ad
Deshabhimani

ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങൾ ലംഘിച്ചു; വിദേശബാങ്കിന് യുഎഇയിൽ 18.2 ലക്ഷം ദിർഹം പിഴ

uae flag
വെബ് ഡെസ്ക്

Published on Jul 07, 2026, 12:26 PM | 1 min read

ദുബായ് : ​ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങൾ ലംഘിച്ചതിന് യുഎഇയിൽ പ്രവർത്തിക്കുന്ന വിദേശ ബാങ്കിന്റെ ശാഖയ്ക്ക്‌ 18.2 ലക്ഷം ദിർഹം പിഴ ചുമത്തിയതായി യുഎഇ സെൻട്രൽ ബാങ്ക്. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷുറൻസ് മേഖല എന്നിവയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട നിയമപ്രകാരമാണ് നടപടി. അതേസമയം, പിഴ ചുമത്തപ്പെട്ട ബാങ്കിന്റെ പേര് അധികൃതർ പുറത്തുവിട്ടിട്ടില്ല.


ഉപയോക്താക്കൾക്ക് ഏഴുദിവസത്തിനുള്ളിൽ ലയബിലിറ്റി ലെറ്റർ നൽകുന്നതിൽ ബാങ്ക് വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ്‌ നടപടി. ഇത് സെൻട്രൽ ബാങ്കിന്റെ മാർക്കറ്റ് കണ്ടക്ട്‌, ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങൾ എന്നിവയുടെ ലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി. ഉപയോക്താവിന്‌ മറ്റൊരു ധനസ്ഥാപനത്തിലേക്ക് വായ്പയോ ബാധ്യതയോ മാറ്റാനോ പുതിയ ധനസഹായം തേടാനോ ആവശ്യമായ പ്രധാന രേഖയാണ് ലയബിലിറ്റി ലെറ്റർ. നിശ്ചിത സമയപരിധിക്കുള്ളിൽ ഈ രേഖ നൽകുന്നത് ഉപയോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനും നടപടിക്രമങ്ങൾ വേഗത്തിലാക്കാനും നിർണായകമാണ്. യുഎഇയിലെ ബാങ്കുകളും അവയുടെ മാനേജ്മെന്റും ജീവനക്കാരും രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടികളെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home