ഭാരതാംബയുടെ പേരിൽ ആശാനാഥ്; കാപ്പ കേസ് പ്രതിയും ചട്ടംലംഘിച്ചു; സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട ബിജെപി കൗൺസിലർമാർ ഇവർ

ആർ സുഗതന്, ജി എസ് ആശാനാഥ്
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ ചട്ടംലംഘിച്ച് സത്യപ്രതിജ്ഞ ചെയ്തവരിൽ ഉൾപ്പെട്ടിട്ടുള്ളത് ബിജെപിയുടെ മുൻനിര നേതാക്കൾ. 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞയാണ് ചട്ടലംഘനമെന്ന് കണ്ടെത്തി ഹൈക്കോടതി അസാധുവാക്കിയത്. ചട്ടലംഘനം ചൂണ്ടിക്കാട്ടി എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് എസ് പി ദീപക് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിലുള്ള സത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. 20 കൗൺസിലർമാരും നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ബിജെപിയിലെ 20 അംഗങ്ങൾ ബലിദാനി, കാവിലമ്മ, തിരുവല്ലം പരശുരാമൻ, ഭാരതാംബ അടക്കമുള്ള നാമങ്ങളിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഡെപ്യൂട്ടി മേയർ ജി എസ് ആശാനാഥ് ഭാരതാംബയുടെ പേരിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കാപ്പ കേസിൽ ഉൾപ്പെട്ട വാഴോട്ടുകോണം കൗൺസിലർ ആർ സുഗതനും ചട്ടംലംഘിച്ചു. ചെമ്പഴന്തി ഉദയൻ, വിഷ്ണു മോഹൻ, വി എസ് സൂര്യ, എസ് കെ ശ്രീദേവി, പാപ്പനംകോട് സജി, ആർ സി ബീന, വയൽക്കര രതീഷ്, ആർ വിനോദ്, ഗോപകുമാർ, എസ് എസ് ശ്രുതി, വി ഗിരി, പി സരിത, ഹരികുമാർ, ദീപ എസ് നായർ, ഒ സുകന്യ, ജയ രാജീവ്, എസ് എസ് സുനിൽ, അഡ്വ. പി എസ് മിനി- എന്നിവരുടെ സത്യപ്രതിജ്ഞയും അസാധുവാക്കപ്പെട്ടു.
സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട ബിജെപി കൗൺസിലർമാരുടെ പട്ടിക
വധശ്രമക്കേസ് ഉൾപ്പെടെ 19 ക്രിമിനൽകേസുകളിൽ പ്രതിയാണ് സുഗതൻ. ജയിലിൽ കഴിയുന്ന സുഗതനെ പുറത്താക്കണെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നിലവിൽ പ്രക്ഷോഭത്തിലാണ്. കൗൺസിൽ യോഗങ്ങളിൽ സുഗതൻ തുടർച്ചയായി പങ്കെടുത്തിട്ടില്ല. മൂന്നാമത്തെ കൗൺസിൽ വിളിച്ചാൽ പങ്കെടുക്കാനാകാതെ സുഗതൻ അയോഗ്യനാക്കപ്പെടും. അതിനിടയിലാണ് സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട കോടതി ഉത്തരവും വന്നിരിക്കുന്നത്.
നിലവിൽ ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയിലാണ് കോർപറേഷനിൽ ബിജെപി ഭരണം.










0 comments