ad
Deshabhimani

പരിസ്ഥിതി ലോല മേഖല

ജനവാസ പ്രദേശങ്ങളെ പട്ടികയിലുൾപ്പെടുത്തുന്ന നീക്കം കേന്ദ്രം പിൻവലിക്കണം: സിപിഐ എം

cpim flag statement
വെബ് ഡെസ്ക്

Published on Jun 24, 2026, 04:31 PM | 2 min read

തിരുവനന്തപുരം: പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌. ഈ പ്രദേശങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന കേരളത്തിന്റെ ശുപാർശ ആവശ്യമായ പരിശോധന പോലും നടത്താതെ കേന്ദ്ര സർക്കാരിന്റെ വിദഗ്‌ധ സമിതി തള്ളുകയായിരുന്നു. അനങ്ങാപ്പാറ നയം ഉപേക്ഷിച്ച്‌, കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തെ ഗൗരവമായി സമീപിക്കാനും അടിയന്തര ഇടപെടല്‍ നടത്താനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. മലയോര ജനതയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്‌ത്താനുള്ള ഏത്‌ നീക്കത്തെയും പ്രതിരോധിക്കാന്‍ രംഗത്തിറങ്ങുമെന്നും സിപിഐ എം പ്രസ്താവനയിൽ അറിയിച്ചു.


ഇടുക്കി, വയനാട് ജില്ലകളിലെ 31 വില്ലേജുകളെ പൂർണ്ണമായും (ഇതിൽ 28 എണ്ണവും ഇടുക്കിയിലാണ്), മറ്റ് ജില്ലകളിലെ 92 വില്ലേജുകളെ ഭാഗികമായും ഒഴിവാക്കാനായിരുന്നു ശുപാർശ. വനമേഖലയെ മാത്രം പരിസ്ഥിതി ലോല പരിധിയിൽ നിലനിർത്താനാണ് എൽഡിഎഫ് സർക്കാർ ആവശ്യപ്പെട്ടത്. ജില്ലാ കളക്ടർ ചെയർമാനായുള്ള ജില്ലാതല സ്ക്രൂട്ടിണി കമ്മിറ്റി വിശദമായ പഠനം നടത്തുകയും കാർഷിക മേഖലയിലെ ജനങ്ങളുടെ അഭിപ്രായം പരിഗണിക്കുകയും ചെയ്താണ് ഈ ശുപാർശ തയ്യാറാക്കിയത്. എന്നാൽ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. കസ്തൂരിരംഗൻ സമിതി ശുപാർശയിൽ സംസ്ഥാനങ്ങളുമായി സമവായമുണ്ടാക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതിയാണ് കേരളത്തിന്റെ നിർദേശം തള്ളിയത്. ആവശ്യമായ പരിശോധനകളോ ഫീൽഡ് സർവേയോ പോലും നടത്താതെയാണ് സമിതിയുടെ ഏകപക്ഷീയമായ ഈ തീരുമാനമെന്നത് ഗൗരവതരമായ വിഷയമാണ്.


ജനവാസ കേന്ദ്രങ്ങൾ, കൃഷിഭൂമി, തോട്ടങ്ങൾ എന്നിവ ഉൾപ്പെട്ട 123 വില്ലേജുകളിലെ 4,548 ചതുരശ്ര കിലോമീറ്റർ ഭൂമി പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. വനഭൂമി കാത്തുസൂക്ഷിക്കുകയും പരിസ്ഥിതി സംരക്ഷിക്കുകയും ചെയ്യുമ്പോള്‍ തന്നെ, ജനങ്ങളുടെ ഭൂമിയും അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നുവെന്നും ഉറപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ ഈ നീക്കം. ഇങ്ങനെ വരുമ്പോള്‍ 31 വില്ലേജുകള്‍ പൂര്‍ണമായും പരിസ്ഥിതി ലോല മേഖലയില്‍ നിന്ന്‌ ഒഴിവാക്കപ്പെടുമായിരുന്നു. ഇതില്‍ 28 എണ്ണവും ഇടുക്കിയിലാണ്‌. ഈ നിര്‍ദേശങ്ങളാണ്‌ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്‌ധ സമിതി തള്ളിയത്. കേന്ദ്ര നിർദേശം അതേപടി നടപ്പിലായാൽ മലയോര മേഖലയിലെ 45 ലക്ഷത്തോളം ജനങ്ങളെ അത് പ്രതികൂലമായി ബാധിക്കും.


ഈ പ്രദേശങ്ങൾ പരിസ്ഥിതി ലോലമായാൽ വീടുകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ, സർക്കാർ ഓഫീസുകൾ, ആരാധനാലയങ്ങൾ എന്നിവ പൊളിച്ചുനീക്കേണ്ടി വരും.പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ആവശ്യങ്ങൾക്കും പൂർണ്ണ നിരോധനമുണ്ടാകും. തലമുറകളായി അവിടെ കൃഷി ചെയ്ത് ജീവിക്കുന്ന ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാകും. ഇവിടുത്തെ ജനങ്ങളുടെ സുഗമമായ ജീവിതം ഉറപ്പാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ ബാധ്യതയുണ്ട്‌. മലയോരജനതയ്‌ക്ക്‌ മേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുമെന്നും സംസ്ഥാന സെക്രട്ടറിയറ്റ്‌ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home