print edition വർഗീയവാദം ചെറുക്കുന്നതിൽ പ്രധാന പങ്ക് മതവിശ്വാസികൾക്ക്: എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ
തൃശൂർ: വർത്തമാനകാല ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ വർഗീയതയെ ചെറുക്കുന്നതിൽ യഥാർഥ വിശ്വാസികൾക്കാണ് പ്രധാന പങ്കുവഹിക്കാൻ കഴിയുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. തൃശൂരിൽ ഇഎംഎസ് സ്‌മൃതിയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വർഗീയതയും വിശ്വാസവും തമ്മിലുള്ള വ്യത്യാസം നല്ലവണ്ണം മനസ്സിലാക്കിവേണം പ്രവർത്തിക്കാൻ. യഥാർഥ വിശ്വാസികൾ വർഗീയവാദികളോ വർഗീയവാദികൾ വിശ്വാസികളോ അല്ല. വർഗീതയതയെ ചെറുക്കാതെ നാടിന് ഒരിഞ്ചുമുന്നോട്ടുപോകാനാവില്ല.
ന്യൂനപക്ഷ ധ്രുവീകരണത്തിനായി ജമാഅത്തെ ഇസ്ലാമി അവതരിപ്പിച്ച ആശയതലം മുസ്ലിംലീഗ് വഴി നടപ്പാക്കി. മലബാറിൽ അതിന്റെ ഗുണഭോക്താക്കളായി കോൺഗ്രസ് മാറി.
2021ൽ കേരളത്തിലെ ഓരോ വീടിന്റെയും രക്ഷകരായാണ് എൽഡിഎഫ് സർക്കാരിനെ ജനങ്ങൾ കണ്ടത്. അതിന്റെ ഫലമായിരുന്നു തുടർഭരണം. ഇതിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൃത്രിമമായ ആഖ്യാനങ്ങൾ ഉണ്ടാക്കി പ്രചരിപ്പിച്ചു. മുഖ്യമന്ത്രി ജനങ്ങൾക്ക് സ്വീകാര്യനല്ല എന്ന പൊതുബോധം സൃഷ്ടിക്കാൻ മാധ്യമങ്ങളെ ശക്തമായി ഉപയോഗിച്ചു. തെരഞ്ഞെടുപ്പിൽ പാർടി പ്രതിപക്ഷത്തായതോടെ പാർടി സെക്രട്ടറിക്കും സംസ്ഥാന നേതൃത്വത്തിനുമെതിരായി പുതിയ പ്രചാരണങ്ങൾ. ആത്യന്തികമായ ഉന്നം പാർടിയാണ്. ഇത് മനസ്സിലാക്കി പ്രതിരോധിച്ചില്ലെങ്കിൽ മുന്നോട്ടുള്ള പ്രയാണം പ്രതിസന്ധി നിറഞ്ഞതാവും.
ആശയവ്യക്തതയോടെമാത്രമേ ഇൗ പ്രതിരോധം സാധ്യമാവൂ. വിവിധ പാർടി ഘടകങ്ങളിൽനിന്നുയർന്ന വിമർശനങ്ങളും നിർദേശങ്ങളും ഉൾക്കൊണ്ട് തിരുത്തേണ്ടവ തിരുത്തി മുന്നോട്ടുപോകാൻ ആർജവം കാണിച്ച പാർടിയാണിത്. ഇൗ ആർജവത്തോടെത്തന്നെയാണ് റിവ്യൂ റിപ്പോർട്ട് തയ്യാറാക്കി അംഗീകരിച്ചത്. എന്നാൽ റിവ്യൂ റിപ്പോർട്ട് തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ അസംബന്ധം പ്രചരിപ്പിക്കുകയാണ്. തിരുത്തി കരുത്താർജിക്കുകയാണ് ലക്ഷ്യം. പാർടി സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കുക എന്ന അജൻഡ നമുക്കുമുന്നിലില്ല–അദ്ദേഹം പറഞ്ഞു.
ഇ എം എസ് സ്‌മൃതി സമാപിച്ചു: ദാർശനിക കരുത്തുമായി കൂടുതൽ ജനങ്ങളിലേക്ക്
ഇ എം എസിന്റെ പ്രത്യയശാസ്ത്ര–-ദാർശനിക സംഭാവനകൾ പുതുതലമുറയ്‌ക്ക് കൈമാറിയും മതനിരപേക്ഷ ചിന്തകൾ പകർന്നും ഇ എം എസ് സ്‌മൃതിക്ക് സമാപനം. കെട്ടുകഥകൾ യാഥാർഥ്യംപോലെ പ്രചരിപ്പിക്കുന്ന കാലത്ത് പഠനത്തിനും പോരാട്ടത്തിനുമൊപ്പം ജനങ്ങളിലേക്കിറങ്ങിയുള്ള പ്രവർത്തനം അനിവാര്യമാണെന്ന് ദേശീയ സെമിനാർ പ്രഖ്യാപിച്ചു. രാഷ്‌ട്രീയം, മതം, സംസ്‌കാരം എന്ന ശീർഷകത്തിൽ റീജണൽ തിയറ്ററിൽ രണ്ടുദിവസമായി നടന്ന സെമിനാർ ചോദ്യങ്ങളും ഉത്തരങ്ങളുമായി ജനകീയ സംവാദ പരിപാടിയായി മാറി. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയാണ് ശനിയാഴ്‌ച സംവാദത്തിന് തുടക്കമിട്ടത്. ഞായറാഴ്‌ച സമാപനസമ്മേളനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു. പ്രൊഫ. സി രവീന്ദ്രനാഥ് എംഎൽഎ അധ്യക്ഷനായി. ‘ലോക്‌സഭയിലും നിയമസഭയിലുമുള്ള സ്‌ത്രീ സംവരണം’ വിഷയത്തിൽ നടന്ന സെമിനാറിൽ സിപിഐ എം മുതിർന്ന നേതാവ് ബൃന്ദ കാരാട്ട് വിഷയം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷയായി. ‘തൊഴിൽ കോഡുകളും തൊഴിലും’ സെമിനാറിൽ സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം വിഷയം അവതരിപ്പിച്ചു. ‘സാങ്കേതിക മേഖലയിലെ മുന്നേറ്റങ്ങളും തൊഴിൽ മേഖലയും’ വിഷയം സ്‌റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ചന്ദ്രശേഖരൻ അധ്യക്ഷനായി. ‘വർഗരാഷ്‌ട്രീയം: പ്രതിരോധ സാംസ്‌കാരിക പ്രവർത്തനങ്ങൾ’ വിഷയം പ്രൊഫ. എം എം നാരായണൻ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം പി എസ് വിനയൻ അധ്യക്ഷനായി.











0 comments