ദുബായിൽ ഡെലിവറി തൊഴിലാളികൾക്ക് ആശ്വാസം; ബസ്, മെട്രോ സ്റ്റേഷനുകളിൽ പുതിയ വിശ്രമകേന്ദ്രങ്ങൾ

പ്രതീകാത്മകചിത്രം
ദുബായ് : ഡെലിവറി തൊഴിലാളികൾക്ക് ആശ്വാസമായി നഗരത്തിലെ തെരഞ്ഞെടുത്ത ബസ്, മെട്രോ സ്റ്റേഷനുകളിൽ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുമെന്ന് ദുബായ് ആർടിഎ. യുഎഇയിലെ മധ്യാഹ്ന വേനൽ ഇടവേള സമയത്ത് റൈഡർമാർക്ക് സുരക്ഷിതമായ വിശ്രമ സൗകര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. ബസ് സ്റ്റേഷനുകളിൽ ഒരുക്കുന്ന വിശ്രമകേന്ദ്രങ്ങളിൽ യുഎഇ ഫുഡ് ബാങ്കിന്റെ സഹകരണത്തോടെ ചൂടുള്ള ഭക്ഷണവും ലഭ്യമാക്കും. ഗോൾഡ് സൂഖ്, അൽ സത്വ , അൽ ഖുസൈസ്, അൽ കരാമ ബസ് സ്റ്റേഷൻ സെന്റർപോയിന്റ്, ബുർജുമാൻ, ഇബ്നു ബത്തൂത്ത മെട്രോ സ്റ്റേഷനുകളും ഉൾപ്പെടെ എട്ട് പുതിയ സ്ഥലങ്ങളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ ദുബായിലെ മൊത്തം വിശ്രമകേന്ദ്രങ്ങളുടെ എണ്ണം 23 ആയി ഉയർന്നു. 2025നെ അപേക്ഷിച്ച് 53 ശതമാനത്തിന്റെ വർധനയാണിതെന്ന് അധികൃതർ വ്യക്തമാക്കി. ഡെലിവറി മേഖലയിലെ 18 ശതമാനം വർധനയ്‌ക്കനുസരിച്ച് സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കടുത്ത വേനൽച്ചൂടിൽ റൈഡർമാരുടെ സൗകര്യവും റോഡ് സുരക്ഷയും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജൂൺ 15 മുതൽ സെപ്തംബർ 15 വരെ പ്രാബല്യത്തിലുള്ള മധ്യാഹ്ന ഇടവേള നിയമപ്രകാരം പകൽ 12.30 മുതൽ മൂന്നുവരെ തുറസ്സായ സ്ഥലങ്ങളിലെ ജോലി നിരോധിച്ചിരിക്കുകയാണ്.










0 comments