ad
Deshabhimani

ട്രോളിങ്‌ നിരോധനം നാളെ അർധരാത്രി വരെ; പ്രതീക്ഷയുടെ വലയെറിയാൻ വീണ്ടും കടലിലേക്ക്‌

ട്രോളിങ് ആരംഭിക്കുന്നതിന്റെ ഭാഗമായി പുതിയാപ്പയിൽ ബോട്ടുകൾ കരയിലേക്ക് കയറ്റുന്നു
avatar
സ്വന്തം ലേഖകൻ

Published on Jul 30, 2025, 09:08 PM | 1 min read

കൊല്ലം: ട്രോളിങ്‌ നിരോധനം വ്യാഴം അർധരാത്രി അവസാനിക്കാനിരിക്കെ വലയും ബോട്ടുകളും ഒരുക്കി കടലിൽ പോകാനുള്ള തയ്യാറെടുപ്പിൽ മത്സ്യത്തൊഴിലാളികൾ. 52ദിവസം കരയ്ക്കടുപ്പിച്ച യന്ത്രവൽകൃത ബോട്ടുകൾ കടലിലിറങ്ങുന്നതോടെ ഹാർബറുകൾ സജീവമാകും. ബോട്ടുകളുടെയും വലകളുടെയും അവസാന മിനുക്കുപണികൾ തീർത്തും പുതിയ വലകൾ വാങ്ങിയും മത്സ്യത്തൊഴിലാളികൾ അവസാനവട്ട തയ്യാറെടുപ്പ് പൂർത്തിയാക്കി. ബോട്ടുകളിൽ ജോലിക്കാരായ അതിഥിതൊഴിലാളികൾ ഒരാഴ്ച മുമ്പുതന്നെ എത്തിത്തുടങ്ങിയിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന്‌ തൊഴിൽദിനങ്ങൾ നഷ്ടപ്പെട്ടതടക്കമുള്ള എല്ലാ പ്രതിസന്ധികളും മറികടക്കാൻ കടൽ കനിയുമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകളും തൊഴിലാളികളും.

ചാകര പ്രതീക്ഷയിൽ


സീസണിൽ ലഭിച്ച മികച്ച കാറ്റിലും മഴയിലും കടൽ നന്നായി ഇളകിയതിനാൽ ചാകരക്കോള്‌ ലഭിക്കുമെന്നാണ്‌ തൊഴിലാളികളുടെ പ്രതീക്ഷ. കണവ, കിളിമീൻ, ഉലുവ, കരിക്കാടി, പൂവാലൻ, ടൈഗർ ചെമ്മീൻ എന്നിവയുമായി കടൽ കനിയുമെന്നാണ്‌ കരുതുന്നത്‌. നിരോധന സമയത്ത് മീൻപിടിക്കാൻ അനുമതിയുള്ള പരമ്പരാഗത തൊഴിലാളികൾക്ക്‌ കാര്യമായി മീൻ ലഭിച്ചിരുന്നില്ല.


കരുതലുമായി സർക്കാർ


ട്രോളിങ് നിരോധന കാലയളവിൽ തൊഴിലില്ലാതായതോടെ സർക്കാർ കരുതലായി സൗജന്യ റേഷനും പഞ്ഞമാസ ആനുകൂല്യവും തൊഴിലാളികളുടെ കൈകളിലെത്തിയിരുന്നു. മത്സ്യത്തൊഴിലാളികൾക്ക്‌ 43കിലോ റേഷനരിയാണ്‌ സൗജന്യമായി നൽകിയത്‌. സർക്കാരിന്റെ സമ്പാദ്യ സമാശ്വാസ പദ്ധതിവഴി 1500 രൂപവീതം ജൂൺ, ജൂലൈ മാസത്തിൽ തൊഴിലാളികളുടെ ബാങ്ക്‌ അക്കൗണ്ടിലെത്തി. കപ്പൽ അപകടത്തെ തുടർന്ന്‌ മീൻപിടിത്തം തടസ്സപ്പെട്ടതോടെ തെക്കൻ ജില്ലകളിലെ മത്സ്യത്തൊഴിലാളികൾക്ക്‌ ആറുകിലോ അരിയും 1000രൂപയും ലഭിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home