ്ട് പത്ത് മടങ്ങ് മൂല്യവർദ്ധന കാണിച്ച്, 13,000 കോടി രൂപയ്ക്കാണ് മറിച്ചുവിൽക്കാൻ പോകുന്നത്. ഇത്തരമൊരു വഞ്ചനാപരമായ കരാർ കൊണ്ട് കേരളത്തിന് യാതൊരുവിധ തനത് നേട്ടവുമില്ല. അതുകൊണ്ടാണ് അക്കാലത്ത് എൽഡിഎഫ് ഇതിനെ ‘കടൽക്കൊള്ള’ എന്ന് വിശേഷിപ്പിച്ചത്. അതിന് കൂട്ടുനിൽക്കുകയാണ് ഇന്നത്തെ യുഡിഎഫ് സർക്കാരും.
കേരളത്തിന് സ്വന്തമായി വിഭവസമാഹരണം നടത്താൻ കെൽപ്പുള്ള 'കിഫ്ബി' എന്ന സുതാര്യമായ ജനകീയ ഏജൻസി നമുക്കുണ്ടായിരുന്നു. വേണ്ടിവന്നാൽ ഒരു ലക്ഷം കോടി രൂപ വരെ സമാഹരിച്ച് നാടിനെ വികസിപ്പിക്കാൻ കിഫ്ബിക്ക് കഴിയുമായിരുന്നു. എന്നാൽ കിഫ്ബിയെ ആവോളം അധിക്ഷേപിക്കാനും അതിന്റെ ക്രെഡിബിലിറ്റി തകർക്കാനുമാണ് യുഡിഎഫ് നിരന്തരം ശ്രമിച്ചത്. നാടിന്റെ സ്വന്തം വികസന ഏജൻസിയെ തകർത്ത ഈ സർക്കാരിന് ഇനി കോർപ്പറേറ്റുകളുടെ മടിയിൽ തലവെയ്ക്കുകയല്ലാതെ വേറെ വഴിയില്ല.
മുഖ്യമന്ത്രി വി ഡി സതീശൻ ഇപ്പോൾ ഉയർത്തിപ്പിടിക്കുന്ന 'തുറമുഖാധിഷ്ഠിത വികസനം' എന്ന പുകമറ, പഴയ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ കടൽക്കൊള്ളയുടെ ആവർത്തനമാണെന്നും ഇത്തരം വൻ അഴിമതികൾക്കെതിരെ ശക്തമായ പ്രതിരോധം ഉയരുമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.











0 comments