'സത്യം പ്രതിപക്ഷത്തിന്റെ മുഖത്തടിക്കുന്നു; യുഡിഎഫിന്റെ ആവശ്യം യഥാർഥ കുറ്റവാളികൾ രക്ഷപ്പെട്ടുപോകൽ'

തിരുവനന്തപുരം: ശബരിമല സ്വർണമോഷണകേസിൽ സത്യം മുഖത്ത് വന്ന് അടിക്കുമ്പോൾ പ്രതിപക്ഷ നേതാവും പ്രതിപക്ഷവും കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുകയാണെന്നും പ്രതിപക്ഷം കണ്ണടച്ചാൽ ലോകത്തിനാകെ ഇരുട്ടാകില്ലെന്നും മന്ത്രി എം ബി രാജേഷ്.
സ്വർണമോഷണകേസുമായി ബന്ധപ്പെട്ട ഹൈക്കോടതി നിരീക്ഷണം പ്രതിപക്ഷ നേതാവിനും ബിജെപി സംസ്ഥാന പ്രസിഡന്റിനും ഏറ്റ കനത്ത തിരിച്ചടിയാണ്. എസ്‌ഐടി അന്വേഷണം ശരിയായ ദിശയിലാണെന്നും വിശ്വാസയോഗ്യമായ അന്വേഷണമാണെന്നും കോടതി പറഞ്ഞു. എന്നാൽ ദേവസ്വം ബെഞ്ചിനും മുകളിലാണ് പ്രതിപക്ഷ നേതാവ് എന്നാണ് അദ്ദേഹം ധരിക്കുന്നത്.
വിചാരണ സൂക്ഷ്മമായി നടത്തേണ്ട കേസാണിതെന്നും ധൃതിപിടിച്ച് കുറ്റപത്രം നൽകിയാൽ പ്രതികൾ രക്ഷപ്പെട്ടുപോകുമെന്നുമാണ് ഹൈക്കോടതി പറഞ്ഞത്. അതാണ് പ്രതിപക്ഷത്തിന്റെയും ആവശ്യം. യഥാർഥ കുറ്റവാളികൾ രക്ഷപ്പെട്ടുപോകണം. യഥാർഥ പ്രതികളിലേക്ക് എത്തിയാൽ അത് ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിൽക്കില്ല. പോറ്റിയ എത്തിയ ഇടങ്ങളിലേക്കും പോറ്റി പോയി കണ്ടവരിലേക്കും അന്വേഷണമെത്തും. ആ ഭയമാണ്, ഉൾക്കിടിലമാണ് ഈ കോപ്രായം കാണിക്കാൻ പ്രതിപക്ഷത്തെ പ്രയരിപ്പിക്കുന്നത്. പോറ്റിയെ കയറ്റിയ ആളുകൾ കോൺഗ്രസുകാരാണെന്ന് വ്യക്തമായതാണ്. പ്രതിപക്ഷത്തിന്റെ വിഷയദാരിദ്ര്യമാണ് സഭയിൽ കാണുന്നതെന്നും മന്ത്രി പറഞ്ഞു.










0 comments