വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ്: യുഡിഎഫ് സർക്കാരിന്റേത് അഴിമതിയും കർഷക ദ്രോഹവും: തോമസ് ഐസക്

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടനയിൽ വരുത്തിയ മാറ്റങ്ങൾ വൻ അഴിമതിയും കർഷക ദ്രോഹവുമാണെന്ന് മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. നികുതി കുറയ്ക്കാനുള്ള നിലവിലെ ബജറ്റ് തീരുമാനം വലിയ തോതിലുള്ള ജനകീയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിൽ ഈ നികുതി ഇളവ് ഫിനാൻസ് ബില്ലിൽ ഉൾപ്പെടുത്തുമോ എന്ന് പോലും അറിയാത്ത അനിശ്ചിതത്വത്തിലാണ് സർക്കാർ. ഒരു സംസ്ഥാന ബജറ്റിനും ഇത്തരമൊരു ദുര്യോഗം ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കർഷകർക്ക് തങ്ങളുടെ പഴവർഗ്ഗങ്ങളിൽ നിന്ന് പാനീയങ്ങളുണ്ടാക്കി അധിക വരുമാനം കണ്ടെത്താനുള്ള അവസരം ഒരുക്കുന്നതിന് പകരം, ബിയറും വൈനുമല്ലാത്ത വീര്യം കുറഞ്ഞ വിദേശ മദ്യങ്ങൾക്ക് തന്റെ ആദ്യ ബജറ്റിൽ തന്നെ നികുതി നിരക്ക് നിശ്ചയിച്ചു നൽകുകയാണ് വിഡി സതീശൻ ചെയ്തത്. അതുവഴി കർഷകരെ ദ്രോഹിക്കുകയാണ് യുഡിഎഫ് സർക്കാർ. 'ബക്കാഡി' പോലുള്ള വൻകിട സ്വകാര്യ കമ്പനികൾക്ക് കേരളത്തിലെ കർഷകരുടെ മാർക്കറ്റ് തീറെഴുതിക്കൊടുത്ത നടപടിക്ക് പിന്നിൽ വലിയ അഴിമതിയുണ്ടെന്നും ഫിനാൻസ് ബില്ല് വരുമ്പോൾ മുഖ്യമന്ത്രി ഇതിൽ കൃത്യമായ തീരുമാനം എടുക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.
'നിയമസഭയിൽ വെച്ച് "എനിക്ക് എന്ത് കിട്ടി?" എന്ന് ചോദിക്കുന്ന വി ഡി സതീശൻ മുൻകാല വസ്തുതകൾ മറച്ചുവെച്ചാണ് സംസാരിക്കുന്നത്. 2019-ലെ ബജറ്റിൽ വിദേശ മദ്യത്തിന്റെ നികുതി കുറച്ചത് വലിയ അഴിമതിയാണെന്ന സതീശന്റെ വാദം തികച്ചും തെറ്റാണ്. 2018-19 വരെ വിദേശ നിർമ്മിത വിദേശ മദ്യം കേരളത്തിലേക്ക് നേരിട്ട് ഇറക്കുമതി ചെയ്ത് സ്റ്റാർ ഹോട്ടലുകളിൽ ഉൾപ്പെടെ വിൽക്കുന്ന സ്വകാര്യ കുത്തക സമ്പ്രദായം ഉണ്ടായിരുന്നു. അന്ന് ആ ബജറ്റിലൂടെ ആ കുത്തക അവസാനിപ്പിച്ച്, ഇറക്കുമതി ചെയ്യുന്ന മദ്യത്തിന്റെ വിതരണാവകാശം ബിവറേജസ് കോർപ്പറേഷന് (ബെവ്കോ) മാത്രമാക്കി മാറ്റി പൊതുമേഖലയെ സംരക്ഷിക്കുകയാണ് ചെയ്തത്. ആ സമയത്ത് 150 ശതമാനം കസ്റ്റംസ് ഡ്യൂട്ടിക്കൊപ്പം 250 ശതമാനം വിൽപ്പന നികുതി കൂടി ചേർന്നപ്പോൾ വലിയ വിലയാവുകയും വിപണിയിലെ വിൽപന അസാധ്യമാവുകയും ചെയ്യുന്ന സാഹചര്യം വന്നു. കസ്റ്റംസ് ഡ്യൂട്ടി നിലനിൽക്കുന്നതിനാലാണ് അന്ന് സംസ്ഥാന വിൽപ്പന നികുതി 210 ശതമാനത്തിൽ നിന്ന് 78 ശതമാനമായി കുറച്ചത്. അപ്പോഴും ഇത് സാധാരണ വിൽപ്പന നികുതിയേക്കാൾ കൂടുതലായിരുന്നു. മാത്രമല്ല, ഇന്ത്യൻ നിർമിത വിദേശ മദ്യത്തേക്കാൾ കുറഞ്ഞ വിലയിൽ ഇവ വിൽക്കാതിരിക്കാൻ 9 ലിറ്ററിന്റെ കേസിന് 6000 രൂപ അടിസ്ഥാന വില നിശ്ചയിക്കുകയും പ്രൂഫ് ലിറ്ററിന് 87.70 പൈസ അധികമായി ഏർപ്പെടുത്തുകയും ചെയ്തു. ഇതിലൂടെ 80 കോടി രൂപ ഖജനാവിലേക്ക് അധികമായി ലഭിക്കുകയാണ് ചെയ്തത്. അന്ന് സഭയിൽ ചോദ്യങ്ങൾക്കൊന്നും മുതിരാതെ, ഇപ്പോൾ വി ഡി സതീശൻ വെപ്രാളം കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം' - തോമസ് ഐസക് പറഞ്ഞു.
