ad
Deshabhimani

അമൃത്‌സറിൽ ഇറങ്ങുന്നതിനിടെ പാകിസ്താൻ വ്യോമപരിധിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Air India.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 24, 2026, 06:30 PM | 1 min read

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് അമൃത്‌സറിലേക്ക് പോയ എയർ ഇന്ത്യ വിമാനം നിയന്ത്രണരേഖ മറികടന്ന് പാകിസ്താൻ വ്യോമപരിധിയിൽ പ്രവേശിച്ചു. തിങ്കളാഴ്ച (ജൂൺ 22) രാത്രിയായിരുന്നു സംഭവം. അമൃത്‌സർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായി വിമാനം വട്ടമിട്ടു പറക്കുന്നതിനിടെയാണ് അബദ്ധത്തിൽ അതിർത്തി ലംഘിച്ചതെന്ന് എയർ ഇന്ത്യ സ്ഥിരീകരിച്ചു.


എയർ ഇന്ത്യയുടെ AI479 വിമാനമാണ് ഇത്തരത്തിൽ പാക് വ്യോമപരിധിയിലേക്ക് കടന്നത്. സാങ്കേതിക തകരാറുകളെ തുടർന്നാണ് വിമാനത്തിന് റൂട്ട് മാറിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ വ്യോമയാന നിയന്ത്രണ ഏജൻസികൾക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും എയർ ഇന്ത്യ വക്താവ് അറിയിച്ചു.


തിങ്കളാഴ്ച ഡൽഹിയിൽ നിന്ന് അമൃത്‌സറിലേക്ക് സർവീസ് നടത്തിയ എഐ479 വിമാനത്തിലെ ജീവനക്കാർക്ക് അമൃത്‌സർ വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ടു പറക്കുന്നതിനിടെ ചെറിയ തോതിൽ പാകിസ്താൻ വ്യോമപരിധിയിലേക്ക് പ്രവേശിക്കേണ്ടി വന്നു.


വിഷയം ഔദ്യോഗികമായി റഗുലേറ്ററി അതോറിറ്റികളെ അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് കമ്പനി എപ്പോഴും മുൻഗണന നല്കുന്നതെന്നുമാ ധികൃതർ അറിയിച്ചു. അമൃത്‌സർ വിമാനത്താവളത്തിന് സമീപം വെച്ച് വിമാനം അതിർത്തി കടന്നയുടൻ ലാഹോർ എയർ ട്രാഫിക് കൺട്രോൾ ഇന്ത്യൻ എടിസിക്ക് മുന്നറിയിപ്പ് നൽകി.


അന്താരാഷ്ട്ര പ്രോട്ടോക്കോൾ അനുസരിച്ച് ഇരുരാജ്യങ്ങളിലെയും എടിസികൾ തമ്മിൽ ഏകോപിപ്പിച്ച് വിമാനത്തെ ഉടൻ തന്നെ ഇന്ത്യൻ വ്യോമപരിധിയിലേക്ക് തിരികെ പ്രവേശിപ്പിക്കുകയായിരുന്നു. അമൃത്‌സറിലെ മോശം കാലാവസ്ഥയും എയർ ട്രാഫിക് തിരക്കും കാരണം വിമാനത്തിന് അവിടെ ഉടൻ ലാൻഡ് ചെയ്യാൻ സാധിച്ചില്ല.


തുടർന്ന് നിയന്ത്രണ മുറിയുടെ നിർദ്ദേശപ്രകാരം വിമാനം തിരികെ ഡൽഹിയിലേക്ക് തന്നെ തിരിച്ചുവിട്ടു. ഡൽഹിയിൽ സുരക്ഷിതമായി ഇറക്കിയ ശേഷം സാങ്കേതിക പരിശോധനകളും ഇന്ധനം നിറയ്ക്കലും പൂർത്തിയാക്കി ചൊവ്വാഴ്ച പുലർച്ചെ 2:20ഓടെയാണ് വിമാനം അമൃത്‌സറിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്. നിശ്ചിത സമയത്തിലും നാല് മണിക്കൂറോളം വൈകിയാണ് വിമാനം ലക്ഷ്യസ്ഥാനത്തെത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home