യാത്രക്കാരെ വലച്ച് ബംഗളൂരുവില്‍ മെട്രോ സർവീസ് പെട്ടെന്ന് നിലച്ചു; സോഷ്യല്‍മീഡിയയില്‍ രൂക്ഷ വിമര്‍ശനം

image: ndtv
ബംഗളൂരു : സാങ്കേതിക തകരാറിനെ തുടർന്ന് ബംഗളൂരു മെട്രോ സർവീസ് പെട്ടെന്ന് നിലച്ചതോടെ നഗരത്തിൽ കുടുങ്ങി ആയിരക്കണക്കിന് യാത്രക്കാർ.
ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയാണ് പെട്ടെന്നുണ്ടായ സർവീസ് തടസം യാത്രക്കാരെ വലച്ചത്. പർപ്പിൾ ലൈനിലെ കബൺ പാർക്ക് അണ്ടർഗ്രൗണ്ട് സ്റ്റേഷനിൽവെച്ചാണ് സാങ്കേതിക തകരാർ സംഭവിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. തുടർന്ന് എംജി റോഡിനും മാഗഡി റോഡിനും ഇടയിലുള്ള സുപ്രധാന ഭൂഗർഭ സർവീസുകൾ നിർത്തിവെച്ചതായി ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. ജോലി കഴിഞ്ഞെത്തിയ നിരവധി പേരാണ് മണിക്കൂറുകളോളം സ്റ്റേഷനിൽ കാത്തുനിന്നത്.
യാത്രാസൗകര്യമില്ലാതായതോടെ യാത്രക്കാർ ലോറികളിലും ട്രക്കുകളിലും കയറിപോകുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. കൂടാതെ, ടാക്സി സർവീസുകളും ഓട്ടോറിക്ഷകളും അമിത നിരക്ക് ഈടാക്കുകയും ചെയ്തു. പ്രതിസന്ധി പരിഹരിക്കാനായി ബിഎംആർസിഎൽ ഷോർട്ട്ലൂപ് സർവീസുകൾ ഓപ്പറേറ്റ് ചെയ്തുവെങ്കിലും കാര്യമുണ്ടായില്ല. ബുധനാഴ്ച രാവിലെയാണ് ഈ റൂട്ടിൽ മെട്രോ സർവീസ് പുനരാരംഭിച്ചത്.
അതേസമയം, ഇത്തരമൊരു സാഹചര്യത്തെ നേരിടാനുള്ള നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ സംസ്ഥാന സർക്കാരിനെതിരെ വലിയ വിമർശനം ഉയരുകയാണ്.










0 comments