ആക്രമണത്തിൽ പങ്കില്ലെന്ന് നാഗാ സംഘടനയായ എൻഎസ് സിഎൻ, ജവാൻമാരുടെ മരണത്തിൽ നടുങ്ങി മണിപ്പൂര്‍

ഇംഫാൽ: മണിപ്പൂരിലെ ഉഖ്രുൽ ജില്ലയിൽ അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെയുള്ള ആക്രമണത്തിൽ പങ്കില്ലെന്ന് നാഗാ സംഘടനയായ എൻഎസ് സിഎൻ-ഐ എം. രണ്ട് ജവാന്മാർ കൊല്ലപ്പെട്ട ആക്രമണത്തെ തള്ളിപ്പറഞ്ഞ സംഘടന, സർക്കാരുമായുള്ള വെടിനിർത്തൽ കരാറിനോടും സമാധാന ചർച്ചകളോടും പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്ന് അറിയിച്ചു.
നുങ്‌ഷാങ് ഖോങ് മേഖലയിലുണ്ടായ ഈ ആക്രമണം അടുത്ത കാലത്ത് സൈന്യത്തിന് നേരെയുണ്ടായ ഏറ്റവും രൂക്ഷമായ പ്രകോപനമാണ്. എൻഎസ് സിഎൻ-ഐ എം സംഘടനയിൽ നിന്ന് പിരിഞ്ഞുപോയ ‘ഈസ്റ്റേൺ ഫ്ലാങ്ക്’ വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ സംഘടനയുടെ സ്ഥിരീകരണമില്ല.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം നാഗാ ഭൂരിപക്ഷ ജില്ലയായ ഉഖ്രുലിൽ വെച്ചാണ് അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെ ഭീകരർ ഒളിഞ്ഞിരുന്ന് ആക്രമണം നടത്തിയത്. വാറന്റ് ഓഫീസർ ബൽവന്ത് സിംഗ്, ഹവിൽദാർ ചന്ദ്ര മോഹൻ സിംഗ് എന്നിവരാണ് ഡ്യൂട്ടിക്കിടെ ജീവൻ വെടിഞ്ഞത്.
Related News
അസം റൈഫിൾസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ വികാസ് ലഖേര വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ആക്രമണത്തെത്തുടർന്ന് സുരക്ഷാ സേന പ്രദേശത്ത് ശക്തമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മ്യാൻമാര്‍ അതിര്‍ത്തിക്കും നാഗാലാന്റിനും ചേര്‍ന്നുള്ള ജില്ലയാണ് ഉഖ്രുൽ.










0 comments