ad
Deshabhimani

ബ്ലഡ് പ്ലാസ്മയിൽ മായം; മുഖ്യസൂത്രധാരനടക്കം നാലുപേര്‍ പിടിയില്‍

fake blud plasma
വെബ് ഡെസ്ക്

Published on Jun 24, 2026, 03:39 PM | 1 min read

അഹമ്മദാബാദ്: ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് വിതരണം ചെയ്യുന്ന ബ്ലഡ് പ്ലാസ്മ ബാഗുകളിൽ വ്യാപകമായി മായം ചേർത്തിരുന്ന വൻ മാഫിയ സംഘത്തെ അഹമ്മദാബാദ് റൂറൽ പൊലീസ് പിടികൂടി. സംഭവത്തിൽ തട്ടിപ്പിന്റെ സൂത്രധാരനടക്കം നാല് പേരെ അറസ്റ്റ് ചെയ്തു. ചാംഗോദറിലെ ഒരു പ്രമുഖ മരുന്ന് നിർമ്മാണ കമ്പനിയിലേക്ക് കൊണ്ടുപോകുന്ന ജീവൻരക്ഷാ മരുന്നുകളിലാണ് പ്രതികൾ വലിയ തോതിൽ കൃത്രിമം കാണിച്ചിരുന്നത്.


ബനസ്കന്ത സ്വദേശിയായ ദിനേഷ്ഭായ് ഉമാഭായ് ചൗധരിയാണ് തട്ടിപ്പിന്റെ പ്രധാന ആസൂത്രകൻ. മുൻപ് ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ ബ്ലഡ് പ്ലാസ്മ കളക്ഷൻ എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന ഇയാൾക്ക് പ്ലാസ്മ ശേഖരണവുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങൾ വ്യക്തമായി അറിയാമായിരുന്നു. ഇത് മുതലെടുത്താണ് ഇയാൾ പ്ലാസ്മ കൊണ്ടുപോകുന്ന വാഹനത്തിലെ ഡ്രൈവറായ ജിതേന്ദ്ര സോളങ്കി, സഹായി റഫീഖ് ഖലീഫ എന്നിവരെ കൂട്ടുപിടിച്ച് തട്ടിപ്പ് നടത്തിയത്. പിന്നീട് മഹാരാഷ്ട്രയിൽ നിന്നുള്ള മോഹൻ ദാജിബ ഗെയ്ക്‌വാദ് എന്നയാളെയും അറസ്റ്റ് ചെയ്തു.


മഹാരാഷ്ട്രയിലെ വിവിധ രക്തബാങ്കുകളിൽ നിന്ന് ഉയർന്ന ഗുണനിലവാരമുള്ള പ്ലാസ്മ ശേഖരിച്ച് മരുന്ന് കമ്പനിയിലേക്ക് കൊണ്ടുപോകുന്ന സമയത്താണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. വണ്ടി പുറപ്പെടുമ്പോൾ തന്നെ ഡ്രൈവർമാർ വിവരം ദിനേഷ്ഭായിയെ അറിയിക്കും. കമ്പനിയിൽ എത്തിക്കുന്നതിന് തൊട്ടുമുൻപ് വണ്ടി ദിനേഷ്ഭായിയുടെ വീട്ടിലേക്ക് തിരിച്ചുവിടും. അവിടെവെച്ച് നല്ല പ്ലാസ്മ മാറ്റിയ ശേഷം, ആ സ്ഥാനത്ത് അളവ് ഒപ്പിക്കാനായി മായം ചേർത്ത വ്യാജ പ്ലാസ്മ ബാഗുകൾ വെക്കുകയായിരുന്നു ഇവരുടെ രീതി.


രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചാംഗോദർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. പ്രതികളിൽ നിന്ന് 11 ലക്ഷം രൂപയോളം വിലവരുന്ന 1,140 ബ്ലഡ് പ്ലാസ്മ യൂണിറ്റുകൾ, ഡീപ്പ് ഫ്രീസർ, കെമിക്കൽ കുപ്പികൾ, സീലിംഗ് മെഷീൻ, പ്ലാസ്മ ബാഗുകൾ, കടത്താൻ ഉപയോഗിച്ച വാഹനം എന്നിവയടക്കം 12 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ പൊലീസ് പിടിച്ചെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home