വടക്കൻ ബാത്തിന മാമ്പഴോത്സവത്തിന് തുടക്കം

സൊഹാർ: വടക്കൻ ബാത്തിന ഗവർണറേറ്റിലെ സൊഹാർ വിലായത്തിൽ മാമ്പഴോത്സവം ആരംഭിച്ചു. ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽനിന്നുള്ള കർഷകരുടെ പങ്കാളിത്തത്തോടെ കൃഷി, മത്സ്യബന്ധനം, ജലവിഭവ ഡയറക്ടറേറ്റ് ജനറലുമായി സഹകരിച്ച് സൊഹാർ വാലി ഓഫീസാണ് മൂന്നുദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്. വടക്കൻ ബത്തിന ഗവർണർ മുഹമ്മദ് സുലൈമാൻ അൽകിണ്ടിയുടെ നേതൃത്വത്തിൽ ഉദ്ഘാടനം ചെയ്തു.
കാർഷിക മേഖലയെ പിന്തുണയ്ക്കുക, ഒമാനി മാമ്പഴവിളയുടെ നിലവാരം ഉയർത്തുക, കർഷകരെയും ഉൽപ്പാദനക്ഷമമായ കുടുംബങ്ങളെയും വിപണനത്തിന് പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് ഈ ആഘോഷമെന്ന് സൊഹാറിലെ വാലി ഷെയ്ഖ് സൗദ് മുഹമ്മദ് അൽ ഹിനായ് വിശദീകരിച്ചു. പുതിയ ഇനം ഈത്തപ്പഴം റുതബ്, മുന്തിരി, വാഴപ്പഴം, അത്തിപ്പഴം, നാരങ്ങ എന്നിവയുൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളും വിളകളും പ്രദർശിപ്പിക്കുന്നതിന് 45 പവിലിയനുകൾ ഇതിൽ ഉൾപ്പെടുന്നു.
ഫലവൃക്ഷങ്ങളുടെ ഉൽപ്പാദനവും അവ വികസിപ്പിക്കാനുള്ള വഴികളും കാർഷിക വിളകളെ ബാധിക്കുന്ന കീടങ്ങളും രോഗങ്ങളും അവയെ ചെറുക്കാനുള്ള രീതികളും മാമ്പഴ ഇനങ്ങൾ, തരങ്ങൾ, അവയുടെ കാർഷിക, ഉൽപാദന സവിശേഷതകൾ എന്നിവ അവലോകനം ചെയ്യുന്നതും ഇതിൽ ഉൾപ്പെടുന്നു. മാമ്പഴം, അത്തിപ്പഴം, മറ്റ് കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുടെ കൃഷി അനുഭവങ്ങൾ അവതരിപ്പിക്കുന്നതും ആഘോഷത്തിന്റെ പരിപാടിയിൽ ഉൾപ്പെടുന്നു.










0 comments