ഇടതുപക്ഷം സ്വകാര്യ മൂലധനത്തിന് എതിരല്ല, എന്നാൽ പൊതുമേഖലയെ തകർക്കുന്ന 'സ്വകാര്യവൽക്കരണത്തിന്' പൂർണ്ണമായും എതിരാണെന്ന് തോമസ് ഐസക് വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷമായി കേരളത്തിൽ സ്വകാര്യ നിക്ഷേപം വർദ്ധിപ്പിക്കാൻ 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്' മെച്ചപ്പെടുത്തിയതിന്റെ ഫലമായാണ് രാജ്യാന്തര റാങ്കിംഗിൽ കേരളം 22-ാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്ത് എത്തിയത്. ഇത് സ്വകാര്യ മൂലധനത്തെ ആകർഷിക്കാൻ വേണ്ടിയുള്ളതായിരുന്നു. കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ ധാതുമേഖല മുഴുവൻ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുമ്പോൾ, ലക്ഷക്കണക്കിന് ജനങ്ങൾ താമസിക്കുന്ന കേരളത്തിലെ തീരപ്രദേശങ്ങളിൽ സാമൂഹിക നിയന്ത്രണമില്ലാതെ ഖനനം നടത്താൻ എൽഡിഎഫ് അനുവദിക്കില്ല. അതുകൊണ്ടാണ് എൽഡിഎഫ് ബജറ്റിൽ കെഎംഎംഎൽ (KMML), കെൽട്രോൺ, ഹൈദരാബാദിലെ നോൺ ഫോസ്ഫറസ് മെറ്റീരിയൽ ടെക്നോളജി സെന്റർ എന്നീ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങൾ ചേർന്ന് മാസ്റ്റർ പ്ലാൻ ഉണ്ടാക്കി ഖനന മേഖല വികസിപ്പിക്കാൻ തീരുമാനിച്ചത്.
ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് കൊണ്ടുവരുമ്പോൾ സർക്കാർ ഭൂമിയും കെട്ടിടം പണിയാനുള്ള പണവും നൽകുകയും, എന്നാൽ അതിന്റെ നടത്തിപ്പ് ഒരു ചാരിറ്റബിൾ സൊസൈറ്റിക്ക് നൽകുകയും ചെയ്യുന്ന യുഡിഎഫ് സർക്കാരിന്റെ രീതിയാണ് യഥാർഥ സ്വകാര്യവൽക്കരണമെന്നും അത്തരം പണികൾ കേരളത്തിൽ സമ്മതിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വി ഡി സതീശന്റെ പുതിയ ബജറ്റിൽ വരുമാനം കണ്ടെത്താനുള്ള ഒരു മാർഗ്ഗവുമില്ല. വായ്പ എടുക്കാൻ പാടില്ലെന്ന സിദ്ധാന്തം പറയുന്നതു കൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് കാശാക്കാനായിരിക്കും ഇനി അവരുടെ പരിപാടിയെന്നും എന്നാൽ ആ പണി കേരളത്തിൽ നടക്കില്ല എന്ന് ഈ ബജറ്റ് അവതരണം കൊണ്ട് തന്നെ ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്നും ഐസക് പറഞ്ഞു. ബജറ്റിൽ പറഞ്ഞ പല കാര്യങ്ങളും തിരുത്തിപ്പറയാൻ മുഖ്യമന്ത്രി വി ഡി സതീശൻ ഇപ്പോൾ നിർബന്ധിതനായിരിക്കുകയാണെന്നും തോമസ് ഐസക് വ്യക്തമാക്കി.










0 comments