ad
Deshabhimani

മേയർ നോക്കിനിൽക്കേ ശുചീകരണ തൊഴിലാളി മാൻഹോളില്‍ വീണു; മുംബൈയിൽ നാശം വിതച്ച് കനത്ത മഴ

MUMBAI MANHOLE
വെബ് ഡെസ്ക്

Published on Jun 24, 2026, 02:43 PM | 2 min read

മുംബൈ: കനത്ത മഴയെത്തുടർന്ന് മുംബൈ നഗരത്തിൽ ജനജീവിതം സ്തംഭിച്ച സാഹചര്യത്തിൽ, സ്ഥിതിഗതികൾ വിലയിരുത്താൻ നേരിട്ടിറങ്ങിയ മേയറുടെ കണ്ണുമുന്നിൽ വെച്ച് ശുചീകരണ തൊഴിലാളി മാൻഹോളിലേക്ക് വീണു. ദാദറിൽ ഇന്ന് രാവിലെയാണ് സംഭവം. മുംബൈ മേയർ റിതു താവ്‌ഡെ പ്രദേശം സന്ദർശിക്കുന്നതിനിടയിലാണ് ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷനിലെ ഒരു തൊഴിലാളി ഓടയിൽ വീണത്. ഓടയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി മൂടി മാറ്റിയിരുന്ന ഭാഗത്തേക്കാണ് തൊഴിലാളി കാൽ തെറ്റി വീണത്.


ചൊവ്വാഴ്ചയോടെ മുംബൈയിൽ എത്തിയ തെക്കുപടിഞ്ഞാറൻ മൺസൂൺ നഗരത്തിൽ കടുത്ത നാശനഷ്ടമാണ് ഉണ്ടാക്കുന്നത്. മിക്കയിടങ്ങളിലും വെള്ളപ്പൊക്കവും കനത്ത ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. കൊളാബ, സാന്താക്രൂസ് തുടങ്ങിയ ഇടങ്ങളിൽ 200 മില്ലിമീറ്ററിലധികം റെക്കോർഡ് മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ ലഭിച്ചത്. വിക്രോളിയിൽ കനത്ത മഴയിൽ മതിൽ തകരുകയും, മറ്റൊരു സ്ഥലത്ത് മരം വീണ് കാർ തകരുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു.


മഴക്കെടുതിക്ക് പിന്നാലെ മുംബൈയിൽ രാഷ്ട്രീയ പോരും മുറുകിയിരിക്കുകയാണ്. ഭരണകക്ഷിയായ മഹായുതി സഖ്യം ഭരണത്തേക്കാൾ രാഷ്ട്രീയ ലാഭത്തിനാണ് മുൻഗണന നൽകുന്നതെന്ന് ശിവസേന നേതാവ് ആദിത്യ താക്കറെ കുറ്റപ്പെടുത്തി. ബിഎംസിയുടെ ഫണ്ടുകൾ സർക്കാർ ധൂർത്തടിച്ചെന്നും മഴവെള്ളം സംഭരിക്കാനുള്ള ടാങ്കുകൾ ശരിയായി പ്രവർത്തിപ്പിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.



ചൊവ്വാഴ്ച രാത്രി മുതൽ പെയ്യുന്ന അതിശക്തമായ മഴയിൽ മുംബൈ നഗരം പൂർണ്ണമായി വലഞ്ഞിരിക്കുകയാണ്. റോഡുകൾ വെള്ളത്തിനടിയിലാവുകയും മരങ്ങൾ വീണ് പലയിടങ്ങളിലും കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തതോടെ ജനജീവിതം ദുസ്സഹമായി. നഗരത്തിന്റെ പല ഭാഗങ്ങളിലും 200 മില്ലിമീറ്ററിലധികം മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ മാത്രം ലഭിച്ചത്. ചൊവ്വാഴ്ച രാത്രി 8:30 നും ബുധനാഴ്ച രാവിലെ 5:30 നും ഇടയിൽ രാം മന്ദിർ, കൊളാബ, സാന്താക്രൂസ് എന്നീ മൂന്ന് സ്റ്റേഷനുകളിൽ അതിശക്തമായ മഴ രേഖപ്പെടുത്തി. കൊളാബയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് (247.8 മി.മീ), രാം മന്ദിറിൽ 238 മി.മീറ്ററും സാന്താക്രൂസിൽ 224.8 മി.മീറ്ററും മഴ രേഖപ്പെടുത്തിയിട്ടുണ്ട്.


സാധാരണ ലഭിക്കേണ്ടതിനേക്കാൾ രണ്ടാഴ്ചയോളം വൈകിയെത്തിയ കാലവർഷം കനത്ത നാശനഷ്ടങ്ങളാണ് നഗരത്തിൽ വിതയ്ക്കുന്നത്. മഴയെത്തുടർന്ന് വിക്രോളി വെസ്റ്റിലെ ഒരു കെട്ടിടത്തിന് സമീപമുള്ള മതിൽ തകർന്നു വീണു. മറ്റൊരു അപകടത്തിൽ മരം കാറിന് മുകളിലേക്ക് വീണ് വാഹനം തകരുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു. കനത്ത മഴ റെയിൽവേ സർവീസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. പലയിടങ്ങളിലും ട്രാക്കുകളിൽ വെള്ളം കയറിയതോടെ ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.


നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പമ്പുകൾ ഉപയോഗിച്ച് വെള്ളം അടിച്ചു കളയാൻ ബി.എം.സി ഉദ്യോഗസ്ഥർ രംഗത്തുണ്ട്. നിലവിൽ ചിലയിടങ്ങളിൽ വെള്ളം ഇറങ്ങിയിട്ടുണ്ടെന്നും ഗതാഗതം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുംബൈയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home